*സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം**ജനാഭിപ്രായത്തിന് മുന്‍ഗണന - ജില്ലാ കലക്ടര്‍*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 9, 2026 - 02:29
*സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം**ജനാഭിപ്രായത്തിന് മുന്‍ഗണന - ജില്ലാ കലക്ടര്‍*

PRESS RELEASE 08/01/2026

*സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം**ജനാഭിപ്രായത്തിന് മുന്‍ഗണന - ജില്ലാ കലക്ടര്‍*

സര്‍ക്കാരിന്റെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും അതിന്റെ തുടര്‍ച്ചയ്ക്കായുള്ള പൊതുജനാഭിപ്രായവും തേടുന്നതിന് മുന്‍ഗണന നല്‍കി സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലയില്‍ പുരോഗമിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പരിപാടിയുടെ സംസ്ഥാനതല സംഘാടകസമിതി അംഗമായ ടി. പി. സുധാകരന്റെ സാന്നിധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കവെയാണ് വിലയിരുത്തല്‍.

നാടിന്റെ പുരോഗതിമുന്‍നിര്‍ത്തിയുള്ള പരിപാടിയുടെ നടത്തിപ്പിനായി പരിശീലനം നേടിയ ആറായിരത്തിലധികം പേരാണ് രംഗത്തുള്ളത്. വീടുകളിലേക്കെത്തി വിവരശേഖരണം നടത്തുന്ന പ്രവര്‍ത്തനം മികച്ചനിലയിലാണ് തുടങ്ങിയത്. ഗൃഹസന്ദര്‍ശനം വരുംദിവസങ്ങളിലും തുടരും. ഫെബ്രുവരി 28നുള്ളില്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന നിലയ്ക്കാണ് സംഘാടനം. ഓരോ നിയോജകമണ്ഢലവും കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനം പഞ്ചായത്ത്തലത്തിലേക്ക് വികേന്ദ്രീകരിച്ചാണ് വീടുകള്‍ ഉള്‍പ്പടെയുള്ള വാസസ്ഥലങ്ങളിലേക്ക് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍മസേനാംഗങ്ങള്‍ എത്തുന്നത്. ജനങ്ങള്‍ പൊതുവില്‍ നല്ലരീതിയില്‍ സഹകരിക്കുന്നു. മികവുറ്റ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷകളും പങ്കുവയ്ക്കുന്നു. സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമാക്കി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജനുവരി 12 ന് പ്രത്യേകയോഗങ്ങള്‍ ചേരും. പഞ്ചായത്ത്തലത്തിലുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനാണ് ജില്ലാ നിര്‍വാഹക സമിതി അംഗങ്ങളുടെ നേതൃത്വത്തിലുള്ള യോഗങ്ങള്‍ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാതല കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍ ഹേമന്ത്കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ് സുബോധ്, ജില്ലാതല നിര്‍വാഹക സമിതി അംഗങ്ങളായ പി അനില്‍കുമാര്‍, ആര്‍ വിമല്‍ചന്ദ്രന്‍, എസ് ഐസക്, അസംബ്ലി മണ്ഡലതല ചാര്‍ജ് ഓഫീസര്‍മാരായ വി വിജുകുമാര്‍, സി ശിവശങ്കരപ്പിള്ള, ജി വൈശാഖ്, വി മനോജ്, എസ് അജയരാജ്, ജി ദീപു, എം ഷഹീര്‍, സജി തോമസ്, കര്‍മസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 60/2026)

*പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവും ചാംപ്യന്‍സ് ബോട്ട് ലീഗ് ഫൈനലും 10ന്*

അഷ്ടമുടിക്കായലിന്റെ ഓളപ്പരപ്പുകളില്‍ വീറും വാശിയും നിറയ്ക്കാന്‍ 11-മത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ജനുവരി 10ന്. ഉച്ചയ്ക്ക് 2ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറാണ് മുഖ്യാതിഥി. മേയര്‍ എ.കെ.ഹഫീസ് പതാക ഉയര്‍ത്തും. മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് എന്‍ കെ പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിക്കും.

എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, എം.എല്‍.എമാരായ എം മുകേഷ്, എം നൗഷാദ്, പി.എസ്. സുപാല്‍, സുജിത്ത് വിജയന്‍പിള്ള, ജി.എസ് ജയലാല്‍, കോവൂര്‍ കുഞ്ഞുമോന്‍, പി.സി വിഷ്ണുനാഥ്, സി.ആര്‍.മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലതാദേവി, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, എ.ഡി.എം ജി. നിര്‍മല്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കരുമാലില്‍ ഡോ. ഉദയാ സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനസമ്മേളനവും സമ്മാനദാനവും മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും.

വിവിധ മത്സരങ്ങളിലായി ഒമ്പത് ചുണ്ടന്‍ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. സിബിഎല്ലില്‍ മൂന്ന് ട്രാക്കുകളിലായി നിരണം ചുണ്ടന്‍, വീയപുരം ചുണ്ടന്‍, മേല്‍പ്പാടം ചുണ്ടന്‍, നടുഭാഗം ചുണ്ടന്‍, നടുവിലെപറമ്പന്‍ ചുണ്ടന്‍, കാരിച്ചാല്‍ ചുണ്ടന്‍, ചെറുതന ചുണ്ടന്‍, പായിപ്പാടന്‍ ചുണ്ടന്‍, ചമ്പക്കുളം ചുണ്ടന്‍ എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.

നിലവിലെ പോയിന്റ് പട്ടികയില്‍ വീയപുരം ചുണ്ടന്‍ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മേല്‍പ്പാടം ചുണ്ടനും മൂന്നാം സ്ഥാനത്ത് നിരണം ചുണ്ടനുമാണ്. സിബിഎല്ലിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപ, രണ്ടാം സ്ഥാനം 15 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാര്‍ക്ക് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.

ചെറുവള്ളങ്ങളുടെ മത്സരത്തില്‍ രണ്ട് ഇരുട്ടുകുത്തി എ ഗ്രേഡ്, മൂന്ന് ഇരുട്ടുകുത്തി ബി ഗ്രേഡ്, മൂന്ന് തെക്കനോടി വനിതാ വിഭാഗം പങ്കെടുക്കും. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തില്‍ 75,000 രൂപയും പ്രൈസ് മണി ഇനത്തില്‍ 25,000 രൂപയുമാണ് സമ്മാനം. ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസിനത്തില്‍ 50000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ്. തെക്കനോടി വനിതാ വിഭാഗത്തിന് 60,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നല്‍കും. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയാറാക്കിയിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളംകളിയുടെ ഭാഗമായി ജനുവരി ഒന്‍പതിന് വൈകിട്ട് നാലിന് കൊല്ലം ബീച്ചില്‍ കബഡി മത്സരം സംഘടിപ്പിക്കും. സ്റ്റിയറിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെറ്റ് സ്‌കി വിത്ത് ഫ്‌ളൈ ബോര്‍ഡ് പ്രദര്‍ശനവും ഉണ്ടാകും.

 (പി.ആര്‍.കെ നമ്പര്‍ 61/2026)

*സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു*

11-ാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ ഒരുക്കിയ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് നിര്‍വഹിച്ചു. വള്ളംകളിയുടെ പ്രചരണാര്‍ഥം ക്യൂ എ സി മൈതാനത്ത് ജനപ്രതിനിധികളുടേയും ജില്ലാ കലക്ടറുടേയും ടീമുകള്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ മത്സരവും നടത്തി.

ഡി ടി പി സി സെക്രട്ടറി ജ്യോതിഷ് കേശവന്‍, വിവിധ കമ്മിറ്റി അംഗങ്ങളായ എന്‍.ചന്ദ്രബാബു, ഡോ കെ. രാമഭദ്രന്‍, ടി.കെ സുല്‍ഫി, അഡ്വ. ടി.സി വിജയന്‍, ഡോ.ഡി സുജിത്, കുരീപ്പുഴ ഷാനവാസ്, എസ്.പ്രശാന്ത്, എം.മാത്യു, പെരിനാട് മുരളി, ക്ലാപ്പന മുഹമ്മദ്, എ.ഇഖ്ബാല്‍ കുട്ടി, ഷിബു റാവുത്തര്‍, സ്വാമിനാഥന്‍, ഉപേന്ദ്രന്‍ മങ്ങാട്, അയത്തില്‍ അപ്പുക്കുട്ടന്‍, എം.എസ് ശ്യാം കുമാര്‍, കെ.ദിലീപ് കുമാര്‍, ഹരീഷ് തെക്കടം തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 62/2026)

