കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ കേരള ഡയറി എക്സ്പോ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

റിപ്പോർട്ട്‌ :ബൈഷികുമാർ

Jan 19, 2026 - 08:57
കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ കേരള ഡയറി എക്സ്പോ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

*വാർത്താക്കുറിപ്പ് - 18/01/2026*

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊല്ലം*

_സംസ്ഥാന ക്ഷീര സംഗമം; കേരള ഡയറി എക്സ്പോയ്ക്ക് തുടക്കമായി_

*കേരളത്തിലെ പാൽ ഉത്പാദനത്തിൽ 10 ലക്ഷം ലിറ്ററിലധികം വർധന: മന്ത്രി ജെ ചിഞ്ചുറാണി*

കേരളത്തിലെ പാൽ ഉത്പാദനം 10 ലക്ഷം ലിറ്ററിൽ അധികം വർധിച്ചതായി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന ക്ഷീര സംഗമത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ കേരള ഡയറി എക്സ്പോ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

 ആഭ്യന്തര പാൽ ഉത്പാദനം വർധിച്ചുവരികയാണ്. കർഷകർ പലയിടങ്ങളിലും പാൽ നൽകിയശേഷമാണ് ബാക്കി മിൽമയിൽ എത്തിക്കുന്നത്. കൃത്യതയില്ലായ്മ പരിഹരിക്കുന്നതിനായി ഉത്പാദനത്തിലെ യഥാർത്ഥ വർധനവ് കണക്കാക്കുന്നതിന് സർവേ ആരംഭിച്ചതായി അറിയിച്ചു. ഓരോ ക്ഷീരകർഷകനും ഉത്പാദിപ്പിക്കുന്ന പാലിന്റെ അളവ് ഇതുവഴി വ്യക്തമാകും. 

സംസ്ഥാനത്തിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പശുക്കൾ വിതരണം ചെയ്യുന്നതിനായി ഓരോ പശു യൂണിറ്റിനും ഒരു ലക്ഷം രൂപ വരെ സബ്സിഡി അനുവദിച്ചു. തോട്ടം, ഫിഷറീസ് മേഖലകളിലെ തൊഴിലാളികൾക്ക് താൽക്കാലിക തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക ക്ഷീരോത്പാദന പദ്ധതികൾ നടപ്പിലാക്കിയതായും മന്ത്രി വ്യക്തമാക്കി.

മിൽമയുടെ ലാഭത്തിൽ 85 ശതമാനവും ക്ഷീര കർഷകർക്കാണ് നൽകുന്നത്. കൂടുതൽ പാൽ മിൽമയിൽ എത്തിച്ച് ക്ഷീര കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിത ചൂടേറ്റും ചർമരോഗം ബാധിച്ച് മരണപ്പെട്ട പശുക്കൾക്ക് നഷ്ടപരിഹാരമായി 35600 രൂപ വീതം അനുവദിച്ചു. ഇൻഷുറൻസ് ഇല്ലാത്തവർക്ക് ഉൾപ്പെടെ ആനൂകൂല്യം നൽകി. പാലിന്റെ ഉൽപാദനക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്ത് ബ്ലോക്ക്‌ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റ് സജ്ജമാക്കി. രാത്രികാലങ്ങളിലെ അടിയന്തര സമയങ്ങളിലും ഡോക്ടർ ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാകുന്നു. ബാക്കി ഉള്ള ബ്ലോക്കുകളിൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുന്നതായും മന്ത്രി അറിയിച്ചു. 

ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയ സുകുമാരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബിന്ദു, രശ്മി രഞ്ജിത്ത്, ഇളംകുളം നടയ്ക്കൽ ക്ഷീരസംഘം പ്രസിഡന്റ് സുധാകരക്കുറുപ്പ്, എറണാകുളം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് ചെയർപേഴ്സൺ സി. എൻ. വത്സലൻ പിള്ള, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ ആർ രശ്മി, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. 

*പടവ് 2026: രുചി വിളമ്പി ഷെഫ് പിള്ള*

സംസ്ഥാന ക്ഷീര സംഗമം പടവ് 2026 വേദിയിൽ രുചിയുടെ പ്രത്യേക കൂട്ട് വിളമ്പി ഷെഫ് പിള്ളയുടെ ലൈവ് കുക്കറി ഷോ. പാൽ ഉൽപ്പന്നമായ പനീർ വിഭവമാണ് തയ്യാറാക്കിയത്. വിഭവങ്ങളുടെ സ്വാദ് അറിയാൻ മന്ത്രി ജെ. ചിഞ്ചുറാണിയുമെത്തി.  

