ഹോട്ടലിലെ ലിഫ്റ്റിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം; ഹോട്ടലുടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

റിപ്പോർട്ട് :ബൈഷികുമാർ

Jul 17, 2026 - 19:28
ഹോട്ടലിലെ ലിഫ്റ്റിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം; ഹോട്ടലുടമ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

ബംഗളൂരു: നഗരത്തിലെ ഹോട്ടലിൽ ലിഫ്റ്റിൽ തല കുടുങ്ങി 22കാരന് ദാരുണാന്ത്യം. ലിഫ്റ്റിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കും ഭിത്തിയ്ക്കും ഇടയിൽ തല കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഹുബ്ബള്ളി സ്വദേശിയായ രാജേഷ് ചന്ദ്രയ്യ ശിവപ്പയ്യൻമഠ് എന്നയാളാണ് മരിച്ചത്. രാജേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ബാംഗളൂരു ജയനഗർ നാലാം ബ്ലോക്കിലെ ദക്ഷിണ ഉപഹാർ ഹോട്ടലിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. സാധനങ്ങൾ നീക്കാൻ ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. ഹോട്ടലുടമയുടെ സുഹൃത്തായിരുന്നു രാജേഷ്. ഹോട്ടലിന്‍റെ നടത്തിപ്പിന് സഹായിയായി കഴിഞ്ഞ മൂന്ന് മാസമായി ഇദ്ദേഹം ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്, രാജേഷ് ചില സാധനങ്ങളുമായി കേജ് ലിഫ്റ്റിൽ പ്രവേശിച്ചു. ലിഫ്റ്റ് ഒന്നാം നിലയിലേക്ക് നീങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ തലയും കഴുത്തും ലിഫ്റ്റിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കും കെട്ടിടത്തിന്റെ ഭിത്തിക്കും ഇടയിൽ കുടുങ്ങി. സമീപത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയപ്പോഴേക്കും രാജേഷ് മരിച്ചിരുന്നു. ലിഫ്റ്റ് നീങ്ങി തുടങ്ങിയപ്പോൾ രാജേഷ് മുന്നോട്ടു കുനിയുകയോ, ഗ്രില്ലുകളിലെ വിടവുകളിലൂടെ താഴേക്ക് നോക്കുകയോ ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമ ഉൾപ്പടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106 പ്രകാരം ഹോട്ടൽ ഉടമ, കെട്ടിട ഉടമ, ലിഫ്റ്റ് മെയിന്റനൻസ് സ്റ്റാഫ് എന്നിവർക്കെതിരയാണ് ജയനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലിഫ്റ്റിന്റെ അവസ്ഥ, സുരക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0