*പൊതുപരീക്ഷകള്‍ക്ക് ഒരുക്കങ്ങളായി; മാര്‍ച്ച് 5ന് തുടക്കം*
റിപ്പോർട്ട് :ബൈഷി കുമാർ
PRESS RELEASE KOLLAM 18.02.2026
*പൊതുപരീക്ഷകള്‍ക്ക് ഒരുക്കങ്ങളായി; മാര്‍ച്ച് 5ന് തുടക്കം*
എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. തയ്യാറെടുപ്പുകള്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. വേനല്‍ച്ചൂടില്‍ നിര്‍ജലീകരണം തടയാന്‍ പരീക്ഷാകേന്ദ്രങ്ങളില്‍ ശുദ്ധജലലഭ്യത ഉറപ്പാക്കണം. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് അടിയന്തര ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കണം. പരീക്ഷാകേന്ദ്രങ്ങളിലും ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും പൊലിസ് വിന്യാസമുണ്ടാകുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷ നടക്കുന്നത് മാര്‍ച്ച് 5 മുതല്‍ 30 വരെയാണ്. പരീക്ഷകളെല്ലാം രാവിലെ 9.30ന് തുടങ്ങും. കൊല്ലം (15390), കൊട്ടാരക്കര (7340), പുനലൂര്‍ (6210) എന്നീ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 28940 വിദ്യാര്‍ഥികളാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണ്‍-26308, പ്ലസ് ടു-29545 വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍-4500, പ്ലസ് ടു വിഭാഗത്തില്‍ 4000 പേരുമാണ് പരീക്ഷയെഴുതുക. പ്ലസ് വണ്‍ വിഭാഗത്തിന് ഉച്ചയ്ക്കും പ്ലസ്ടുവിനു രാവിലെയുമാണ് പരീക്ഷ.
വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് സേവനം ലഭിക്കാന്‍ 0471 2580717 നമ്പറിലും പൊതുപരീക്ഷയുമായി ബന്ധപെട്ട് വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹിത കോര്‍ഡിനേറ്റര്‍മാരുടെ കൗണ്‍സലിങ് സേവനം ലഭിക്കാന്‍ 1800 425 2844 ടോള്‍ ഫ്രീ നമ്പറിലും വിളിക്കാം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 422/2026)
*ആംബുലന്‍സ് ഡ്രൈവറെ അനുമോദിച്ചു*
ഇരവിപുരം കുന്നത്ത്കാവിന് സമീപം വീട്ടില്‍പ്രസവിച്ച അമ്മയെയും കുഞ്ഞിനേയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച ആംബുലന്‍സ് ഡ്രൈവര്‍ രാഹുലിനെ ജില്ലാ ശിശുക്ഷേമസമിതി അനുമോദിച്ചു. കുഞ്ഞിന്റെ കഴുത്തില്‍ ചുറ്റിയിരുന്ന പൊക്കിള്‍ക്കൊടി കൃത്യമായ രീതിയില്‍ മാറ്റിയതാണ് തുണയായത്. കുഞ്ഞിന് ആരാധ്യന്‍ എന്നാണ് പേരിട്ടത്. ജില്ലാ കലക്ടറാണ് ചേമ്പറില്‍ രാഹുലിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കിയത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ദേവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍. മനോജ് എന്നിവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 423/2026)
*സൂര്യാതാപം: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്*
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ചുവടെയുള്ള നിര്‍ദേശങ്ങള്‍ പാലിക്കണം.
-പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കണം.
-വെയിലത്ത് കുട വേണം.
-ധാരാളം വെള്ളം കുടിക്കണം.
-അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം.
-അമിതമായ ശാരീരികാധ്വാനം ഒഴിവാക്കണം.
-മുറികള്‍ക്കുള്ളില്‍ വായുസഞ്ചാരം വേണം.
-സണ്‍ഗ്ലാസുകള്‍ ഉപയോഗിച്ച് വെയിലത്തിറങ്ങാം
-കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്തരുത്.
-വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളില്‍ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
-അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
-സൂര്യാഘാതം ഉണ്ടായാല്‍ ഉടനടി വൈദ്യസഹായം തേടണം.
