ഈരാറ്റുപേട്ടയിൽ വീണ്ടും ട്വിസ്റ്റ്.. സിപിഎമ്മിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു കൗൺസിലർ അനസ് പാറയിൽ. സിപിഎം നേതൃത്വം അനസിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നായി സൂചന
റിപ്പോർട്ട് :ബൈഷി കുമാർ
കോട്ടയം: ഈരാറ്റുപേട്ട സി.പി.എമ്മിൽ വീണ്ടും ട്വിസ്റ്റ്.. ഭാര്യയ്ക്കു സീറ്റു നൽകാത്തതിനെ തുടർന്നു പാർട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും ഒഴിയുന്നതായി ഫേസ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം നേതാവും ഈരാറ്റുപേട്ട നഗരസഭാ പ്രതിപക്ഷ നേതാവുമായ അനസ് പാറയിൽ പോസ്റ്റ് പിൻവലിച്ചു.അനസ് പാറയിലിനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നീക്കം തുടങ്ങിയതിനു പിന്നാലെയാണു പോസ്റ്റ് പിൻവലിച്ചതെന്നാണു സൂചന.
ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വം തള്ളിയതിനു പിന്നാലെയായിരുന്നു സമൂഹമാധ്യമ പോസ്റ്റിലൂടെ രാജി പ്രഖ്യാപനം നടത്തിയത്. ഔദ്യോഗിക സ്ഥാനങ്ങളല്ലാതെ സി.പി.എമ്മിന്റെ അംഗത്വം രാജിവെക്കുന്നതായി കുറിപ്പിൽ പറഞ്ഞിരുന്നില്ല.സീറ്റ് വിഷയം ചർച്ച ചെയ്യാമെന്നു പാർട്ടി നേതൃത്വം അനസിനെ അറിയിച്ചതായാണു സൂചന. 26 -ാം ഡിവിഷനായ കല്ലോലിയിൽനിന്നുള്ള കൗൺസിലറാണ് അനസ് പാറയിൽ. രാജിക്കു പിന്നാലെ കല്ലോലി ഡിവിഷനിൽനിന്ന് അനസിൻ്റെ ഭാര്യ ബീമാ അനസ് ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നു
പോസ്റ്ററും പ്രചരിച്ചിട്ടുണ്ട്.
അതേസമയം, 'പാർട്ടിയാണു വലുത്, ആരും അതിനു മുകളിൽ വരില്ലെ'ന്നു വ്യക്തമാക്കി പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.സീറ്റിന്റെ പേരിൽ വിലപേശൽ നടത്തിയ അനസിനെതിരെ പാർട്ടിക്കുള്ളിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. വിഷയം മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയായതോടെയാണു വിമർശനം ശക്തമാകുന്നത്. അധികാരമോഹമാണ് അനസിനെന്നാണു സി.പി.എമ്മിലെ വികാരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0