*ജലയാനങ്ങള്‍ക്ക് നിരോധനം*

  പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവവുമായി ബന്ധപ്പെട്ട് അഷ്ടമുടിക്കായലില്‍ ഡി.റ്റി.പി.സി. ബോട്ട്‌ജെട്ടി മുതല്‍ തേവള്ളി പാലം വരെയുള്ള കായല്‍ ഭാഗത്ത് ജനുവരി 10ന് രാവിലെ മുതല്‍ മത്സരം അവസാനിക്കുന്നത് വരെ ജലോത്സവുമായി ബന്ധപ്പെട്ടതല്ലാതെയുള്ള ജലയാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ഉള്‍നാടന്‍ ജലഗതാഗത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 63/2026)

*അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21ന്*

*സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍: ഹിയറിംഗ് തുടരുന്നു*

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 വുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹിയറിംഗ് സജീവമായി പുരോഗമിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ഹിയറിംഗ് നടത്തുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും ഒരു എ.ഇ.ആര്‍.ഒയെയും ആറ് അഡീഷണല്‍ എ.ഇ.ആര്‍.ഒ മാരെയും വിന്യസിച്ചതായി വ്യക്തമാക്കി. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയാണ്. എസ്.ഐ.ആര്‍ (2002 വോട്ടര്‍ പട്ടിക) പ്രകാരം മാപ്പ് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയാണ് ഹിയറിംഗ്. ഇവരെകണ്ടെത്തി ഹിയറിംഗില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് രാഷ്ട്രീയകക്ഷികള്‍ നിര്‍ദേശം നല്‍കണം. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ് തീര്‍പ്പു കല്‍പ്പിക്കുക.

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് എല്ലാ വില്ലേജുകളിലും ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഹിയറിംഗ് കേന്ദ്രങ്ങളിലും കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിന് എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജനുവരി 22 വരെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നകം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തീരുമാനമെടുക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുണ്ടയ്ക്കലിലെ വെയര്‍ഹൗസില്‍ ഇ വി എം-വി.വി.പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധനപുരോഗമിക്കുന്നു. എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളും പ്രതിനിധിയെ നടപടിക്രമങ്ങളുടെ ഭാഗമായി ചുമതലപ്പെടുത്തണമെന്നും അറിയിച്ചു.

വി.കെ അനിരുദ്ധന്‍ (സി.പി.എം), ഈച്ചംവീട്ടില്‍ മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), അഡ്വ. തൃദീപ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), അഡ്വ. കൈപ്പുഴ വി. റാം മോഹന്‍ (ആര്‍.എസ്.പി), അഡ്വ. എസ് വേണുഗോപാല്‍ (ബി.ജെ.പി), എ ഫസലൂദ്ദീന്‍ ഹാജി (ഐ.യു.എം.എല്‍), തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 64/2026)

*ആനയടി ഉത്സവം: സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി*

ആനയടി പഴയിടം ശ്രീനരസിംഹ സ്വാമിക്ഷേത്രത്തില്‍ ജനുവരി 20ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് എ.ഡി.എം ജി. നിര്‍മല്‍കുമാര്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന യോഗത്തില്‍ എഴുന്നള്ളത്ത് സമയങ്ങളില്‍ ആനകള്‍ തമ്മില്‍ കൃത്യമായ അകലം വേണമെന്നും നാട്ടാന പരിപാലനചട്ടം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു. ആനയുടെ അടുത്ത് പോപ്പറുകള്‍, പടക്കം തുടങ്ങിയവ ഉപയോഗിക്കരുത്.

ഉത്സവപരിസരത്ത് ഡ്രോണ്‍ പറത്തുന്നത് അനുവദിക്കില്ല. ആനകളുടെ പൂര്‍ണ വിവരങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന് സംഘാടകര്‍ കൈമാറണം. ഗതാഗത നിയന്ത്രണം, ക്രമസമാധാനപരിപാലനം പോലീസ് ഉറപ്പാക്കും. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവമേഖലയായി പ്രഖ്യാപിക്കും. സമ്പൂര്‍ണ ഹരിതചട്ടപാലനം നടപ്പാക്കാന്‍ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി.

