കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ; വീടുവിട്ടിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും തുണയായി ‘ആശ’
റിപ്പോർട്ട് :ബൈഷി കുമാർ
കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ; വീടുവിട്ടിറങ്ങിയ അമ്മയ്ക്കും കുഞ്ഞിനും തുണയായി ‘ആശ’
കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ജാഗ്രതയും കാരുണ്യവും ഒരു അമ്മയ്ക്കും കുഞ്ഞിനും സുരക്ഷയൊരുക്കി. കഴിഞ്ഞ ഞായറാഴ്ച (18/01/2026) വൈകുന്നേരം 4.45-ന് ആറ്റിങ്ങലിൽ നിന്നും കൊല്ലത്തേക്ക് പുറപ്പെട്ട ബസ്സിലാണ് ഹൃദയസ്പർശിയായ ഈ സംഭവം നടന്നത്. ബസ്സിലെ കണ്ടക്ടർ ആശയുടെ ഇടപെടലാണ് പ്രതിസന്ധിയിലായ യുവതിക്കും കൈകുഞ്ഞിനും തുണയായത്. മറ്റൊരു വനിതാ കണ്ടക്ടർ ആണ് ഈ കാര്യം സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്
കൊട്ടിയത്തേക്ക് പോകാനായി ഒരു യുവതി കൈകുഞ്ഞുമായി ബസ്സിൽ കയറി. കൊടും ചൂടിലും കുഞ്ഞിനെ കമ്പിളി വസ്ത്രം ധരിപ്പിച്ചിരുന്നതും, കുട്ടിയുടെ കാര്യത്തിൽ യുവതി കാണിച്ച നിസ്സംഗതയും കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. യുവതി പാറിപ്പറന്ന മുടിയുമായി, ചെരുപ്പിടാതെയാണ് യാത്ര ചെയ്തിരുന്നത്.യുവതിയുമായി സംസാരിച്ചപ്പോൾ അവർ വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. യുവതിയുടെ കവിളിൽ അടികൊണ്ട പാടുമുണ്ടായിരുന്നു. യാത്രക്കാരുടെ തിരക്കിനിടയിലും യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയെക്കരുതി കണ്ടക്ടർ ആശ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കാൻ തീരുമാനിച്ചു.
ഡ്രൈവർ രഞ്ജിത്തിന്റെ പൂർണ്ണ പിന്തുണയോടെ ആശ 112-ൽ വിളിച്ച് വിവരം കൈമാറി. തുടർന്ന് ചാത്തന്നൂർ ഡിപ്പോയിൽ വെച്ച് പോലീസ് സംഘം ബസ്സിലെത്തി അമ്മയെയും കുഞ്ഞിനെയും ഏറ്റെടുത്തു. ആ സമയത്ത് ഡിപ്പോയിലുണ്ടായിരുന്ന മറ്റ് കെ.എസ്.ആർ.ടി.സി ജീവനക്കാർ കുഞ്ഞിന് ബിസ്കറ്റും വെള്ളവും നൽകി കരുതൽ കാണിച്ചു.ചാത്തന്നൂർ വനിതാ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് സുരക്ഷിത കേന്ദ്രമായ ‘സഖി’-യിലേക്കും മാറ്റിയ യുവതിയെയും കുഞ്ഞിനെയും രാത്രിയോടെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊതുജന സേവനത്തിന്റെ മികച്ച മാതൃകയായി മാറിയ കണ്ടക്ടർ ആശയ്ക്കും ഡ്രൈവർ രഞ്ജിത്തിനും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ഓരോ ചെറിയ കരുതലിനും ജീവന്റെ വിലയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0