ആദ്യാക്ഷരം പഠിക്കാൻ കുരുന്നുകൾ, അങ്കണവാടികളിൽ ഇന്ന് പ്രവേശനോത്സവം
സംസ്ഥാനത്തെ അങ്കണവാടികളിൽ ഇന്ന് പ്രവേശനോത്സവം നടക്കും. ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിലാണ് 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക.
തിരുവനന്തപുരം: കേരളത്തിലെ അങ്കണവാടികളിൽ ഇന്ന് പ്രവേശനോത്സവം. അങ്കണവാടികളിലെ 2025-26 വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പത്തനംതിട്ടയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിലെ 72-ാം നമ്പർ അങ്കണവാടിയിൽ രാവിലെ 9:30നാണ് ചടങ്ങ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിക്കും.
അനൗപചാരിക പ്രീസ്കൂൾ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും അങ്കണവാടി സേവനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പ്രവേശനോത്സവത്തിലൂടെ ലക്ഷ്യമിടുന്നു. പ്രീസ്കൂൾ കുട്ടികൾക്കായുള്ള പരിഷ്കരിച്ച മാതൃകാ ഭക്ഷണ പദ്ധതിയുടെ പ്രകാശനവും കുട്ടികളുടെ വളർച്ചാ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനുള്ള 'കുഞ്ഞൂസ് കാർഡ്' വിതരണവും മന്ത്രി നിർവഹിക്കും
സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനം ലക്ഷ്യമിട്ട് വനിത ശിശു വികസന വകുപ്പ് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുകയാണ് പ്രവേശനോത്സവത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികളുടെ ശാരീരിക, വൈജ്ഞാനിക, സാമൂഹിക - വൈകാരിക, ഭാഷാപര, സർഗാത്മക വികാസ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അങ്കണവാടികൾ വിദ്യാഭ്യാസം നൽകുന്നത്. തീം അധിഷ്ഠിത പഠനവും പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ ജീവിത നൈപുണ്യവും സ്വഭാവ രൂപീകരണവും പോഷിപ്പിക്കുന്നതിലാണ് അങ്കണവാടികളുടെ അടിസ്ഥാനം. പോഷകാഹാര നിലവാരം ഉയർത്തുന്നതിനായി 'പോഷകബാല്യം' പദ്ധതിയിലൂടെ 'പാലും മുട്ടയും' ഉൾപ്പെടെയുള്ള അനുപൂരക പോഷകാഹാരവും വിതരണം ചെയ്യുന്നുണ്ട്.
അതേസമയം സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിങ്കളാഴ്ച നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കളിച്ചും ചിരിച്ചും പഠിച്ചും പാടിയും കുരുന്നുകൾ സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളുകളിലേക്ക് എത്തിയ കുരുന്നുകളെ മധുരം നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയിലും അധ്യാപകർ സ്വീകരിച്ചു.
കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കെത്തിയ നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഉണ്ടായിരുന്നു. നവാഗതർക്ക് മുഖ്യമന്ത്രി ബാഗുകളും മറ്റ് പഠനോപകരണങ്ങളും സമ്മാനിച്ചു. അക്കാദമിക് നിലവാരം ഉയർത്തുന്നതിനുള്ള മാസ്റ്റർ പ്ലാൻ ജൂൺ 15നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0