*റിപബ്ലിക് ദിനാഘോഷം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥി*

റിപ്പോർട്ട്‌ :ബൈഷി

Jan 25, 2026 - 09:29
Jan 25, 2026 - 09:31
*റിപബ്ലിക് ദിനാഘോഷം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥി*

PRESS RELEASE 24/01/2026

*റിപബ്ലിക് ദിനാഘോഷം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യാതിഥി*

ജില്ലയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. ജനുവരി 26ന് ആശ്രാമം മൈതാനത്താണ് പരിപാടികള്‍. രാവിലെ 8.50ന് പരേഡ് അണിചേരും. 8.52ന് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. 9.02ന് മുഖ്യാതിഥിയായി മന്ത്രി എത്തും. 9.05ന് പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധിക്കും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്, ശേഷം റിപബ്ലിക്ദിന സന്ദേശം നല്‍കും. തുടര്‍ന്ന് മെമന്റോകളുടെ വിതരണം നടത്തി ദേശീയഗാനത്തോടെ സമാപനം. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പൊലിസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍, റൂറല്‍ എസ്.പി. വിഷ്ണുപ്രദീപ്, എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യമുണ്ടാകും.  

പൊലീസ്, എക്സൈസ്, വനം, സ്റ്റുഡന്റ് പോലീസ്, അഗ്‌നിരക്ഷാസേന, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയ വിഭാഗങ്ങളുടെ പ്ലറ്റൂണുകള്‍-ബാന്‍ഡ് സംഘങ്ങളും പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്ക് കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ സ്വകാര്യ ബസുകളിലും കണ്‍സഷന്‍ ലഭിക്കും. 

പൂര്‍ണമായും ഹരിതചട്ടം ഉറപ്പാക്കിയാകും ചടങ്ങുകള്‍. പ്ലാസ്റ്റിക്‌നിര്‍മിത ദേശീയപതാകകളുടെ ഉത്പാദനവും വിതരണവും വില്‍പനയും പ്രദര്‍ശനവും നിരോധിച്ചിട്ടുണ്ട്. കടകളില്‍ പ്ലാസ്റ്റിക് പതാകകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. മൈതാനത്ത് ആംബുലന്‍സ് സഹിതം ആരോഗ്യസംഘമുണ്ടാകും. എല്ലാ ജീവനക്കാരും റിപബ്ലിക് ദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്നും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യകേന്ദ്രങ്ങളിലും ദേശീയപതാക ഉയര്‍ത്തി ചടങ്ങ് സംഘടിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

(പി.ആര്‍.കെ നമ്പര്‍ 215/2026)

*സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: ക്ഷേമപദ്ധതികള്‍ ആശ്വാസകരം - വെട്ടിക്കവല നിവാസികള്‍*

സ്ത്രീകളുടെക്ഷേമം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലുള്ളവര്‍ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. സാമൂഹിക ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നുണ്ട് - സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിന് എത്തിയ സന്നദ്ധ സേനാംഗങ്ങളോട് വെട്ടിക്കവല നിവാസികള്‍ പറഞ്ഞു. റോഡുകള്‍ പുനര്‍ നിര്‍മിക്കണം, തകരാര്‍ സംഭവിച്ച വഴിവിളക്കുകള്‍ പ്രകാശിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും പങ്കുവെച്ചു. 

കോട്ടവട്ടം ഹൈസ്‌കൂളിന്താഴെ നരിക്കല്‍-മടന്തക്കുഴി റോഡില്‍ മാലിന്യംതള്ളുന്നത് തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമാകുന്നു. മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനം വേണം. നിക്ഷേപിക്കുന്നത് കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിക്കണം. പഞ്ചായത്തില്‍ ഇതുവരെ നൂറോളം വീടുകള്‍ സന്ദര്‍ശിച്ച് അഭിപ്രായശേഖരണം നടത്തി. വരും ദിവസങ്ങളിലും വിവരശേഖരണം തുടരും.

(പി.ആര്‍.കെ നമ്പര്‍ 216/2026)

*ഗതാഗത നിരോധനം*

 വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-അരമത്തുമഠം-ഓച്ചിറ റോഡില്‍ കാമ്പിശ്ശേരി മുതല്‍ ഓച്ചിറ ജംഗ്ഷന്‍ വരെ അറ്റകുറ്റപണികള്‍ നടത്തേണ്ടതിനാല്‍ ജനുവരി 26 മുതല്‍ ഒരു മാസത്തേക്ക് ഈ വഴിയില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തും. കാമ്പിശ്ശേരി വഴി വരുന്ന വാഹനങ്ങള്‍ കോട്ടപ്പുഴയ്ക്കല്‍ തഴവ റോഡ് ചൂനാട് ജങ്ഷനിലെത്താം. ചൂനാട് മുതല്‍ ഓച്ചിറ വരെ ടാറിങ് നടക്കുന്ന സമയത്ത് രാത്രികാലങ്ങളില്‍ ഭാഗികമായി ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്നും കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 217/2026)

*ഗതാഗതനിയന്ത്രണം*

  കൊട്ടാരക്കര ലിങ്ക് റോഡില്‍ പിട്ടാപ്പിള്ളി ഏജന്‍സീസ് മുതല്‍ ടി.ബി ജംഗ്ഷന്‍ വരെയുള്ള മൈനര്‍ റോഡ് -4ല്‍ ജനുവരി 26 മുതല്‍ ഒരുമാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി- പി.എം.യു എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 218/2026)

*ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ്*

  മുട്ടട ഐ.എച്ച്.ആര്‍.ഡി റീജിയണല്‍ സെന്ററില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നാല് വര്‍ഷ ബിരുദപ്രോഗ്രാമിനായി കോമേഴ്സ്, മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയിനിംഗ് നല്‍കും. ഫോണ്‍: 8547005087, 9495069307, 9400519491, 0471 2660512.

