നിപ സമ്പർക്കപ്പട്ടികയിൽ 497 പേര്‍: കൂടുതലാളുകൾ ഈ ജില്ലകളിൽ, 82 പേർ ഹൈറിസ്ക് വിഭാഗത്തിൽ

Jul 13, 2025 - 21:42
നിപ സമ്പർക്കപ്പട്ടികയിൽ 497 പേര്‍: കൂടുതലാളുകൾ ഈ ജില്ലകളിൽ, 82 പേർ ഹൈറിസ്ക് വിഭാഗത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധ ആശങ്ക തുടരുന്നതിനിടെ സമ്പർക്കപ്പട്ടികയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ പേർ സമ്പർക്കപ്പട്ടികയിലുള്ളത്. രണ്ടാമത് കോഴിക്കോടും മൂന്നാമത് പാലക്കാടുമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 114 പേരും പാലക്കാട് 178 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. ഒരാള്‍ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. അഞ്ച് പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 14 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 82 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

സംസ്ഥാനത്ത് നിപ ആശങ്ക തുടരുന്നതിനാൽ കേന്ദ്ര സംഘം മലപ്പുറം, പാലക്കാട് ജില്ലകള്‍ സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്ത് നിപ മരണം സംഭവിച്ചതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതയിലേക്ക് കടന്നു. മരിച്ച രോഗിയുടെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് കണ്ടെയ്ൻമെൻ്റ് സോൺ വാർഡുകൾ പ്രഖ്യാപിക്കുന്നതടക്കമുള്ള നിർദേശങ്ങൾ ഇന്ന് ഉണ്ടാകും. രോഗിയുമായി സമ്പർക്കം പുലർത്തിയവർ ക്വാറൻ്റൈനിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0