നമ്മുടെ മാവേലി സ്റ്റോർ ന്യുയോർക്കിൽ; മലയാളികൾക്ക് കൗതുകമല്ല എന്നാൽ ട്രംപിനോ? വൈറലായി ഡോ തോമസ് ഐസകിൻ്റെ പോസ്റ്റ്
റിപ്പോർട്ട് :ബൈഷി കുമാർ
അമേരിക്കയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേയും ട്രംപിൻ്റെ നാട്ടിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടു വരുന്ന മംദാനിയുടെ തീരുമാനങ്ങളേയും കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഡോ തോമസ് ഐസകിൻ്റെ സമൂഹമാധ്യമ പോസ്റ്റ് വൈറലാകുന്നു. ട്രംപ് എങ്ങനെയൊക്കെയാണ് ജനങ്ങൾക്കെതിരെ നിലപാടുറപ്പിക്കുന്നതെന്ന് പോസ്റ്റിൽ അദ്ദേഹം കുറിക്കുന്നു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നമ്മുടെ മാവേലി സ്റ്റോർ ന്യുയോർക്കിൽ. ഇടതുപക്ഷ മേയർ സൊഹ്റാൻ മംദാനി ആരംഭിക്കാൻ പോകുന്ന ന്യായവില സൂപ്പർ മാർക്കറ്റുകളുടെ പേര് ഇനിയും തീരുമാനിക്കാൻ പോകുന്നേയുള്ളൂ. താങ്ങാനാകുന്ന ജീവിതച്ചെലവ് (affordability) എന്ന മുദ്രാവാക്യവുമായി മത്സരിച്ച് ട്രംപിന്റെ നാട്ടിൽ വിജയക്കൊടി നാട്ടിയ മംദാനി തന്റെ ഭരണത്തിന്റെ നൂറാംദിനാഘോഷങ്ങൾക്കിടയിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഈ ന്യായവില സൂപ്പർ മാർക്കറ്റുകൾ.
നമ്മൾ, മലയാളികൾക്ക് ഇതിൽ പ്രത്യേകിച്ചൊരു കൗതുകവുമുണ്ടാകില്ല. എന്നാൽ ട്രംപിന്റെ അമേരിക്കയിൽ ഇത് ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ്. സർക്കാർ ഇത്തരത്തിലുള്ള നേരിട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ നിന്നും പിന്മാറണമെന്നതാണ് ട്രംപിന്റെ നയം. പാവങ്ങൾക്കുള്ള സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, ഭക്ഷണം, വീട്ടുവാടക സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ തുടങ്ങിയവയൊക്കെ ട്രംപ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു നേർവിപരീത നയമാണ് മംദാനി പിന്തുടരാൻ ഉദ്ദേശിക്കുന്നത്.
ഇത് ന്യുയോർക്ക് നഗരഭരണത്തെ താറുമാറാക്കുമെന്നാണ് ട്രംപിന്റെ പ്രവചനം. ഇപ്പോൾ തന്നെ ബജറ്റ് കമ്മി അഞ്ച് ബില്യൺ ഡോളറിനു മുകളിലാണ്. പണം എവിടെ? ഇതിനുള്ള മംദാനിയുടെ ഉത്തരമാണ് പണക്കാരിൽ നിന്ന് നികുതി പിരിക്കുക എന്നത്. ഇതിൽ ഒരു നിർദ്ദേശം, ന്യുയോർക്ക് ഗവർണ്ണർ അംഗീകരിച്ചു. അതുപ്രകാരം ആളുകൾ താമസിക്കാത്ത, 50 ലക്ഷം ഡോളറിലേറെ വിലയുള്ള വീടോ ഫ്ലാറ്റോ ന്യുയോർക്കിൽ ഉണ്ടെങ്കിൽ അതിന് പ്രത്യേക ടാക്സുകൾ ചുമത്തും. 500 കോടി ഡോളർ ഇതുവഴി സമാഹരിക്കാനാകും. അത് ഉപയോഗിച്ചാണ് ന്യായവില സൂപ്പർ മാർക്കറ്റുകൾ ആരംഭിക്കുന്നത്.
