മഴ കനത്താൽ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമോ? വിദ്യാഭ്യാസ മന്ത്രി പറയുന്നു

മഴ കനത്താൽ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമോ? വിദ്യാഭ്യാസ മന്ത്രി പറയുന്നു

May 31, 2025 - 09:43
മഴ കനത്താൽ ജൂൺ രണ്ടിന് സ്കൂൾ തുറക്കുമോ? വിദ്യാഭ്യാസ മന്ത്രി പറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ പുതിയ അധ്യായന വർഷം ആരംഭിക്കുകയാണ്. ജൂൺ രണ്ട് തിങ്കളാഴ്ചയാണ് സ്കൂൾ തുറക്കുക. എന്നാൽ കനത്ത മഴ കണക്കിലെടുത്ത് സ്കൂൾ തുറക്കുന്ന തീയതി നീട്ടണമെന്ന ആവശ്യവുമായി കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെൻ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. മഴ ഇങ്ങനെ തുടരുകയാണെങ്കിൽ സ്കൂൾ തുറക്കുമോയെന്ന ചോദ്യം വിദ്യാർഥികളും ഉന്നയിക്കുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടി നിൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

സ്കൂള്‍ തുറക്കുന്നത് ജൂണ്‍ രണ്ടിന് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം തീരുമാനം മാറ്റണോയെന്ന് ആലോചിക്കാം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കാര്യം തീരുമാനിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. സ്കൂൾ കെട്ടിടങ്ങളെല്ലാം സുരക്ഷിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പതിനാലായിരം സ്കൂൾ കെട്ടിടങ്ങൾ ഉണ്ടായിട്ട് ഈ കാറ്റിൽ ഒരു സ്കൂൾ കെട്ടിടത്തിന് പോലും തകരാർ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ ആദ്യം സ്കൂളിന്‍റെ ഷെഡ് ആയിരുന്നു പോയിരുന്നത്. ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകൾ ഇല്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ സ്കൂൾ തുറക്കുന്നത് ഒരാഴ്ച കൂടി നീട്ടണമെന്നായിരുന്നു കേരള പ്രൈവറ്റ് അൺ എയ്ഡഡ് സ്കൂൾസ് മാനേജ്‍മെൻ്റ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. കുളങ്ങളും നീരുറവകളും നിറഞ്ഞത് കാരണം അപകടകരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നേ അറ്റകുറ്റപണികളും മറ്റു പ്രവർത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലക്ക് എടുക്കണമെന്നും സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നുമായിരുന്നു ആവശ്യം. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

ഹൈസ്കൂളിൽ ക്ലാസ് സമയം അരമണിക്കൂർ കൂട്ടുന്ന വിഷയത്തിലും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്. പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു.

കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയംകൂട്ടിച്ചേർത്തതെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0