ശബരിമലയിൽ തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ്; പരിചയസമ്പന്നരായ കൂടുതൽ പൊലീസ്, ദർശനസമയം ബോർഡ് തീരുമാനിക്കും
റിപ്പോർട്ട് :ബൈഷി കുമാർ
പമ്പ ∙ ശബരിമലയിലെ തിരക്ക് അനുസരിച്ച് സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം തീരുമാനിക്കാൻ മന്ത്രി വി.എൻ.വാസവന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. തിരക്കു കുറയുമ്പോൾ സ്പോട്ട് ബുക്കിങ് കൂട്ടാം. നിലവിലെ 5000 എന്നത് തിരക്കു കുറയുന്നതനുസരിച്ച് വർധിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.സന്നിധാനത്ത് ദർശന സമയം എത്ര വരെയാകാമെന്നു ദേവസ്വം ബോർഡ് ചർച്ച ചെയ്തു തീരുമാനിക്കും. എല്ലാ ദിവസവും സന്നിധാനത്ത് എഡിഎമ്മിന്റെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരണം. പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പമ്പയിലും നിലയ്ക്കലും ഇത്തരത്തിൽ യോഗം ചേരണം.നിലവിൽ പതിനെട്ടാം പടിയിൽ മിനിറ്റിൽ ശരാശരി 70 പേരാണ് കയറുന്നത്. അത് 85 ആക്കും. പരിചയസമ്പന്നരായ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. പാർക്കിങ്, ശുചിമുറികൾ വൃത്തിയാക്കൽ, ചുക്കുവെള്ള വിതരണം, ഡോളി പ്രശ്നം, എരുമേലിയിലെ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ചയായി. 27നു പ്രത്യേക യോഗം ചേരും.തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ, ദേവസ്വം വകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം, ശബരിമല പൊലീസ് ചീഫ് കോഓർഡിനേറ്റർ എസ്.ശ്രീജിത്ത്, ഡിഐജിമാരായ അരുൾ ആർ.കൃഷ്ണ, അജിതാ ബീഗം, ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർ, ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത് കെ.ശേഖർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0