സർഗാത്മക വേദികൾ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 8, 2026 - 09:31
സർഗാത്മക വേദികൾ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

സർഗാത്മക വേദികൾ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

* ഐ.എച്ച്.ആർ.ഡി ടെക്നോ കൾച്ചറൽ ഫെസ്റ്റ് 'തരംഗ് 2K26' ഉദ്ഘാടനം ചെയ്തു

കലയും സാഹിത്യവും ഉൾചേരുന്ന സർഗാത്മക വേദികൾ ഇഴയടുപ്പമുള്ള മനുഷ്യബന്ധങ്ങൾ സൃഷ്ടിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ (എം.ടി.എച്ച്.എസ്.എസ്) കപ്രശ്ശേരിയിൽ സംഘടിപ്പിച്ച ഐ.എച്ച്.ആർ.ഡി ടെക്നോ കൾച്ചറൽ ഫെസ്റ്റ് 'തരംഗ് 2K26' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

യുവതലമുറയിലെ ഹിംസാത്മകമായ ചോദനകളെയും മൃഗീയ വാസനകളെയും സ്ഫുടം ചെയ്തെടുക്കാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കും. "അക്ഷരമാണ് ലഹരി, വായനയാണ് ലഹരി, സർഗ്ഗാത്മകതയാണ് ലഹരി എന്ന മുദ്രാവാക്യമാണ് നാം ഉയർത്തുന്നത്.

കുട്ടികളുടെ ഊർജ്ജത്തെ ശരിയായ ദിശയിലേക്ക് വഴി തിരിച്ചു വിടാനും വ്യക്തിത്വ രൂപീകരണത്തിനും ഇത്തരം വേദികൾ അത്യന്താപേക്ഷിതമാണ്. എല്ലാവരെയും ഉൾക്കൊള്ളാനുള്ള വിശാല മാനവികതയിലേക്ക് വളരാനും അത് സഹായിക്കും.

വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ മാത്രമല്ല, അവരുടെ നൂതന ആശയങ്ങളും അതുവഴി വികസിപ്പിച്ചെടുത്ത ഉൽപ്പന്നങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയായും 'തരംഗ്' മാറുന്നുണ്ട്. ക്യാമ്പസ് മതിലുകൾക്ക് പുറത്തുള്ള സാമൂഹിക പ്രശ്നങ്ങൾ കൂടി മനസ്സിലാക്കി പുതിയ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

1987-ൽ ഗ്രാമ- ഗ്രാമാന്തര മേഖലകളിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയിൽ പരിജ്ഞാനം നൽകാൻ ആരംഭിച്ച ഐ.എച്ച്.ആർ.ഡി ഇന്ന് 87 സ്ഥാപനങ്ങളുള്ള ബൃഹത്തായ പ്രസ്ഥാനമായി മാറിയത് കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാനമാണ്. കൊട്ടാരക്കരയിൽ ആരംഭിച്ച ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കും സോഹോ പോലുള്ള അന്താരാഷ്ട്ര കമ്പനികളുമായുള്ള സഹകരണവും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് മികച്ച ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ദേശീയ - സംസ്ഥാനതലത്തിൽ റിപ്പബ്ലിക് ദിനപരേഡിൽ പങ്കെടുത്ത വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. ഫെബ്രുവരി 7, 8 ദിവസങ്ങളിലാണ് തരംഗ് 2K26 എം.ടി.എച്ച്.എസ്.എസ് കപ്രശ്ശേരിയിൽ സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷനായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെർളി കപ്രശ്ശേരി, പഞ്ചായത്ത് അംഗങ്ങളായ ആർ.സുനിൽ കുമാർ, പ്രമോദ് കുമാർ, ചെങ്ങമനാട് സഹകരണസംഘം പ്രസിഡന്റ് എം.കെ അസീസ്, എം.ജി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ഡോ. എം.എസ് മുരളി, തരംഗ് കോർ കമ്മിറ്റി ചെയർമാൻ ഡോ. ഇ.എസ് ജയചന്ദ്രൻ, ഐ.എച്ച്.ആർ.ഡി അക്കാദമിക് പ്രോജക്ട് കോ ഓഡിനേറ്റർ ഡോ. പി. ലത, ടി.എച്ച്.എസ്.എസ് കോ ഓഡിനേറ്റർ ടി.കെ ആനന്ദക്കുട്ടൻ, എം.ഇ.സി ഡീൻ ഡോ. വി.ജി രാജേഷ്, പോളിടെക്നിക് സ്ട്രീം കോ ഓഡിനേറ്റർ ഒ.വി അശോകൻ, സി.എ.എസ് സ്ട്രീം കോ ഓഡിനേറ്റർ ഡോ. എസ്. സിന്ധു, സ്കൂൾ പ്രിൻസിപ്പാൾ സി. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0