പദ്ധതി പൂർത്തീകരണത്തിൽ വികസനസമിതിയുടെ പങ്ക് നിർണായകമെന്ന് എം എൽ എമാർ*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 1, 2026 - 22:42
പദ്ധതി പൂർത്തീകരണത്തിൽ വികസനസമിതിയുടെ പങ്ക് നിർണായകമെന്ന് എം എൽ എമാർ*

ഐപിആർഡി

ജില്ലാ ഇൻഫർമേഷൻ ഓഫിസ്

തിരുവനന്തപുരം

വാർത്താക്കുറിപ്പ്

28 ഫെബ്രുവരി 2026

  

*പദ്ധതി പൂർത്തീകരണത്തിൽ വികസനസമിതിയുടെ പങ്ക് നിർണായകമെന്ന് എം എൽ എമാർ*

 ജില്ലയിലെ വികസനപദ്ധതികളുടെ പൂർത്തീകരണത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വികസനസമിതിയുടെയും പങ്ക് നിർണായകമെന്ന് എം എൽ എ മാരായ സി കെ ഹരീന്ദ്രനും കെ ആൻസലനും. പലപദ്ധതികളും സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞത് ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വികസന സമിതിയുടെയും പിന്തുണ കൊണ്ടാണെന്നും വികസനസമിതിയിൽ ഉന്നയിക്കുന്ന കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാവുന്നതായും സി കെ ഹരിന്ദ്രൻ അഭിപ്രായപ്പെട്ടു. ചിലപ്പൊഴൊക്കെ ഉദ്യോഗസ്ഥരെ വിമർശിക്കേണ്ടി വന്നിട്ടുണ്ടെന്നും അത് നാടിന്റെ പുരോഗതി ലക്ഷ്യമാക്കി മാത്രമാണെന്നും അദ്ദേഹം കൂട്ടി ചേർത്തപ്പോൾ ജില്ലാ വികസന സമിതിയുടെ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ സമയോചിതമായി പരിഹരിക്കാൻ കഴിഞ്ഞതായി നെയ്യാറ്റിൻകര എം എൽ എ കെ ആൻസലൻ പറഞ്ഞു.. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവസാന ഡി ഡി സി യോഗത്തിലാണ് എം എൽ എ മാർ ഇക്കാര്യം വ്യക്തമാക്കിയത്. 

തൊഴിലുറപ്പ് തൊഴിലാളികൾക്ക് മതിയായ തൊഴിൽ ദിനം ലഭ്യമാകാത്ത സാഹചര്യത്തിൽ അത് ഉറപ്പാക്കുകയോ തൊഴിലില്ലായ്മ വേതനം നൽകുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ ആവശ്യപ്പെട്ടു.പാറശ്ശാല താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗം ഉടൻ തുറന്നുപ്രവർത്തിപ്പിക്കണം. മണ്ഡലത്തിൽ പുതുതായി ആരംഭിക്കുന്ന ഡയറി സയൻസ് കോളേജിന്റെ നിർമ്മാണ ഉദ്ഘാടനം മാർച്ച്‌ ആറിന് നടത്താൻ തീരുമാനിച്ചിട്ടുള്ളതായും എം എൽ എ അറിയിച്ചു. ആര്യങ്കോട് ശ്മശാനം, പനച്ചമൂട് മത്സ്യമാർക്കറ്റിന്റെ നിർമ്മാണ പ്രവൃത്തികൾ, കുന്നത്തുകാൽ സ്റ്റേഡിയ നിർമ്മാണം, കുടുവീട്ടീൽ കടവ് പാലം, ഡിജിറ്റൽ സർവേ നടപടികൾ എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

 നെയ്യാറ്റിൻകര മണ്ഡലത്തിലെ കരമന നാലുവരി പാത, നെയ്യാറ്റിൻകര ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, വെൺപകൽ ഐസലോഷൻ വാർഡ് നിർമ്മാണം, നഗരസഭാ പ്രദേശത്തെ കുടിവെള്ള പ്ലാന്റിന്റെ നിർമ്മാണം, പൊഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസന പ്രവർത്തനങ്ങൾ, കോടതിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ പുരോഗതി ആൻസലൻ എം എൽ എ വിലയിരുത്തി. 

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ വിവിധ തീര പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണെന്ന് അടൂർ പ്രകാശ് എം പിയുടെ പ്രതിനിധി എം ജെ ആനന്ദ് ഉന്നയിച്ചു. വേനൽക്കാലം കടുക്കുന്നതോടെ ജില്ലയുടെ വിവിധഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കാനുള്ള സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാവികസന സമിതിയോഗത്തിൽ തീരുമാനമായി. ചിറയിൻകീഴ് താലൂക്കിലെ വക്കം റൂറൽ ഹെൽത്ത് സെന്ററിലെ പ്രവർത്തനം പഴയപോലെ മതിയായ സ്റ്റാഫുകളെ ഉൾക്കൊള്ളിച്ച് നടപ്പാക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. 

വർക്കല മണ്ഡലത്തിലെ പുന്നമൂട്, വെൺകുളം റെയിൽവേ മേൽപ്പാലം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി ജോയി എം എൽ എയുടെ പ്രതിനിധി വി മദനകുമാർ വിലയിരുത്തുകയും വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്തു. 

100 ശതമാനം പദ്ധതിവിഹിതവിനിയോഗം പൂർത്തിയാക്കിയ 13 വകുപ്പുകളെ ജില്ലാ വികസന സമിതിയോഗം അഭിനന്ദിച്ചു. ജില്ലയിൽ നടന്നുവരുന്ന പദ്ധതികൾ നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് മുന്നേ വേഗത്തിൽ പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ പ്രവീൺ പി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0