മധ്യപ്രദേശില്‍ 18 വയസ്സുകാരനെ വ്യാജ ലഹരിക്കേസില്‍ കുടുക്കി: ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 11, 2025 - 09:14
മധ്യപ്രദേശില്‍ 18 വയസ്സുകാരനെ വ്യാജ ലഹരിക്കേസില്‍ കുടുക്കി: ആറ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ

മധ്യപ്രദേശില്‍ 18 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് കടത്തിയെന്ന് കാട്ടി കള്ളക്കേസിൽ കുടുക്കിയതിന് ആറ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിന്റെ സമഗ്രതയെയും നിയമസാധുതയെയും ചോദ്യം ചെയ്ത ഇൻഡോർ ഹൈക്കോടതിയുടെ ശക്തമായ ശാസനയെ തുടർന്നാണ് നടപടി.2025 ഓഗസ്റ്റ് 29ന് ആണ് കേസിനാസ്പദമായ സംഭവം. ജോധ്പൂർ നിവാസിയായ സോഹൻലാലിനെതിരെ 2.7 കിലോഗ്രാം കറുപ്പ് കൈവശം വച്ചതിന് എൻ‌ഡി‌പി‌എസ് നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പിന്നാലെ സോഹൻലാലിനെ അറസ്റ്റ് ചെയ്തു. സോഹൻലാലിന്റെ കുടുംബം പിന്നീട് ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കുകയായിരുന്നു. പൊലീസ് എഫ്‌ഐആറിൽ പറഞ്ഞിരിക്കുന്ന സമയത്തിന് അഞ്ച് മണിക്കൂർ മുൻപ്, രാവിലെ ചിലർ സോഹനെ ബലമായി പിടിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഹൈക്കോടതിയിൽ ഹാജരാക്കിയ ദൃശ്യങ്ങളിൽ, മൽഹാർഗഡ് പൊലീസ് കോൺസ്റ്റബിൾമാരാണ് സോഹൻലാലിനെ ബസിൽ നിന്ന് ഇറക്കിവിടുന്നത്. വീഡിയോയിലുള്ളവർ മൽഹാർഗഡ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ളവരാണെന്ന് പിന്നീട് കണ്ടെത്തി. ഇവര്‍ സോഹനെ പിന്തുടരുന്നുണ്ടായിരുന്നു.

പൊലീസ് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് എസ്പി സമ്മതിച്ചു. തുടർന്ന് അന്നത്തെ ടി ഐ രാജേന്ദ്ര പൻവർ, എസ്ഐ സഞ്ജയ് പ്രതാപ്, എസ്ഐ സാജിദ് മൻസൂരി, കോൺസ്റ്റബിൾമാരായ നരേന്ദ്ര സിംഗ്, ജിതേന്ദ്ര സിംഗ്, ദിലീപ് ജാട്ട് എന്നിവരുൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പൊലീസുകാര്‍ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ഡിസംബർ 5 ന് ഹൈക്കോടതി സോഹൻലാലിന് ജാമ്യം അനുവദിച്ചിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0