*വർണാഭമായി വിളംബര ഘോഷയാത്ര*

സംസ്ഥാന ക്ഷീര സംഗമം ഡയറി എക്സ്പോ ഉദ്ഘാടനത്തിന് മുന്നോടിയായി ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മുതല്‍ ആശ്രാമം മൈതാനം വരെ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര മന്ത്രി ജെ ചിഞ്ചുറാണി ഫ്‌ളാഗ് ഓഫ് ചെയ്തു. മേയർ എ.കെ. ഹാഫിസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കൗൺസിലർ കുരുവിള ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ആർ. ദിലീപ് കുമാർ, അഡ്വ. വി. സുമലാൽ, സന്തോഷ് മതിര, ടി. അജയൻ, കെ.ആർ. മോഹനൻ പിള്ള (കെ സി എം എം എഫ്), വിവിധ ക്ഷീരസംഘങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു.

കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങളും ജില്ലയിലെ പതിമൂന്നു ക്ഷീര വികസന- വിജ്ഞാന വ്യാപന യൂണിറ്റുകൾ ഒരുക്കിയ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഫ്ലോട്ടുകളും ഘോഷയാത്രയ്ക്ക് പ്രത്യേക നിറം നൽകി. തിരുവനന്തപുരം ഡെയറി സയൻസ് കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബും അവതരിപ്പിച്ചു. 

*ബഹുകേമം പടവ് 2026: ക്ഷീരകർഷകരെ ഇതിലെ ഇതിലെ..*

*100 സ്റ്റാളുകളുമായി കേരള ഡയറി എക്സ്പോയ്ക്ക് തുടക്കം*

സംസ്ഥാന ക്ഷീരകർഷക സംഗമം പടവ് 2026ന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് ജനുവരി 21 വരെ നടക്കുന്ന ഡയറി എക്സ്പോയിൽ വിസ്മയ ക്ഷീര കാഴ്ചകൾ. ക്ഷീരമേഖലയിലെ നൂതന സാങ്കേതിക വിദ്യകളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തുന്ന എക്സ്പോയിൽ 100 ഓളം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ സർക്കാർ വകുപ്പുകൾ, കാലിത്തീറ്റയും സപ്ലിമെന്റുകളും നിർമ്മിക്കുന്ന കമ്പനികൾ, വെറ്ററിനറി മെഡിസിൻ ഉൽപാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ഉൾപ്പെടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

ക്ഷീരമേഖലയിൽ യന്ത്രവൽക്കരണത്തിന് സഹായിക്കുന്ന ഉപകരണങ്ങളുടെ ഡീലർമാർ, പാൽ ഉൽപ്പന്ന നിർമ്മാണത്തിനായി ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങൾ, എസ്ബിഐ, കേരള ബാങ്ക് തുടങ്ങിയ ബാങ്കുകൾ, വിവിധ ഇൻഷുറൻസ് സ്ഥാപനങ്ങൾ, വേസ്റ്റ് മാനേജ്മെന്റിന് ആവശ്യമായ സാമഗ്രികൾ നിർമ്മിക്കുന്ന കമ്പനികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ നിതാര എന്നിവ ഉൾപ്പെടുന്നു. 

ക്ഷീര വികസന വകുപ്പിന്റെ “ഫാം ടു ഫോർക്കു” എന്ന തീമിൽ അധിഷ്ഠിതമായ സ്റ്റാൾ എക്സ്പോയുടെ പ്രത്യേകയാണ്. പശുവിന്റെ അകിടിൽ നിന്ന് ചുരത്തുന്ന പാൽ ഉപഭോക്താവിലേക്ക് എത്തുന്നതുവരെ കടന്നുപോകുന്ന വിവിധ ഘട്ടങ്ങളും പ്രക്രിയകളും സ്റ്റാളിൽ വിപുലമായി അവതരിപ്പിച്ചിട്ടുണ്ട്. പാൽ ശേഖരണം, ഗുണനിലവാര പരിശോധന, സംസ്കരണം, പാക്കേജിംഗ്, വിതരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ദൃശ്യാവിഷ്കാരങ്ങൾ, മാതൃകകൾ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിട്ടുണ്ട്. 