ഉത്സവശേഷം മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ ഏജന്‍സികള്‍ക്ക് കൈമാറണം. ആംബുലന്‍സ് സേവനവും പ്രഥമശുശ്രൂഷാ സംവിധാനവും സജ്ജമാക്കും. മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പന തടയുന്നതിന് ഉത്സവദിവസം ഡ്രൈഡേയായി പ്രഖ്യാപിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും. അടിയന്തരഘട്ടങ്ങളില്‍ അഗ്നിരക്ഷാവകുപ്പിന്റെ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് സുഗമമായി സഞ്ചരിക്കാന്‍ പ്രത്യേകപാത ഒരുക്കും. തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ ജനുവരി 14ന് റവന്യൂ, പോലീസ്, വനം, ക്ഷേത്രഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പ്രത്യേകയോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ ക്ഷേത്രഭരണസമിതി അംഗങ്ങള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 65/2026)

*അപേക്ഷ ക്ഷണിച്ചു*

അഗ്രികള്‍ച്ചറല്‍ മാനേജ്മെന്റ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്സിലേക്ക് വളം /കീടനാശിനി ഡിപ്പോ നടത്തുന്നവര്‍ക്കും തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി. കോഴ്സ് കാലാവധി 48 ആഴ്ച. ഫീസ്-20,000 രൂപ. വളം ഡിപോ നടത്തുന്നവര്‍ക്ക് 10,000 രൂപ തിരികെ നല്‍കും.

   അതത് കൃഷിഓഫീസറുടെ ശുപാര്‍ശ സഹിതം ജനുവരി 15നകം ആത്മ പ്രോജക്ട് ഡയറക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം -691013 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാമാതൃക കൃഷിഭവനുകളില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് : മാേമസീഹഹമാ@ഴാമശഹ.രീാ ഫോണ്‍: 7907368657, 0474 2792080.

(പി.ആര്‍.കെ നമ്പര്‍ 66/2026)

*കോഴ്‌സ് പ്രവേശനം*

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് ലഭിക്കും. www.ihrdadmissions.org/ihrd മുഖേന ജനുവരി 15 വരെ അപേക്ഷിക്കാം. ഫോണ്‍: 8547005083, 9447488348.

(പി.ആര്‍.കെ നമ്പര്‍ 67/2026)

 *കാട്ടുപന്നിശല്യം; അറിയിപ്പ്*

 പട്ടാഴി ഗ്രാമപഞ്ചായത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിനായി ജനുവരി എട്ട് മുതല്‍ വൈകുന്നേരങ്ങളില്‍ ആരംഭിച്ച് പുലരുവോളം കാട്ടുപന്നികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. കാട്ടുപന്നികള്‍ കൂട്ടമായി എത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്തിലോ വാര്‍ഡ് മെമ്പറെയോ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0475 2399458.

(പി.ആര്‍.കെ നമ്പര്‍ 68/2026)

*ലേലം*

   ജില്ലാ റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ www.mstcecommerce.com മുഖേന ജനുവരി 12 ന് ലേലം നടത്തും. ഫോണ്‍ 0474 2450858.

(പി.ആര്‍.കെ നമ്പര്‍ 69/2026)

*ടെന്‍ഡര്‍*

 ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മുഖേന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട വനിത (എസ്.സി)കള്‍ക്ക് സൈഡ് വിലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 15 വൈകിട്ട് 3.30 വരെ സ്വീകരിക്കും. ഫോണ്‍: 0474 2585024, 8281999099, 9446524441.

(പി.ആര്‍.കെ നമ്പര്‍ 70/2026)

*കല്ലട ജലസേചന പദ്ധതി; ജലവിതരണം ആരംഭിക്കും*

കല്ലട ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലൂടെ ജനുവരി 10നും ഇടതുകര കനാലിലൂടെ 12നും രാവിലെ 11 മുതല്‍ ജലവിതരണം ആരംഭിക്കും. തെന്‍മല ഒറ്റക്കല്‍ വിയറില്‍ നിന്നും മെയിന്‍ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുക. ഇടമണ്‍, കറവൂര്‍, ഏഴംകുളം, അടൂര്‍, ചാരുംമൂട്, നൂറനാട് എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകും. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ.ഐ.പി.ആര്‍.ബി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍: 0474 2452617.

(പി.ആര്‍.കെ നമ്പര്‍ 71/2026)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0