മാളിലേക്ക് വരാൻ മടിച്ച പ്രശസ്ത കോഫി ഷോപ്പിനെ എത്തിക്കാൻ യൂസഫലി പ്രയോഗിച്ച മാർക്കറ്റിങ് തന്ത്രം

കൊച്ചി: അബുദാബിയിലെ അൽവഹ്ദ മാളിലേക്ക് പ്രശസ്ത കോഫി ഷോപ്പിനെ എത്തിച്ച മാർക്കറ്റിങ് തന്ത്രം വിശദീകരിച്ചു ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി . കൊച്ചി സ്മാർട്ട് സിറ്റിയിലെ ലുലുവിൻ്റെ ട്വിൻ ടവർ ഐടി സമുച്ചയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് യൂസഫലി വർഷങ്ങൾക്ക് മുൻപ് തൻ്റെ മാളിൽ പ്രവർത്തനമാരംഭിക്കാൻ മടിച്ച കോഫി ഷോപ്പിനെ മാർക്കറ്റിങ് തന്ത്രം പ്രയോഗിച്ച് എത്തിച്ച കഥ വിവരിച്ചത്. എംഎ യൂസഫലിയുടെ വാക്കുകൾ ചുവടെ.
"ഞാൻ 20 കൊല്ലം മുൻപ് അബുദാബിയിൽ അൽവഹ്ദ മാൾ എന്ന പേരിൽ ഷോപ്പിങ് മാൾ ആരംഭിച്ചു. മറ്റ് ബ്രാൻഡുകളുടെ കോഫി ഷോപ്പുകൾ അവിടെ ഉണ്ടെങ്കിലും ഒരു പ്രത്യേക ബ്രാൻഡിൻ്റെ കോഫി ഷോപ്പ് സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. ഉന്നതനിലവാരത്തിലുള്ള ഷോപ്പിങ് മാളുകളിൽ മാത്രമേ അവർ പ്രവർത്തനമാരംഭിക്കുകയുള്ളൂ. എൻ്റെ ടീം അവരുമായി സംസാരിച്ചെങ്കിലും തങ്ങൾക്ക് ഇപ്പോൾ മാളിലേക്ക് വരാൻ ഉദ്ദേശ്യമില്ലെന്നുമായിരുന്നു മറുപടി. ഇവിടെനിന്ന് ലണ്ടനിലും പാരീസിലുമൊക്കെ വിനോദസഞ്ചാരത്തിന് പോകുന്നവർ ഈ കോഫി ഷോപ്പിൽ എത്തിയാണ് ചായയും കോഫിയും കുടിക്കാറ്.
ഈ കോഫി ഷോപ്പ് മാളിലേക്ക് കൊണ്ടുവരണമെന്ന് എൻ്റെ അറബി സഹോദരന്മാർ അടക്കം പറഞ്ഞു. കോഫി ഷോപ്പുകാർ മാളിലേക്ക് ഇല്ലെന്ന് അറിയിച്ചപ്പോൾ ചെയർമാനെ നേരിട്ടു കണ്ട് സംസാരിക്കാൻ തീരുമാനിച്ചു. ഒന്നരമാസം കഴിഞ്ഞപ്പോഴാണ് ചെയർമാനുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അപ്പോയ്ൻമെൻ്റ് ലഭിച്ചത്. കാത്തിരുന്ന ശേഷം അദ്ദേഹത്തെ കണ്ട് ഞാൻ ബോധ്യപ്പെടുത്തി. "നിങ്ങൾ വന്ന് ബ്രാൻഡ് നടത്തിയാൽ മതി, മുഴുവൻ നിക്ഷേപവും ഞങ്ങൾ ചെയ്യാം" എന്നു ചെയർമാനോട് പറഞ്ഞു. മൂന്നോ നാലോ മാസം കഴിഞ്ഞ് ലാഭം ഉണ്ടെങ്കിൽ മാത്രം വാടക തന്നാൽ മതിയെന്നും അറിയിച്ചു. അതല്ലെങ്കിൽ നിങ്ങൾക്ക് വരാനും പോകാനുമുള്ള തുക തരാമെന്നും പറഞ്ഞു.
ഞങ്ങൾ വരാൻ തീരുമാനിച്ചുവെന്ന് ചെയർമാൻ അറിയിച്ചു. സ്ഥാപനത്തിൻ്റെ ഡിസൈൻ സംബന്ധിച്ച ഡ്രോയിങ് തന്നാൽ മതിയെന്നും അതനുസരിച്ചു പണിതുതരാമെന്നും അദ്ദേഹത്തോട് പറഞ്ഞു. അവർ പറഞ്ഞ രീതിയിൽ ഷോപ്പിൻ്റെ ഡിസൈൽ നിർമിച്ചുകൊടുത്തു. അങ്ങനെ ആ കോഫി ഷോപ്പ് മാളിൽ പ്രവർത്തനമാരംഭിച്ചു. ഇവിടെ ആൾക്കാർ വരുന്നുണ്ടോ എന്നറിയാൻ വേണ്ടി ഞാൻ ഒരാളെ നിർത്തിയിരുന്നു. എന്നാൽ ഞാൻ നോക്കുമ്പോൾ അവിടെ ആളുകളുടെ ക്യൂ ആണ്.
What's Your Reaction?






