നാല് വര്‍ഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തി: ചണ്ഡീഗഢില്‍ ബ്രെയിൻ മാപ്പിംഗിലൂടെ പഞ്ചാബ് യൂണിവേ‍ഴ്സിറ്റി പ്രൊഫസര്‍ അറസ്റ്റില്‍

റിപ്പോർട്ട് :ബൈഷി കുമാർ

Dec 11, 2025 - 09:17
നാല് വര്‍ഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തി: ചണ്ഡീഗഢില്‍ ബ്രെയിൻ മാപ്പിംഗിലൂടെ പഞ്ചാബ് യൂണിവേ‍ഴ്സിറ്റി പ്രൊഫസര്‍ അറസ്റ്റില്‍

ചണ്ഡീഗഢില്‍ നാല് വര്‍ഷം മുൻപ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് യൂണിവേ‍ഴ്സിറ്റി പ്രൊഫസര്‍ അറസ്റ്റില്‍. നാലു വർഷം മുമ്പ് കാമ്പസിലെ പ്രൊഫസറിൻ്റെ ഔദ്യോഗിക വസതിയിൽ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് അല്ലെങ്കിൽ ബ്രെയിൻ മാപ്പിംഗിന്റെ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രൊഫസർ ബി ബി ഗോയലിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.

യൂണിവേഴ്സിറ്റി ബിസിനസ് സ്കൂളിലെ സീനിയർ പ്രൊഫസറായ ഗോയലിനെ പ്രാദേശിക കോടതിയിൽ ഹാജരാക്കി. പിന്നാലെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

2021 നവംബർ 4ന് ആണ് വീട്ടമ്മയായ സീമ ഗോയലിനെ പഞ്ചാബ് യൂണിവേ‍ഴ്സിറ്റി ക്വാട്ടേ‍ഴ്സില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകളും കാലുകളും തുണികൊണ്ട് കെട്ടിയ നിലയിൽ താഴത്തെ നിലയിൽ മൃതദേഹം കണ്ടെത്തി എന്നാണ് ഗോയൽ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുന്നതിന് മുമ്പ് അദ്ദേഹം സീമ ഗോയലിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.പാൽക്കാരൻ വീട്ടിലേക്ക് വന്നപ്പോള്‍ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതായി കണ്ടുവെന്ന് പറഞ്ഞു. പിന്നീട് സീമയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. വീടിനകത്ത് അതിക്രമിച്ച് കടന്നു എന്നതിനുള്ള ലക്ഷണങ്ങളൊന്നും അന്ന് കണ്ടെത്താനായില്ല.

വീടിനുള്ളിലെ ആരോ ആണ് കുറ്റകൃത്യം ചെയ്തതെന്ന് സീമയുടെ സഹോദരൻ ദീപ് പറഞ്ഞിരുന്നു. അന്വേഷണ പുരോഗതിയിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണത്തിനിടെ, കൊലപാതകത്തിന് ഒരു ദിവസം മുമ്പ് തന്റെ മാതാപിതാക്കൾ വഴക്കിട്ടിരുന്നുവെന്ന് ദമ്പതികളുടെ മകൾ പറഞ്ഞു.

2021 ഡിസംബറിൽ, പ്രൊഫസറിനെതിരെ നാർക്കോ അനാലിസിസ് പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഗോയലിനോട് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ ആസ്ത്മ രോഗമായതിനാല്‍ നടത്തിയിരുന്നില്ല. പിന്നീട്, ഡൽഹിയിലെ രോഹിണിയിലുള്ള നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറുടെ ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ (BEOS) പ്രൊഫൈലിംഗ് പൊലീസ് നടത്തി.ബ്രെയിൻ മാപ്പിംഗ് അല്ലെങ്കിൽ ബ്രെയിൻ ഫിംഗർപ്രിന്റിംഗ് ടെസ്റ്റ് എന്നും അറിയപ്പെടുന്ന ബിഇഒഎസ്, ഒരു വ്യക്തിക്ക് ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടോ എന്ന് പ്രത്യേക ബ്രെയിൻ വേവ് പാറ്റേണുകൾ വിശകലനം ചെയ്ത് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ഫോറൻസിക് സാങ്കേതികതയാണ്. BEOS കണ്ടെത്തലുകൾ പ്രൊഫസറിന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഓർമ്മകൾ ഉണ്ടെന്ന് കാട്ടിയതായി പൊലീസ് പറഞ്ഞു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, കൊലപാതകം നടത്തിയത് ഗോയലാണെന്ന് കണ്ടെത്തുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0