ഒരാഴ്‌ച പെയ്തത് 468 ശതമാനം അധിക മഴ; വെള്ളിയാഴ്ച മാത്രം 13 പേർ മരിച്ചു, 3 പേരെ കാണാതായി
അറബിക്കടലിൽ കാറ്റിൻ്റെ ശക്തി കുറയുന്നതിനാൽ ശനി മുതൽ മഴയുടെ തീവ്രത കുറയാനാണ് സാധ്യത. ശനിയാഴ്‌ച വിവിധ ജില്ലകളിൽ നൽകിയിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ശനിയാഴ്‌ച എല്ലാ ജില്ലയിലും യെല്ലോ അലേർട്ട് ആണ്
തിരുവനന്തപുരം: മൺസൂൺ കേരളത്തിലെത്തി ആദ്യ ദിവസങ്ങളിൽ കേരളത്തിൽ ലഭിച്ചത് അതിതീവ്ര മഴ. ഒരാഴ്‌ച പെയ്തത് 468 ശതമാനം അധിക മഴയാണ്. 69.6 മി.മീ. ലഭിക്കേണ്ടിടത്ത് 395. 5 മി.മീ. മഴയാണ് പെയ്‌തിറങ്ങിയത്. പാലക്കാട് 976 ശതമാനം അധിക മഴ ലഭിച്ചു. കണ്ണൂർ 856, വയനാട് 670, കോഴിക്കോട് 566 എന്നീ ജില്ലകളിലാണ് കൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. 14 ജില്ലകളിലും അധികമഴ ലഭിച്ചു.
കനത്ത മഴ തുടരുമ്പോൾ വിവിധ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുകയാണ്. കെഎസ്‌ഇബിയുടെ കീഴിലുള്ള പത്തനംതിട്ടയിലെ മൂഴിയാർ, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ ഡാമുകൾക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലമ്പുഴ, ബാണാസുരസാഗർ, പീച്ചി എന്നിവിടങ്ങളിൽ സംഭരണശേഷിയുടെ പകുതിയിലാണ് വെള്ളം. ഇടുക്കിയിൽ സംഭരണശേഷിയുടെ 38.69ശതമാനവും മലമ്പുഴയിൽ 34ഉം, ബാണാസുരസാഗറിൽ 29.93ഉം, പീച്ചിയിൽ 16ഉം ശതമാനമാണ് വെള്ളമുള്ളത്.
ശക്തമായ മഴയിൽ ഇന്നലെ മാത്രം സംസ്ഥാനത്ത് 13 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മൂന്ന് പേരെ കാണാതെ ആവുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് നാലും തിരുവനന്തപുരത്ത് മൂന്നും കോട്ടയത്ത് രണ്ടും കാസർകോട്, കണ്ണൂർ, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരോ ആൾ വീതവും മരിച്ചു. തിരുവനന്തപുരത്ത് കടലിൽവീണ് ഒരാളെയും ആലപ്പുഴ തകഴിയിൽ വെള്ളത്തിൽ വീണ തെങ്ങുകയറ്റത്തൊഴിലാളിയെയും എറണാകുളം കുമ്പളത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെയും കാണാതായി.
സംസ്ഥാനമെമ്പാടുമായി രണ്ടുദിവത്തിനിടെ ഒമ്പത് വീട് പൂർണമായും 300 വീട് ഭാഗികമായും തകർന്നു. 60 ദുരിതാശ്വാസ ക്യാമ്പുകളിലായി 429 കുടുംബങ്ങളിലെ 1439 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.കെഎസ്‌ഇബിക്ക് 120 കോടിയിൽ അധികം രൂപയുടെ നഷ്‌ടമാണ് ആദ്യ ആഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്
കോട്ടയത്ത് പനച്ചിക്കാട് വള്ളത്തിൽ മീൻ പിടിക്കാൻ പോയ പോളച്ചിറ പി ജെ സാമുവലിൻ്റെയും ഏലിയാമ്മയുടെയും മകൻ അരുൺ പീറ്റർ സാം (36), പാറയ്‌ക്കൽക്കടവ് പാറത്താഴെ പിജെ ജോബിൻ (36), എറണാകുളത്ത് മരം വീണ് തിരുമാറാടി കരവേട്ട അമ്മാംകുളത്തിൽ അന്നക്കുട്ടി (85), മാല്യങ്കര ആര്യ ശ്യാംമോൻ (34), മുനമ്പത്ത് രാമകൃഷ്‌ണ ബിശ്വാസ് (38), പെരുമ്പാവൂർ ജയേഷ് (47), തിരുവനന്തപുരം ആൻ്റണി പൗലോസ് (52), ഇടുക്കിയിൽ കമ്പിളികണ്ടം പി എ ബാബു (67), ആലപ്പുഴ തിരുമല അനിരുദ്ധനെ(70), കാസർകോട് മധൂർ പട്‌ളയിൽ പി കെ മുഹമ്മദ് സാദിഖ് (39), കണ്ണൂർ പയ്യന്നൂരിൽ എം കെ ഫസലു റഹ്‌മാൻ (35) എന്നിവരാണ് മരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0