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിൽ ഗിനി പന്നി, വെള്ള ഗിനി പന്നി, മുയൽ തുടങ്ങി അരുമകളുടെ മൃഗങ്ങളുടെ പ്രദർശനവും വിഗോവ, ഗിവി കോഴി, ബ്രഹ്മ തുടങ്ങി വിവിധയിനം കോഴികളുടെ പ്രദർശനവും കൗതുകമാകുന്നു. എക്സ്പോയിൽ വിവിധ സ്റ്റാളുകളിൽ സന്ദർശകരായി എത്തുന്ന ക്ഷീരകർഷകരിൽ നിന്ന് കൂപ്പൺ മുഖേന തിരഞ്ഞെടുക്കുന്നവർക്ക് 50 കിലോ കാലിത്തീറ്റ സൗജന്യമായി നൽകും. മിൽക്ക് പ്രോസസിങ് പ്ലാന്റ്, ക്ഷീരവികസന യൂണിറ്റ് എന്നിവയുടെ മാതൃകയും പാലുൽപന്നങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. എക്സ്പോയ്ക്ക് മിഴിവേകാൻ കുരിയോട്ടുമല ഡയറി ഫാമിലെ അരുമ മൃഗങ്ങൾ, അലങ്കാരമത്സ്യങ്ങളും അടുത്ത് കാണാനുള്ള അവസരവും എക്സ്പോയിലുണ്ട്. കുരിയോട്ടുമല ഡയറി ഫാമിൽ ഉല്പാദിപ്പിച്ച പച്ചക്കറികളും വിപണത്തിനായി എത്തിച്ചിട്ടുണ്ട്. 

കാർഷിക വിളകൾ, കറി പൗഡറുകള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, നിത്യോപയോഗസാധനങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന 70 ലധികം ഉൽപ്പന്നങ്ങളാണ് വിപണനത്തിന് സജ്ജീകരിച്ചിട്ടുള്ളത്. 3000 മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ഡയറി ഉപകരണങ്ങൾ വിലക്കുറവിൽ ക്ഷീരകർഷകർക്ക് സ്വന്തമാക്കാം. രുചി വൈവിധ്യങ്ങൾ ഒരുക്കി കുടുംബശ്രീ, മിൽമ, കോളേജ് ഓഫ് ഡയറി ടെക്നോളജിയും എക്സ്പോയിലുണ്ട്. പ്രവേശനം സൗജന്യം.

*ശ്രീനാരായണ ഗുരു പ്രതിമ അനാച്ഛാദനം 19ന് മുഖ്യമന്ത്രി നിര്‍വഹിക്കും*

ആശ്രാമത്തെ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ സ്ഥാപിക്കുന്ന ഗുരുവിന്റെ പ്രതിമയുടെ അനാച്ഛാദനം ജനുവരി 19ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മത്സ്യബന്ധന- സാംസ്‌കാരിക- യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍, ശ്രീനാരായണ ധര്‍മ പരിപാലന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, മേയര്‍ എ.കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലതാദേവി, കൗണ്‍സിലര്‍ കുരുവിള ജോസഫ്, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജന്‍ എന്‍ ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

*കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76.13 കോടിയുടെ ബഹുനില മന്ദിരം*

*19ന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും*

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഴുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി 19ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ വലിയ വികസനമാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓടിട്ട കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രിയാണ് ഈ നിലയില്‍ വികസിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം യാഥാര്‍ഥ്യമാക്കിയത്. ബേസ്മെന്റ് ഉള്‍പ്പെടെ ഏഴുനിലയുള്ള കെട്ടിടത്തില്‍ 130 ഓളം കിടക്കകളാണ് സജ്ജമാക്കുന്നത്. കുണ്ടറയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഇതേറെ സഹായകരമാകും.

ഇലക്ട്രിക്കല്‍ റൂം, ഗ്യാസ് മാനിഫോള്‍ഡ്, ലോണ്‍ഡ്രി, എസ്.ടി.പി. മോര്‍ച്ചറി എന്നിവ ഉള്‍പ്പെടുന്നതാണ് ബേസ്മെന്റ് ഏരിയ. ബേസ്മെന്റ് ഫ്ളോറില്‍ പോസ്റ്റ് മോര്‍ട്ടം, ഫ്രീസര്‍ മോര്‍ച്ചറി (2), എസ്ടിപി, ഓക്സിജന്‍ പ്ലാന്റ്, ഫയര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ബയോ മെഡിക്കല്‍ വേസ്റ്റ് റൂം എന്നിവയുണ്ടാകും. ഗ്രൗണ്ട് ഫ്ളോറില്‍ അത്യാഹിത വിഭാഗം, ഏഴ് കിടക്കകള്‍ (ഒബ്സര്‍വഷന്‍), എക്സ് റേ, അള്‍ട്രാസൗണ്ട്, ഒന്നാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, മെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഫീമെയില്‍ സര്‍ജിക്കല്‍ വാര്‍ഡ്, രണ്ടാമത്തെ നിലയില്‍ ഒ.പി, ലബോറട്ടറി, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, സിഎസ്എസ്ഡി, മൂന്നാമത്തെ നിലയില്‍ ഓപ്പറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, നാലാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, ഡെന്റല്‍ യൂണിറ്റ്, അഞ്ചാമത്തെ നിലയില്‍ മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, ആറാമത്തെ നിലയില്‍ പേ വാര്‍ഡ് എന്നിവയാണുള്ളത്.