(പി.ആര്‍.കെ നമ്പര്‍ 219/2026)

 

*ഉല്ലാസ് - ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; 1687 പേര്‍ പരീക്ഷയെഴുതും*

 സംസ്ഥാന സാക്ഷരതാ മിഷന്റെ ‘ഉല്ലാസ്' ന്യൂ ഇന്ത്യ ലിറ്ററസി മിഷന്റെ മൂന്നാംഘട്ടം സാക്ഷരതാ- മികവുത്സവത്തില്‍ ജില്ലയില്‍ 20 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1687 പഠിതാക്കള്‍ പരീക്ഷയെഴുതും. 1350 പേര്‍ സ്ത്രീകളും 337 പേര്‍ പുരുഷന്‍മാരുമാണ്. എസ്.സി വിഭാഗത്തില്‍ നിന്നും 792 പേരും എസ്.റ്റി -3, ഭിന്നശേഷി-13, ജനറല്‍ വിഭാഗം 879 പേരും ഉള്‍പ്പെടുന്നു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരീക്ഷാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.

(പി.ആര്‍.കെ നമ്പര്‍ 220/2026)

 

*കേരള വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു*

കേരള വനിതാ കമ്മീഷന്‍ 2025-ലെ മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം, ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണംചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ഫീച്ചര്‍, വീഡിയോ, ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ. പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപ സമ്മാനത്തുകയും പ്രശസ്തിപത്രവും ലഭിക്കും.

ആര്‍എന്‍ഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. 2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/ഫീച്ചര്‍, പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഴുവന്‍ പേജ്, വാര്‍ത്തയുടെ നാല് പകര്‍പ്പുകള്‍, ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോയും പ്രസ്തുത വാര്‍ത്തയുടെ മാത്രം എംപി4 ഫോര്‍മാറ്റ് അടങ്ങിയ പെന്‍ഡ്രൈവ്, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ മുഴുവന്‍ പേജ്, ഫോട്ടോയുടെ നാല് പകര്‍പ്പുകള്‍ എന്നിവ ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്സിക്യട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം തപാലായി അയക്കണം. അവസാന തീയതി: ഫെബ്രുവരി ആറ്. വിലാസം- മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം-695004. ഫോണ്‍: 0471 2303659.

(പി.ആര്‍.കെ നമ്പര്‍ 221/2026)

*പരിശീലനം*

കൊട്ടാരക്കര കില സി.എസ്.ഇ.ഡി. യില്‍ ജനുവരി 28 മുതല്‍ 30 വരെ ‘ആട് വളര്‍ത്തല്‍' വിഷയത്തില്‍ പരിശീലനം നടത്തും. 18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലുള്ളവര്‍ക്കാണ് പരിശീലനം. രജിസ്ട്രേഷന്: 7012644256.

(പി.ആര്‍.കെ നമ്പര്‍ 222/2026)

*ക്വട്ടേഷന്‍*  

ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലുള്ള ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തില്‍ ലഘുഭക്ഷണശാല നടത്തിപ്പിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നിരത ദ്രവ്യം : 500 രൂപ. ഫെബ്രുവരി മൂന്ന് ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2593260.

(പി.ആര്‍.കെ നമ്പര്‍ 223/2026)

*ക്വട്ടേഷന്‍*  

കുണ്ടറ റെസ്റ്റ് ഹൗസിലെ ക്യാന്റീന്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്ക് നല്‍കുന്നതിന് മുന്‍പരിചയമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നിരതദ്രവ്യം: 1,300 രൂപ. ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട ഉപവിഭാഗം, കൊല്ലം വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2796290.

(പി.ആര്‍.കെ നമ്പര്‍ 224/2026)

*വാഹനം ആവശ്യമുണ്ട്‌*

  നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലേക്ക് മാസവാടക അടിസ്ഥാനത്തില്‍ വാഹനം (ബൊലേറോ, സ്‌കോര്‍പിയോ അഭികാമ്യം) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 30 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 0476 2680036, 9496007036.

(പി.ആര്‍.കെ നമ്പര്‍ 225/2026)

*ടെന്‍ഡര്‍*

  ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിവിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29 വൈകിട്ട് 3.30 വരെ ചിറ്റുമല ഐ.സി.ഡി.എസ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ : 9446524441.

(പി.ആര്‍.കെ നമ്പര്‍ 226/2026)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0