'വിഎസ് അച്യുതാനന്ദൻ ഐസിയുവിൽ, മക്കളോട് സംസാരിച്ചു, ആരോഗ്യനില തൃപ്തികരം'

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില തൃപ്തികരമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഎസ് ഐസിയുവിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. വിഎസിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎ ബേബി.
'വിഎസ് ഐസിയുവിലാണ്. അവിടെ കയറി നമ്മൾ കാണാൻ പാടില്ല. മക്കളോട് സംസാരിച്ചു. ഡോക്ടർമാർ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്'- എംഎ ബേബി പറഞ്ഞു.
വിഎസ് 101 വയസ്സ് കഴിഞ്ഞ് 102ലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിൻ്റേതായ പ്രയാസം പെട്ടെന്ന് ഉണ്ടായതാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായത്. പോരാളിയായ വിഎസ് പതിവുപോലെ നല്ല ആരോഗ്യത്തോടെ ആശുപത്രിയിൽനിന്ന് പുറത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കാം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
What's Your Reaction?






