എസ്ഐആർ ജോലികൾക്ക് വിദ്യാർത്ഥികൾ; പഠന പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് മന്ത്രി ആർ. ബിന്ദു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 27, 2025 - 12:53
എസ്ഐആർ ജോലികൾക്ക് വിദ്യാർത്ഥികൾ; പഠന പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന് മന്ത്രി ആർ. ബിന്ദു

വോട്ടർ പട്ടികയ്ക്കായുള്ള വിവരശേഖരണത്തിനും ഡിജിറ്റൈസേഷനും വിദ്യാർത്ഥികളെ നിയോഗിക്കുന്നത് പഠന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ആവരുതെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.പാഠ്യേതര പ്രവർത്തനങ്ങൾക്കും സാമൂഹ്യസേവനങ്ങൾക്കും വിദ്യാർത്ഥികളെ നിലവിൽ രംഗത്തിറക്കുന്നത് പാഠ്യപ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധത്തിൽ സമയക്രമം നിശ്ചയിച്ചാണ്. വോട്ടർ പട്ടിക പുതുക്കൽ പോലെയുള്ള ഗൗരവമായ പ്രവൃത്തികളിൽ പഠനസമയം മാറ്റിവച്ച് വിദ്യാർത്ഥികളെ വിനിയോഗിക്കുന്നതിൽ അധ്യാപക സമൂഹത്തിന് ആശങ്കകളുണ്ട്. പ്രവൃത്തിയുടെ ഗൗരവം വിദ്യാർത്ഥികളിൽ സമ്മർദ്ദം സൃഷ്ടിച്ച് അവരുടെ പഠനത്തെ ബാധിക്കുമെന്ന ഉത്കണ്ഠ രക്ഷാകർതൃ സമൂഹത്തിനും ഉണ്ട്. ഇവ രണ്ടും കണക്കിലെടുക്കാതെ വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കാൻ പാടില്ലെന്ന് മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.അതേസമയം സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ (എസ്ഐആർ) പങ്കാളികളാകാൻ വിദ്യാർഥികളെ നിർബന്ധിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കർ പ്രതികരിച്ചു. അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയിൽ, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മറിച്ചുളള വാർത്തകൾ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0