1920കളില്‍ കുണ്ടറ സിറാമിക്സിലെ ജീവനക്കാര്‍ക്കും പ്രദേശവാസികള്‍ക്കും വേണ്ടി ഡിസ്പെന്‍സറിയായി തുടങ്ങിയ ആശുപത്രിയാണ് ഇപ്പോള്‍ വികസന കുതിപ്പിന്റെ നെറുകയിലെത്തിയിരിക്കുന്നത്. ജില്ലയിലെ നാല് താലൂക്ക് ആശുപത്രികളില്‍ ഒന്നായ കുണ്ടറ താലൂക്ക് ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ആധുനിക ചികിത്സാ സജ്ജീകരണങ്ങള്‍ സാധ്യമാക്കിയും ആതുര ശുശ്രൂഷ രംഗത്ത് പുതിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.

*സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026'*  

 

*മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും*

സംസ്ഥാന ക്ഷീര സംഗമം 'പടവ് 2026' ഉദ്ഘാടനം ആശ്രാമം മൈതാനത്ത് ജനുവരി 19ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ക്ഷീരസഹകാരി അവാര്‍ഡ്, ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.ബി. ഗണേഷ് കുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

*സംസ്ഥാനത്തെ ആദ്യ വര്‍ക്ക് നിയര്‍ ഹോം 19ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും*

സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ഉദ്ഘാടനം ജനുവരി 19ന് വൈകിട്ട് നാലിന് കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മന്ത്രിമാരായ മന്ത്രി ജെ ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. 

സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്കും, വിദൂരമായി ഇരുന്ന് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന തൊഴിലിടങ്ങളുടെ ശൃംഖല കേരളത്തിലാകെ സ്ഥാപിക്കുകയാണ് കെ- ഡിസ്‌കിന്റെ നേതൃത്വത്തില്‍ വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്രീലാന്‍സായി തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്വന്തമായി ചെറുസംരംഭങ്ങള്‍ നടത്തുന്നവര്‍, ജീവനക്കാര്‍ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും. 

സോഹോ കോര്‍പറേഷന്‍ കോ-ഫൗണ്ടര്‍ ടോണി തോമസ് മുഖ്യപ്രഭാഷണം നടത്തും. കൊടുക്കുന്നില്‍ സുരേഷ് എം.പി, ഐ.ടി സെക്രട്ടറി സീറാം സാംബശിവറാവു, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു, കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

*മെന്‍സ്ട്രുവല്‍ കപ്പും ഇന്‍സിനറേറ്ററുകളും വിതരണം: സംസ്ഥാനതല ഉദ്ഘാടനം 20ന് മുട്ടറയിൽ* 

 പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ മെന്‍സ്ട്രുവല്‍ കപ്പും നാപ്കിന്‍ സംസ്കരണത്തിനുള്ള ഇന്‍സിനറേറ്ററും വിതരണം ചെയ്യും. ആര്‍ത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആര്‍ത്തവ ആരോഗ്യവും ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (20-01-2026) ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗാപാല്‍ നിര്‍വഹിക്കും. കൊല്ലം ജില്ലയില്‍ വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയര്‍ സെക്കന്‍ഡറി & വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉച്ചയ്ക്ക് 2 -ന് ചേരുന്ന ഉദ്ഘാടന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി അധ്യക്ഷയാകും.

നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണുമായ ഡോ. ടി.എന്‍. സീമ പദ്ധതി വിശദീകരണവും കൊല്ലം ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ് മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. വെളിയം ഗ്രാമപഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ കെ.എസ്. ഷിജുകുമാര്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു എസ്., ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ പത്മാവത‍ിയമ്മ, മുട്ടറ ജി.എച്ച്.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ എസ്. ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും.

2025-26 ലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്.എല്‍.എല്‍. ലൈഫ് കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആര്‍ത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്കരണത്തിന് വിദ്യാര്‍ത്ഥിനികള്‍ കൂടുതലുള്ള സ്കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷന്‍ നടത്തിയ സര്‍വേ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെന്‍സ്ട്രുവല്‍ കപ്പുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഒരു ജില്ലയിലെ അ‍ഞ്ച് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആര്‍ത്തവ ശുചിത്വ സംവിധാനങ്ങള്‍ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആര്‍ത്തവ ശുചിത്വ ഉപകരണങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി പ്രത്യേക ക്ലാസുകളും ശില്‍പശാലകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0