പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കും? ആദ്യ അലോട്ട്മെൻ്റ് ഈ ദിവസം; പ്രധാന തീയതികൾ അറിയാം

പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കും? ആദ്യ അലോട്ട്മെൻ്റ് ഈ ദിവസം; പ്രധാന തീയതികൾ അറിയാം

May 7, 2025 - 07:15
പ്ലസ് വൺ ക്ലാസുകൾ എപ്പോൾ ആരംഭിക്കും? ആദ്യ അലോട്ട്മെൻ്റ് ഈ ദിവസം; പ്രധാന തീയതികൾ അറിയാം

ഹൈലൈറ്റ്:

  • മെയ് 14 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
  • ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്.
  • ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മെയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അപേക്ഷ സമർപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താം.

മെയ് 20 ആണ് അവസാന തീയതി. മെയ് 24ന് ട്രയൽ അലോട്ട്‌മെന്റും ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റും ജൂൺ 10ന് രണ്ടാം അലോട്ട്മെന്റും ജൂൺ 16ന് മൂന്നാം അലോട്ട്‌മെന്റും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂൺ 24ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദിഷ്ട ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്. ഹയർ സെക്കൻഡറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം മെയ് 21ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14 ന് ബോർഡ് മീറ്റിങ് കൂടുമെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0