ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്

റിപ്പോർട്ട് :ബൈഷികുമാർ

Mar 27, 2026 - 12:03
ഒറ്റയടിക്ക് കേന്ദ്രത്തിന് നഷ്‌ടമാവുക 1.55 ലക്ഷം കോടി; എണ്ണക്കമ്പനികൾ കൊള്ളലാഭം കൊയ്യാതിരിക്കാൻ ഇന്ധന കയറ്റുമതിക്ക് വിൻഡ്‌ഫാൾ ടാക്‌സ്

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതിനിടെ, കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചു. ഈ തീരുമാനം എണ്ണക്കമ്പനികൾക്ക് ആശ്വാസം നൽകുമെങ്കിലും സർക്കാർ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമുണ്ടാക്കും. ഇന്ധന കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തിയതോടെ എണ്ണക്കമ്പനികളുടെ ഓഹരികളിൽ സമ്മിശ്ര പ്രതികരണമാണ് വിപണിയിൽ ദൃശ്യമായത്.ദില്ലി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറക്കാനുള്ള തീരുമാനം രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് വലിയ ആശ്വാസമായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം മൂലം എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ കുറയ്ക്കാനും അതേസമയം ജനത്തിന് മേൽ അധികഭാരം അടിച്ചേൽപ്പിച്ചുവെന്ന പ്രതീതി ഒഴിവാക്കാനും കേന്ദ്രസർക്കാരിന് ഈ നീക്കത്തിലൂടെ സഹായിക്കും. പുതിയ ഉത്തരവ് പ്രകാരം ഒരു ലിറ്റർ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 3 രൂപയാണ്, 10 രൂപ കുറച്ചു. ഡീസലിന്റെ കാര്യത്തിൽ, എക്‌സൈസ് ഡ്യൂട്ടി പൂർണമായി ഒഴിവാക്കി. ഇതോടെ ഒരു ലിറ്റർ പെട്രോൾ-ഡീസൽ വിൽക്കുമ്പോൾ എണ്ണക്കമ്പനികൾക്ക് പത്ത് രൂപ അധികം ലഭിക്കും.ഈ നീക്കം കേന്ദ്ര സർക്കാരിൻ്റെ ഖജനാവിന് 1.55 ലക്ഷം കോടിയുടെ ഭാരമാകുമെന്നാണ് കരുതുന്നത്. നികുതി കുറയ്ക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വരുമാനത്തെ കാര്യമായി ബാധിക്കും. പ്രതിവര്‍ഷം ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ധനനഷ്ടമാണ് ഇതിലൂടെ സര്‍ക്കാരിനുണ്ടാകുക. കൂടാതെ, വിൻഡ്ഫോൾ ടാക്സിലും മാറ്റം വരുത്തും. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ കമ്പനികൾ അധിക ലാഭം കൊയ്യുന്നത് തടയാനുള്ള സർക്കാരിൻ്റെ ആയുധമായി വിലയിരുത്തുന്നതാണ് വിൻഡ്ഫോൾ ടാക്‌സ്. ഡീസല്‍ കയറ്റുമതിക്ക് മേലെ ലിറ്ററിന് 21.5 രൂപ വിൻഡ്ഫോൾ ടാക്‌സ് നിശ്ചയിച്ചിട്ടുണ്ട്. പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടിയില്‍ നിന്ന് വിമാന ഇന്ധനത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. എന്നാല്‍ കയറ്റുമതി ചെയ്യുമ്പോള്‍ ലിറ്ററിന് 29.5 രൂപ നികുതി നല്‍കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ പരമാവധി ഇന്ധനം ഇന്ത്യൻ വിപണിയിൽ തന്നെ വിറ്റഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കയറ്റുമതിയിലൂട കമ്പനികൾ നേടുന്ന അധിക ലാഭത്തിൻ്റെ വിഹിതം സർക്കാർ ഖജനാവിലെത്തുന്നു എന്ന് ഉറപ്പിക്കാനും സാധിക്കും.

എക്സൈസ് തീരുവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ എണ്ണക്കമ്പനികളുടെയെല്ലാം ഓഹരികൾ വിപണിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു. നിക്ഷേപകർ ഓഹരി വാങ്ങിക്കൂട്ടാൻ തിടുക്കം കാട്ടിയതോടെ എച്ച്.പി.സി.എല്‍ ഓഹരി മൂല്യം 1.26% വര്‍ധിച്ച് 348.35 രൂപയിലെത്തി. ബി.പി.സി.എല്‍ ഓഹരി മൂല്യം 1.14% നേട്ടത്തോടെ 287.80 രൂപയായി. ഒ.എൻ.ജി.സി ഓഹരി മൂല്യം 0.61% വര്‍ധിച്ച് 271.85 രൂപയിലെത്തി. ഗുജറാത്ത് സ്റ്റേറ്റ് പെട്രോനെറ്റ് (0.92%), മഹാനഗര്‍ ഗ്യാസ് (0.75%), പെട്രോനെറ്റ് എല്‍.എന്‍.ജി (0.42%) എന്നിവയും നേട്ടമുണ്ടാക്കി. നികുതി ഇളവ് പ്രഖ്യാപിച്ചിട്ടും ചില പ്രമുഖ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.41% ഇടിഞ്ഞ് 1,393.20 രൂപയിലെത്തി. ഗുജറാത്ത് ഗ്യാസ് (1.28%), അദാനി ടോട്ടല്‍ ഗ്യാസ് (0.86%), ഐ.ഒ.സി (0.05%) എന്നിവയും നഷ്ടം നേരിട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0