സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കും; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

റിപ്പോർട്ട് :ബൈഷികുമാർ

Apr 1, 2026 - 13:36
സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കും; വിചാരണ നേരിടണമെന്ന് ഹൈക്കോടതി

*കൊച്ചി: ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ ലോക്സഭാം​ഗത്വം റദ്ദാക്കണമെന്ന ഹര്‍ജി നിലനിൽക്കുമെന്ന് ഹൈക്കോടതി. സിപിഐ നേതാവ് എ എസ് ബിനോയ് ആണ് ഹർജി നൽകിയത്. ഹർജി തള്ളണമെന്ന സുരേഷ് ​ഗോപിയുടെ ഉപഹർജി ഹൈക്കോടതി സിം​ഗിൾ ബെഞ്ച് തള്ളി. സുരേഷ് ​ഗോപി വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

തൃശൂർ ലോക്സഭാ മണ്ഡലത്തിൽനിന്നും വിജയിച്ച സുരേഷ് ​ഗോപി തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മതചിഹ്നങ്ങൾ ഉപയോ​ഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം ഹർജിക്കാരൻ കൈമാറിയിരുന്നു. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ​ഗോപിയുടെ വാദമാണ് ഹൈക്കോടതി തള്ളിയത്.

ഹൈക്കോടതി ഇടപെടൽ സ്വാ​ഗതാർഹമാണെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽകുമാർ പ്രതികരിച്ചു. മതത്തെ ദുരുപയോ​ഗിച്ചും വോട്ടർമാരെ സ്വാധീനിക്കാൻ പണവും ഉപഹാരങ്ങളും നൽകിയുമാണ് സുരേഷ് ​ഗോപി പ്രചാരണം നടത്തിയത്. ആരോപണങ്ങൾക്ക് അടിസ്ഥാനമായ എല്ലാ തെളിവുകളും കോടതിക്ക് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. തുടർനടപടികളിൽ ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സുനിൽകുമാർ പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0