മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി*
റിപ്പോർട്ട് :ബൈഷി കുമാർ
മികച്ച ജില്ലാ കളക്ടര്‍ക്കുള്ള ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ് ആരോഗ്യ- വനിതാ- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്നും ജില്ലാ കളക്ടർ ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങുന്നു
*ഐ & പി.ആര്‍.ഡി*
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്*
*വാര്‍ത്താകുറിപ്പ്-2*
*03. 02. 2026*
*...........................*
*ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്*
*മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി*
*അഞ്ച് വിഭാഗങ്ങളില്‍ ജില്ലയ്ക്ക് അവാര്‍ഡ്*
സംയോജിത ശിശു വികസന പദ്ധതിയില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ആരോഗ്യ-വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഏറ്റുവാങ്ങി. മികച്ച അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, സൂപ്പര്‍വൈസര്‍, മികച്ച അങ്കണവാടി എന്നി വിഭാഗത്തിലും ജില്ല മികച്ച നേട്ടമാണ് കരസ്ഥമാക്കിയത്. ജില്ലയിലെ അങ്കണവാടി പ്രവര്‍ത്തങ്ങളില്‍ ക്രിയാത്മകവും കാര്യക്ഷമവുമായ ഇടപെടലിലൂടെയാണ് ജില്ലാ ഭരണകൂടം അവാര്‍ഡ് സ്വന്തമാക്കിയത്. ശിശു വികസന മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംരക്ഷണം, പോഷണനിലവാരം മെച്ചപ്പെടുത്തല്‍, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ലക്ഷ്യമാക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സമഗ്ര പദ്ധതി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. സ്വന്തമായി സ്ഥലം ഇല്ലാത്ത അങ്കണവാടികള്‍ക്ക് സ്ഥലം കണ്ടെത്തി വയനാട് പാക്കേജ്, സി.എസ്.ആര്‍ ഫണ്ട്, പാര്‍ലമെന്റ് തദ്ദേശ വികസന പദ്ധതി, സാസ്‌കി, പിഎം ജന്മന്‍ പദ്ധതികളുടെ ഏകോപനത്തിലൂടെ അങ്കണവാടികള്‍ നിര്‍മ്മിച്ചു നല്‍കി. സ്വന്തം കെട്ടിടമുള്ള മുഴുവന്‍ അങ്കണവാടികളും ശിശു സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുകയും അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി മെച്ചപ്പെട്ട പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടം നിരന്ത ഇടപെടലാണ് നടപ്പാക്കിയത്.
എന്‍ട്രി ഹോം, ഗവ ചില്‍ഡ്രന്‍സ് ഹോം വിസിറ്റ്, അഡോപ്ഷന്‍ സെന്റര്‍ വിസിറ്റ്, ഫോസ്റ്റര്‍ കെയര്‍ പദ്ധതി- ബോധവല്‍ക്കരണം, കുടുംബാധിഷ്ഠിത ബദല്‍ പരിചരണ പരിപാടി, സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് ഫോസ്റ്റര്‍ കെയര്‍ അപ്രൂവല്‍ കമ്മിറ്റി, അഡോപ്ഷന്‍ കമ്മിറ്റി, ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഏകദിന മാനസിക ഉല്ലാസ പരിപാടികള്‍, ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതി, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍, പോഷകാഹാര പുനരധിവാസ കേന്ദ്രം, ചാമ്പ്യന്‍ - ഡേ കെയര്‍ എന്‍.ആര്‍.സി തുടങ്ങിയ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും വികസനം ഉറപ്പാക്കാന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് ജില്ലാഭരണകൂടം മികച്ച പിന്തുണയാണ് നല്‍കതുന്നത്.
സംയോജിത ശിശു വികസന വകുപ്പ് പ്രഖ്യാപിച്ച ആറ് വിഭാഗങ്ങളില്‍ അഞ്ചിലും ജില്ല അവാര്‍ഡുകള്‍ കരസ്ഥമാക്കി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്‌കാരം ദാനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസ് മൂക്കുത്തികുന്ന് അങ്കണവാടിയിലെ വി.എ. ഷൈലജ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ്് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഹെല്‍പ്പര്‍ വിഭാഗം കല്‍പ്പറ്റ ഐ.സി.ഡി.എസ് കോന്തമംഗലം അങ്കണവാടിയിലെ പി.കെ. യശോദ, മികച്ച സൂപ്പര്‍വൈസര്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ ബത്തേരി ഐ.സി.ഡി.എസിലെ പി.എ നസീറ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച അങ്കണവാടിക്കുള്ള പുരസ്‌കാരം പനമരം ഐ.സി.ഡി.എസിലെ വരദൂര്‍ അങ്കണവാടി അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡ്, സാക്ഷ്യപത്രം, മോമെന്റൊ എന്നിവയാണ് പുരസ്‌കാരം.
*ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു*
ജില്ലയിലെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്നാം മേഖല സി.എസ്.ആര്‍ ഫണ്ടിലുള്‍പ്പെടുത്തി 47.73 ലക്ഷം രൂപ ജില്ലയ്ക്ക് അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയ്ക്ക് എസ്.ബി.ഐ കോഴിക്കോട് മേഖലാ മാനേജര്‍ എ. കെ. റിതേഷ് ചെക്ക് കൈമാറി. വിദ്യാഭ്യാസം, ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ തുക അനുവദിച്ചത്. സ്‌കൂളുകളില്‍ റീ-യൂസബിള്‍ സാനിറ്ററി പാഡ് വിതരണം, പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ സാനിറ്ററി പാഡ് ലഭ്യത ഉറപ്പാക്കല്‍, വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ തുക വിനിയോഗിച്ച് നടപ്പാക്കും.
പിണങ്ങോട്, തലപ്പുഴ, പൂതാടി ഗവ യു. പി സ്‌കൂളുകളുടെയും മുള്ളന്‍കൊല്ലി, പൂതാടി, അമ്പലവയല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും നവീകരണ പ്രവര്‍ത്തനവും നടപ്പാക്കും. അച്ചൂര്‍, കോട്ടത്തറ, തോല്‍പ്പെട്ടി ഗവ സ്‌കൂളുകളിലെ ശുചിമുറി നിര്‍മാണം, വിവിധ ഗവ ഹൈസ്‌കൂള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍, ഗവ മെഡിക്കല്‍ കോളേജ്, ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമി, ആര്‍ച്ചറി അക്കാദമി എന്നിവിടങ്ങളില്‍ സാനിറ്ററി പാഡ് ഇന്‍സിനറേറ്റര്‍ എന്നിവ സ്ഥാപിക്കും. കളക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ എച്ച്.ആര്‍ മാനേജര്‍ ചിത്ര, എസ്.ബി.എസ്.യു സെക്രട്ടറി വി. ഗിരീശന്‍, എസ്.ബി.ഐ.ഒ.എ സെക്രട്ടറി മഹേഷ് വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
*വിമുക്തഭട ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു*
സൈനിക ക്ഷേമ വകുപ്പ് ജില്ലയിലെ വിമുക്തഭടന്‍മാര്‍, ആശ്രിതര്‍ എന്നിവര്‍ക്കായി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന സേവനങ്ങള്‍, ക്ഷേമ പുനരധിവാസ പദ്ധതികള്‍, സ്‌കോളര്‍ഷിപ്പ് സ്‌കീമുകള്‍, സ്വയം തൊഴില്‍ ടോപ് അപ്പ് സബ്‌സിഡി സ്‌കീമുകള്‍, വിമുക്തഭടന്മാര്‍ക്ക് ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സെമിനാര്‍ വിശദീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ആര്‍. രാജീവ്, സി.ആര്‍.എസ്.ഒ ക്യാപ്റ്റന്‍ ടി. കെ പ്രവീണ്‍, ഇ.സി.എച്ച്.എസ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ലഫ്റ്റനന്റ് കേണല്‍ ചാക്കോ (റിട്ടയേഡ്), സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് ഷനോജ്, ഓഫീസ് ജീവനക്കാര്‍, വിമുക്തഭടന്മാര്‍, ആശ്രിതര്‍ എന്നിവര്‍ പങ്കെടുത്തു.
*ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് ഇന്ന്*
ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ഇന്ന് (ഫെബ്രുവരി 4) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങ്ങില്‍ പരിഗണിക്കും.
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ കാടന്‍കൊല്ലി, മുട്ടങ്കര പ്രദേശത്ത് ഇന്ന് (ഫെബ്രുവരി 4) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0