-വളര്‍ത്തുമൃഗങ്ങളെ തുറസായ ഇടങ്ങളിലാക്കരുത്
-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗവും ഗുണകരം. (പി.ആര്‍.കെ നമ്പര്‍ 424/2026)
*ദേശീയ സമ്പാദ്യ പദ്ധതി ജില്ലാതല സംഗമം 'ധനദീപ്തി 2026' 20ന്*
ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം 'ധനദീപ്തി 2026' ഫെബ്രുവരി 20 ന്. കൊട്ടാരക്കര സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് അധ്യക്ഷനാകും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡയറക്ടര്‍ ആര്‍.പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ക്കുള്ള പുരസ്‌കാരവിതരണം, 70 വയസ് കഴിഞ്ഞ ഏജന്റ്മാരെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.അജിത്കുമാര്‍, കൊല്ലം പോസ്റ്റ് ഓഫീസസ് സീനിയര്‍ സൂപ്രണ്ട് എം. ബിന്ദു, പത്തനംതിട്ട പോസ്റ്റ് ഓഫീസസ് സൂപ്രണ്ട് കെ. കെ വീന, ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ടി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പി.ആര്‍.കെ നമ്പര്‍ 425/2026)
*സംരംഭകര്‍ക്കായി ടെക്നോളജി ക്ലിനിക്ക് 19ന്*
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ആര്‍എഎംപി പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ടെക്നോളജി ക്ലിനിക്ക് സംഘടിപ്പിക്കും. ഫെബ്രുവരി 19ന് രാവിലെ 10ന് ആശ്രാമം കെ.എസ്.എസ്.ഐ.എ ഹാളില്‍ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്യും. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ സംരംഭകരുടെ പ്രവര്‍ത്തനരീതി മെച്ചപ്പെടുത്തല്‍, മികച്ച രീതിയില്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് സംരംഭകര്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സൗന്ദര്യസംരക്ഷണ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെപ്പറ്റിയാണ് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ കരകൗശല അവാര്‍ഡിന് ജില്ലാതലത്തില്‍ നിന്നും അര്‍ഹരായ കലാകാരന്മാരെ ചടങ്ങില്‍ അനുമോദിക്കും. സംസ്ഥാന-ജില്ലാ കൈത്തറി ചിത്രരചനാ മത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനവും നല്‍കും.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ അധ്യക്ഷനാകും. കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എം.ജവഹര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ ബിനു ബാലകൃഷ്ണന്‍, പി.പ്രഭാകുമാരി, ഐ.ജസിം, ഡെപ്യൂട്ടി രജിസ്ട്രാര്‍ ജോണ്‍ മാത്യു, എഡിഐഒ വി.ജയസാഗരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. (പി.ആര്‍.കെ നമ്പര്‍ 426/2026)
*കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറാകാം*
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം എസ് ഡബ്ല്യു. പട്ടികജാതി വിഭാഗക്കാരാകണം. പ്രായപരിധി: 21-35 വയസ്. കാലാവധി: ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം: 20,000 രൂപ. ചവറ, ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്കുകളുടെ പരിധിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കേണ്ടത്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0474 2794996. (പി.ആര്‍.കെ നമ്പര്‍ 427/2026)
*മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍*
മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ 2026-2027 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഇഎംഎസ് ഹാളില്‍ നടത്തി. പി സി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനവും കരട് പദ്ധതിരേഖയുടെ പ്രകാശനവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വര്‍ഗീസ് അധ്യക്ഷനായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജവാബ് റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഗായത്രി ദേവി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എസ് അനില്‍കുമാര്‍, എസ് യമുന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു ഗോപന്‍, ഷേര്‍ളി സത്യദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി സി റോസി തുടങ്ങിയവര്‍ പങ്കെടുത്തു. (പി.ആര്‍.കെ നമ്പര്‍ 428/2026)
*ടെന്‍ഡര്‍*
ചിറ്റുമല ഐ.സി.ഡി.എസിന്റെ 80 അങ്കണവാടികള്‍ക്ക് 2025-2026 വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2016 രൂപ. ഫെബ്രുവരി 27 വൈകിട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2585024. (പി.ആര്‍.കെ നമ്പര്‍ 429/2026)
*ഗതാഗത നിരോധനം*