കേൾക്കേണ്ട താമസം, ട്രംപ് അലറിവിളിച്ചിരിക്കുകയാണ്. ട്രംപിന്റെ പോസ്റ്റ് ആദ്യ കമന്റിൽ കൊടുത്തിട്ടുണ്ട്. നികുതി! നികുതി! സർവ്വനാശത്തിലേക്കുള്ള ന്യുയോർക്കിന്റെ വഴി. എന്നാണ് ട്രംപിന്റെ പോസ്റ്റ്. ട്രംപ് ആകട്ടെ നികുതിയിളവുകൾ പ്രഖ്യാപിക്കാൻ ലാസ് വെഗാസ് യാത്ര തിരിച്ചിരിക്കുകയാണ്. ഇന്നായിരിക്കും പ്രഖ്യാപനം.
അമേരിക്കയിലേക്കുള്ള ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച് സമാഹരിച്ച പണം അമേരിക്കക്കാർക്ക് ഇൻകം ടാക്സ് ഇളവായി ട്രംപ് പ്രഖ്യാപിക്കാൻ പോവുകയാണ്. എല്ലാവർക്കുമുള്ള ഇൻകം ടാക്സ് ഇളവിനു പുറമേ ഓവർ ടൈം കൂലിക്കും ടിപ്പുകൾക്കും കാർ വായ്പയ്ക്കുള്ള പലിശയിന്മേലും വയോജനങ്ങൾക്കും പ്രത്യേക നികുതിയിളവുണ്ട്. ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ തൊഴിലാളികളുമായുള്ള റൗണ്ട് ടേബിളിൽവച്ചാണ് നികുതിയിളവുകൾ അനാവരണം ചെയ്യുക. പിറ്റേന്ന്, വൈറ്റ് ഹൗസിൽ വച്ച് പത്രസമ്മേളനവും.
നികുതി നയം സംബന്ധിച്ച് 2025 ജൂലൈ മാസത്തിൽ പാസ്സാക്കിയ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിലെ നിർദ്ദേശങ്ങളാണ് പടിപടിയായി നടപ്പാക്കുന്നത്. 4-5 ലക്ഷം കോടി ഡോളറിന്റെ നികുതിയിളവ് മൊത്തത്തിൽ ഉണ്ടാകും. പക്ഷേ, ആർക്കാണ് ഇതിന്റെ ഗുണം?
ഏറ്റവും പണക്കാരായ ഒരു ശതമാനത്തിന് 117 ബില്യൺ ഡോളർ അതായത് ഏറ്റവും പാവപ്പെട്ട 60 ശതമാനത്തേക്കാൾ കൂടുതൽ നികുതിയിളവ് ലഭിക്കും. ഏറ്റവും പണക്കാരായ 5 ശതമാനത്തിനാണ് നികുതിയിളവിന്റെ 45 ശതമാനവും ലഭിക്കുക. ഏറ്റവും പണക്കാരായ 20 ശതമാനം പേർക്കായിരിക്കും നികുതിയിളവിന്റെ 70 ശതമാനവും ലഭിക്കുക.
അതേസമയം, ഇറക്കുമതി തീരുവയുടെ ഭാരം കൂടുതൽ സാധാരണക്കാരുടെ വരുമാനത്തിന്മേലാണ് പതിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ട്രംപ് നൽകുന്ന നികുതിയിളവ് സാധാരണക്കാരുടെ ക്രയശേഷിയെ വർദ്ധിപ്പിക്കുന്നില്ല. അസൽനേട്ടം പണക്കാർക്കു മാത്രം.
ട്രംപ് എന്ത് വേണമെങ്കിലും പറയട്ടെ, മംദാനി മുന്നോട്ട് പോകാനാണ് തീരുമാിച്ചിട്ടുള്ളത്. അതിന്റെ ആദ്യപടിയാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കു മേലുള്ള നികുതിയും ആ പണം ഉപയോഗിച്ചുള്ള സൂപ്പർ മാർക്കറ്റുകളും. മംദാനി പുതിയ സംരംഭത്തിൽ വിജയിച്ചാൽ അത് അമേരിക്കൻ രാഷ്ട്രീയത്തിലെ ഒരു നിർണ്ണായക ഇപടെലയാരിക്കും
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0