*അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 8, 2026 - 09:29
*അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി*

*അക്ഷരങ്ങൾ തൊട്ട അതിജീവനം; മായയെ തേടി സാമൂഹ്യനീതി വകുപ്പ് മന്ത്രിയെത്തി, സ്നേഹത്തിന്റെ പുരസ്കാരവുമായി*

കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു.

35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുക്കാൻ മായയ്ക്ക് കഴിഞ്ഞിരുന്നില്ല.

തനിക്ക് നേരിട്ട് പുരസ്കാരം ഏറ്റുവാങ്ങാൻ ആഗ്രഹമുണ്ടെന്നും, അങ്കമാലിയിലോ സമീപത്തോ നടക്കുന്ന ഏതെങ്കിലും പരിപാടിയിൽ വെച്ച് പുരസ്കാരം നൽകാൻ കഴിയുമോ എന്ന് അഭ്യർത്ഥിച്ചുകൊണ്ട് മായ മന്ത്രിക്ക് കത്തെഴുതുകയായിരുന്നു. ഈ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി നേരിട്ട് മായയുടെ വസതിയിലെത്തി പുരസ്കാരം നൽകിയത്. പതിനായിരം രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്ന പുരസ്കാരം മന്ത്രി മായക്ക് കൈമാറി.

​ *"മായയുടെ സർഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നത്"- മന്ത്രി ഡോ. ആർ. ബിന്ദു*

വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ശയ്യാവലംബിയായി കഴിയുമ്പോഴും അതീവ സംവേദനക്ഷമതയോടെയും കരുത്തോടെയും കവിതകൾ രചിക്കുന്ന മായ ബാലകൃഷ്ണന്റെ സർഗ്ഗശേഷി അഭിനന്ദനാർഹമാണെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.​ ചരിത്രത്തിൽ ആദ്യമായാണ് ഭിന്നശേഷി വിഭാഗക്കാരുടെ സാഹിത്യ മത്സരങ്ങൾക്ക് പുരസ്കാരം നൽകുന്നതെന്നും, ആ പ്രഥമ പുരസ്കാരം മായയെപ്പോലൊരു പ്രതിഭയ്ക്ക് നേരിട്ട് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.

സർഗ്ഗശേഷിയുള്ള ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണത്തിനും അവരുടെ കഴിവുകൾ ജനസമക്ഷം അവതരിപ്പിക്കുന്നതിനും നിരവധിയായ വേദികൾ സൃഷ്ടിക്കാൻ സാമൂഹ്യനീതി വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

*​സ്വപ്നതുല്യം ഈ നിമിഷം - മായ ബാലകൃഷ്ണൻ*

സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം സ്വീകരിച്ച നിമിഷം ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണെന്ന് മായ ബാലകൃഷ്ണൻ പറഞ്ഞു. വിവിധ ഇടങ്ങളിൽ നിന്ന് പലതരത്തിലുള്ള ആദരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും, തന്റെ എഴുത്തിന് ലഭിക്കുന്ന ആദ്യത്തെ ഔദ്യോഗിക അംഗീകാരമാണിത്. മുമ്പും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു അവാർഡും നേരിട്ടുവാങ്ങാൻ കഴിഞ്ഞിട്ടില്ലായിരുന്നു. പ്രതിനിധികളെ അയച്ചോ അല്ലെങ്കിൽ പോസ്റ്റൽ ആയിട്ടോ ആയിരുന്നു പുരസ്കാരങ്ങൾ ലഭിച്ചിരുന്നത്. 

 സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരം നേരിട്ട് വാങ്ങാൻ കഴിയാത്തതിന്റെ വിഷമം എഴുതിയ കത്ത് പരിഗണിച്ച് മന്ത്രി തന്നെ നേരിട്ട് എത്തിയതിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് മായ പറഞ്ഞു. 

35 വർഷത്തോളമായി റുമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ മായ സാങ്കേതിക വിദ്യകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് സാഹിത്യ ലോകത്തേക്ക് കടക്കുന്നത്.

 തുടികൊട്ട്, നിഷ്കാസിതരുടെ ആരൂഢം, മണ്ണാങ്കട്ടേം കരിയിലേം എന്നീ കവിതാ സമാഹാരങ്ങളും നാലാംവിരലിൽ വിരിയുന്ന മായ, മായക്കാലം എന്നീ ആത്മകഥകളും വെള്ളപ്പൊക്കത്തിലെ പൂച്ച എന്ന ബാലകഥയും മായ രചിച്ചിട്ടുണ്ട്.

 അങ്കമാലി നായത്തോട് മായയുടെ വസതിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ അങ്കമാലി നഗരസഭ ചെയർ പേഴ്സൺ റീത്താപോൾ അധ്യക്ഷയായി. പ്രശസ്ത കവി രാവുണ്ണി മാഷ്, ഡോ അജയ് നാരായണൻ, വാർഡ് കൗൺസിലർ ഡെൻസി ടോണി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0