കുമ്മിള്‍ തച്ചോണം റോഡില്‍ നവീകരണ പ്രവർത്തികള്‍ നടത്തേണ്ടതിനാല്‍ ഫെബ്രുവരി 20 മുതല്‍ രണ്ടു ദിവസത്തേക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. കുമ്മിളില്‍ നിന്നും തച്ചോണം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വട്ടത്താമര-തൊളിക്കുഴി -കല്ലറ റോഡ് വഴിയും തച്ചോണത്ത് നിന്നും കുമ്മിള്‍ പോകുന്ന വാഹനങ്ങള്‍ പുലിപ്പാറ- പാങ്ങോട് - കടയ്ക്കല്‍ റോഡ് വഴിയും പോകണമെന്ന് പി.ഡബ്ല്യൂ.ഡി ചടയമംഗലം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. (പി.ആര്‍.കെ നമ്പര്‍ 430/2026)
*ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ്*
വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷിക്കാം. 18 വയസ് പൂര്‍ത്തിയാകണം. അവസാന തീയതി മാര്‍ച്ച് അഞ്ച്. അപേക്ഷ ഫീസ് 100 രൂപ. ഫോണ്‍: 8589898962, 7012332456. (പി.ആര്‍.കെ നമ്പര്‍ 431/2026)
*ഡ്രൈവര്‍ കം മെക്കാനിക് ട്രേഡ്*
ചാത്തന്നൂര്‍ സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ഒന്നിന് 18 വയസ് തികയണം. എസ്എസ്എല്‍സി തോറ്റവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി മാര്‍ച്ച് അഞ്ച്. ഫോണ്‍: 6282840091, 7510875090. (പി.ആര്‍.കെ നമ്പര്‍ 432/2026)
*അഭിമുഖം*
വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ വര്‍ക്ക്‌ഷോപ്പ് കാല്‍ക്കുലേഷന്‍ ആന്‍ഡ് സയന്‍സ്, എഞ്ചിനീയറിങ് ഡ്രോയിങ്, എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയങ്ങളില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഫെബ്രുവരി 21 രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത: ബിബിഎ/എംബിഎ/ ഏതെങ്കിലും വിഷയത്തില്‍ മൂന്ന് വര്‍ഷം ഡിപ്ലോമ, ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍, എ.ഐ.സി.ടി.ഇ / യു.ജി.സി അംഗീകൃത കോളജില്‍ നിന്നും എഞ്ചിനീയറിങ് ബിരുദം. ഫോണ്‍: 8589898962, 7012332456. (പി.ആര്‍.കെ നമ്പര്‍ 433/2026)
*ഉന്നതി സ്‌കോളര്‍ഷിപ്പ്*
കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരിപഠനത്തിനായി നല്‍കുന്ന ഉന്നതി ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് 2026-2027 വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. http://odepc.kerala.gov.in/unnathi ലിങ്കില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. യോഗ്യത പരീക്ഷയില്‍ സര്‍വകലാശാല മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 55% മാര്‍ക്ക് നേടണം. പ്രായപരിധി 35 വയസ്. അപേക്ഷകര്‍ സര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആകരുത്. ഫോണ്‍: 0475 2222353. (പി.ആര്‍.കെ നമ്പര്‍ 434/2026)
*മത്സ്യകൃഷി പരിശീലനം*
കൊട്ടാരക്കര കില സിഎസ്ഇഡിയില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ സൗജന്യ മത്സ്യകൃഷി പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന് 7012644256. (പി.ആര്‍.കെ നമ്പര്‍ 435/2026)
*സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം;സെലക്ഷന്‍ ട്രയല്‍ 25ന്*
തിരുവനന്തപുരം വെള്ളായണിയിലുള്ള അയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2026-27 വര്‍ഷത്തെ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 25ന് രാവിലെ എട്ടിന് കൊട്ടാരക്കര സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. അഞ്ച്, 11 ക്ലാസുകളിലേക്കും നിലവില്‍ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലേക്കുമുള്ള സെലക്ഷന്‍ ട്രയലാണ് നടക്കുന്നത്. അത്ലറ്റിക്സ്, ഫുട്‌ബോള്‍, ജൂഡോ, റെസ്ലിംഗ്, ജിംനാസ്റ്റിക്‌സ് (ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍) ഇനങ്ങളിലാണ് സെലക്ഷന്‍. പട്ടികജാതി-പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ഥികളെ സ്‌കില്‍ടെസ്റ്റിന്റെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, മൂന്നു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണം. യാത്രാപ്പടി ലഭിക്കും. ഫോണ്‍: 7356075313, 9744786578. (പി.ആര്‍.കെ നമ്പര്‍ 436/2026)
*അപേക്ഷ ക്ഷണിച്ചു*
കുന്നന്താനം അസാപില്‍ സൗജന്യ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒ.ബി.സി വിഭാഗക്കാര്‍ക്കും കോട്ടയം ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ പട്ടികജാതി വിഭാഗക്കാര്‍ക്കുമാണ് അവസരം. യോഗ്യത: പ്ലസ് വണ്‍. സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഫോണ്‍: 9495999688, 7736925907. (പി.ആര്‍.കെ നമ്പര്‍ 437/2026)
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0