'ഇടയ്ക്കൊന്ന് ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി'; ഷൈനും അമ്മയും ചികിത്സയില്‍ തുടരുന്നു, ചാക്കോയുടെ സംസ്കാരം പിന്നീട്

Jun 7, 2025 - 08:05
'ഇടയ്ക്കൊന്ന് ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി'; ഷൈനും അമ്മയും ചികിത്സയില്‍ തുടരുന്നു, ചാക്കോയുടെ സംസ്കാരം പിന്നീട്

തൃശൂർ: ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചനയെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഇന്നലെ തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ചുണ്ടായ അപകടത്തിലാണ് ഷൈനിൻ്റെ പിതാവ് സിപി ചാക്കോയ്ക്ക് ജീവൻ നഷ്ടമായത്. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പ്രത്യേക ആംബുലൻസിൽ നാട്ടിലെത്തിയ ഇരുവരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഷൈനിൻ്റെ ഇടതുകൈക്കും അമ്മയുടെ ഇടിപ്പിനുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തിൽ ചാക്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി മൃതദേഹം നാട്ടിൽ എത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് തൃശൂർ മുണ്ടൂർ കർമല മാതാ പള്ളിയിൽ നടക്കും. നാളെ വൈകിട്ട് അഞ്ചുമണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനം ഉണ്ടാകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വ്യാഴാഴ്ച രാത്രി കൊച്ചിയിൽ നിന്ന് തൃശൂരിലെത്തി മാതാപിതാക്കളെയും കൂട്ടി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ഷൈൻ. ഇതിനിടെയാണ് അപകടമുണ്ടായത്.

'തൃശൂരിൽ നിന്ന് കാറിൽ കയറിയതുമുതൽ ഡാഡി എന്തൊക്കയോ തമാശകൾ പറയുകയും ചെയ്തിരുന്നു. പാലക്കാട് എത്തിയപ്പോൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഇടയ്ക്കൊന്ന് ഞാൻ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി പോയി. എന്നെക്കുറിച്ചായിരുന്നു ഡാഡിയുടെ ആലോചന. ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടിവരുന്നത്" - എന്ന് ഷൈൻ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ഷൈനിൻ്റെ ചികിത്സയുടെ ഭാഗമായി കുടുംബം ബെംഗളൂരുവിലേക്ക് കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് തമിഴ്നാട്ടിലെ ധർമപുരിയിൽ വെച്ച് അപകടമുണ്ടായത്. ദിശമാറി എത്തിയ ലോറിക്ക് പിന്നിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിൻ്റെ പിൻസീറ്റിലാണ് ചാക്കോ ഇരുന്നത്. ചാക്കോയുടെ തലയ്ക്കാണ് പരിക്കേറ്റത്. സ്ഥലത്തുണ്ടായിരുന്നവരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ ചാക്കോ മൂളുകയും അനങ്ങുകയും ചെയ്യുന്നുണ്ടായിരുന്നുവെന്ന് ഡ്രൈവർ അനീഷ് പാച്ചു ഇന്നലെ പറഞ്ഞിരുന്നു. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന മലയാളിയുടെ വാഹനത്തിലാണ് ഷൈനിനെയും കുടുംബത്തെയും ആശുപത്രിയിൽ എത്തിച്ചത്. കാർ ഓടിച്ചിരുന്ന അനീഷിനും പരിക്കുണ്ട്. ഇടിയുടെ ആഘത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0