വണ്ടാനം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി; പല്ലുവേദനയുമായി എത്തിയ യുവാവിന് ഇൻജക്ഷൻ നൽകിയതോടെ കടുത്ത ശാരീരിക അസ്വസ്ഥതകൾ
റിപ്പോർട്ട് :ബൈഷികുമാർ
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. പല്ലുവേദനയുമായി എത്തിയ യുവാവിന് നൽകിയ ഇൻജക്ഷനെ തുടർന്ന് കടുത്ത ശാരീരിക അസ്വസ്ഥതകളും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതായി പരാതി. കഞ്ഞിപ്പാടം സ്വദേശി തരുൺ തങ്കച്ചൻ എന്ന 29കാരനാണ് ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് ദുരിതത്തിലായിരിക്കുന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് യുവാവിന്റെ കുടുംബം.പല്ലുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10:30 ഓടെയാണ് കഞ്ഞിപ്പാടം ലക്ഷംവീട് കോളനി നിവാസി തരുൺ തങ്കച്ചൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവിടെ കിടത്ത് ചികിത്സയിലായിരുന്ന പിതാവിനെ കൂട്ടിരിക്കാൻ വന്നതായിരുന്നു തരുൺ. പല്ലുവേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വേദനയുള്ള ഭാഗം മരവിപ്പിച്ച ശേഷം മാത്രമേ പരിശോധിക്കാൻ സാധിക്കൂ എന്ന് വ്യക്തമാക്കിയ ഡ്യൂട്ടി ഡോക്ടർ, തരുണിന് പല്ലുവേദന ഉള്ള ഭാഗത്ത് ഇൻജക്ഷൻ നൽകി. എന്നാൽ, ഈ ഇൻജക്ഷന് പിന്നാലെ തരുണിന് ശക്തമായ തലകറക്കവും കടുത്ത ശരീരവേദനയും അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഒ.പിയിലെ ഡോക്ടറെ വീണ്ടും കാണിച്ചപ്പോൾ, വേദന മാറാനായി ‘ലോക്കൽ അനസ്തേഷ്യ’ അരയ്ക്ക് നൽകണമെന്ന് ഡോക്ടർ നിർദേശിച്ചതായി കുടുംബം പറയുന്നു. എന്നാൽ എന്തിനാണ് ഈ അവസ്ഥയിൽ അരയ്ക്ക് അനസ്തേഷ്യ നൽകുന്നത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഡോക്ടർമാർ തയ്യാറായില്ല. കൃത്യമായ ചികിത്സ നൽകാതെ ഒടുവിൽ വേദനസംഹാരികൾ നൽകി വീണ്ടും മടക്കി അയക്കാൻ ശ്രമിച്ചെങ്കിലും, രോഗിയുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് അന്നുതന്നെ വൈകുന്നേരം വീണ്ടും അത്യാഹിത വിഭാഗത്തിൽ കാണിക്കുകയായിരുന്നു. നിലവിൽ ഏഴാം വാർഡിൽ തരുണിനെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.ഇൻജക്ഷൻ എടുത്തത് മുതൽ തനിക്ക് കടുത്ത തലകറക്കവും വേദനയുമാണെന്ന് തരുൺ പറഞ്ഞു. കഞ്ഞി കുടിക്കാനോ വെള്ളം തൊണ്ട തൊടാനോ പറ്റുന്നില്ല. ഡോക്ടർമാരോട് ചോദിച്ചാൽ ഒരു മറുപടിയുമില്ല. കൃത്യമായ ചികിത്സ നൽകാത്തത് കൊണ്ടാണ് താൻ ഈ അവസ്ഥയിലായത്. പല മരുന്നുകൾ നൽകിയിട്ടും വേദന മാറുന്നില്ലെന്നും ഇതിനോടകം തന്നെ പത്തോളം ട്രിപ്പുകൾ തനിക്ക് നൽകിയെന്നും യുവാവ് വ്യക്തമാക്കി.
എന്നാൽ ചികിത്സാ പിഴവ് അല്ലെന്നും ഉടൻതന്നെ രോഗം ഭേദമാകും എന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. അതേസമയം ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് തരുണും കുടുംബവും ആവശ്യപ്പെട്ടു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് തരുണിന്റെ മാതാവ് രജനി പരാതി നൽകിയിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0