അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ ഒരു ‘നഗരം’; ഞെട്ടിക്കുന്ന കണ്ടെത്തൽ
റിപ്പോർട്ട് :ബൈഷികുമാർ
മനുഷ്യർക്ക് എന്നും അത്ഭുതത്തിന്റെ ചെപ്പ് കൂടിയാണ് അന്റാർട്ടിക്ക. ഇപ്പോഴിതാ അന്റാർട്ടിക്കയിലെ നൂറുകണക്കിന് മീറ്റർ നീളമുള്ള ഹിമത്തിനടിയിൽ ഒരു കൂറ്റൻ ‘നഗരം’ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഞെട്ടേണ്ട, കണ്ടെത്തിയിരിക്കുന്നത് ഒരു ‘മത്സ്യ നഗരം’ ആണ്.
അന്റാർട്ടിക്കയിലെ ഫിൽച്ച്നർ മഞ്ഞുപാളിക്ക് (Filchner Ice Shelf) അടിയിലായാണ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്ന ഈ വലിയ മത്സ്യ നഗരത്തിന്റെ സാന്നിധ്യം. ശാസ്ത്രജ്ഞർ പറയുന്നതിന് അനുസരിച്ച് ഏകദേശം 6 കോടിയിലധികം മത്സ്യക്കൂടുകൾ ഈ പ്രദേശത്ത് ഉണ്ട്. വെള്ളത്തിനടിയിലെ ഒരു നഗരം പോലെയാണ് അന്റാർട്ടിക്കയിലെ വെഡൽ കടലിന്റെ അടിത്തട്ടിൽ ഇവ വ്യാപിച്ചുകിടക്കുന്നത്. ഏതാണ്ട് 240 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ പ്രജനന കേന്ദ്രത്തിന്.
ആൽഫ്രഡ് വെഗനർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഔട്ടൻ പേഴ്സറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണായക കണ്ടുപിടിത്തത്തിന്റെ പിന്നിൽ. ഒരു പ്രത്യേക അണ്ടർവാട്ടർ റോബോട്ടിനെ ഉപയോഗിച്ചായിരുന്നു പഠനം. ‘ബ്ലാക്ക്ഫിൻ ഐസ്ഫിഷ്’ (Neopagetopsis ionah) എന്ന വിഭാഗത്തിൽപ്പെട്ട അപൂർവ മത്സ്യങ്ങളാണ് ഇവിടെ കൂടുകൂട്ടിയിരിക്കുന്നതെന്ന് പഠനത്തിൽ ഇവർ കണ്ടെത്തി. ഈ മത്സ്യങ്ങളുടെ രക്തത്തിൽ ഹീമോഗ്ലോബിൻ ഇല്ല, അതുകൊണ്ടുതന്ന ഇവയുടെ രക്തം സുതാര്യമായാണ് കാണപ്പെടുന്നത്. മരവിപ്പിക്കുന്ന തണുപ്പിൽ അതിജീവിക്കാൻ സഹായിക്കുന്ന പ്രത്യേക ‘ആന്റിഫ്രീസ്’ പ്രോട്ടീനുകൾ ഇവയുടെ ശരീരത്തിലുണ്ടെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി.
ഇവയുടെ ഓരോ കൂടിനും ഏതാണ്ട് 75 സെന്റിമീറ്റർ വ്യാസം വരും. ഒരു കൂട്ടിൽ ഉണ്ടാവുക ശരാശരി 1,700 ഓളം മുട്ടകൾ. പൊതുവെ ആൺ മത്സ്യങ്ങളാണ് ഈ കൂടുകൾക്ക് കാവൽ നിൽക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.സമുദ്രത്തിന്റെ ഈ ഭാഗത്തുകൂടി താരതമ്യേന ചൂടുള്ള ജലപ്രവാഹമാണ് കടന്നുപോകുന്നത്. പരിസരത്തെ ജലത്തേക്കാൾ ഏകദേശം 2 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താപനില കൂടുതലാണ്. ഇതാണ് ഇത്രയധികം മത്സ്യങ്ങൾ ഒരേയിടത്ത് കേന്ദ്രീകരിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം അന്റാർട്ടിക്കയിലെ വെഡൽ സീലുകളുടെ (Weddell seals) പ്രധാന ഭക്ഷണ സ്രോതസ് കൂടിയാണ് ഈ വൻ പ്രജനന കേന്ദ്രം. ഈ നിർണായക കണ്ടെത്തൽ അന്റാർട്ടിക്കയുടെ സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഇതുവരെയുള്ള നിഗമനങ്ങളെയും ധാരണകാളെയും തിരുത്തികുറിക്കുന്നതാണ്. ഈ അപൂർവ്വ മേഖലയ്ക്ക് പ്രത്യേക സംരക്ഷണം നൽകണമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0