*പുതുവത്സര ആഘോഷങ്ങള്‍ക്ക് സമ്പൂര്‍ണസുരക്ഷ ഉറപ്പാക്കും: ജില്ലാ കലക്ടര്‍*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Dec 30, 2025 - 12:59
*പുതുവത്സര ആഘോഷങ്ങള്‍ക്ക് സമ്പൂര്‍ണസുരക്ഷ ഉറപ്പാക്കും: ജില്ലാ കലക്ടര്‍*

PRESS RELEASE 30/12/2025

*പുതുവത്സര ആഘോഷങ്ങള്‍ക്ക് സമ്പൂര്‍ണസുരക്ഷ ഉറപ്പാക്കും: ജില്ലാ കലക്ടര്‍*

പുതുവത്സര ആഘോഷങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. എക്‌സൈസ്, പൊലിസ് വകുപ്പുകള്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍, അന്തര്‍ സംസ്ഥാന ബസുകള്‍, ഹൗസ് ബോട്ട് തുടങ്ങിയവ കേന്ദ്രീകരിച്ച് സംയുക്തപരിശോധന നടത്തും. സ്വാഭാവിക ആഘോഷങ്ങള്‍ക്ക് വിഘാതമാകാത്ത വിധമായിരിക്കും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നും വ്യക്തമാക്കി.

പത്തനാപുരത്തെ പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്, കമുകുചേരി നിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് റവന്യൂ, ധനകാര്യം, ഗതാഗതം, ജലവിഭവ വകുപ്പ് മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി അഞ്ചിന് പുറമ്പോക്ക് ഭൂമിയില്‍ സംയുക്ത പരിശോധന നടത്തുമെന്നും അറിയിച്ചു.

തലവൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലെ 1.36 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി അനുവദിക്കുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കണം, കല്ലട സബ് സ്റ്റേഷന്‍ രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം, ചിറ്റുമല ചിറയുടെ തീരസംരക്ഷണം ഉറപ്പാക്കണം, ദേശീയപാത 66 കൊട്ടിയം-മൈലക്കാട് ഭാഗത്ത് അപകടസാധ്യതയ്ക്ക് ശാശ്വത പരിഹാരം കാണണം, സ്വകാര്യ ബസുകള്‍ വൈകിട്ട് ആറുമണിക്ക് ശേഷം സര്‍വീസ് അവസാനിപ്പിക്കുന്നതിനെതിരേ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി.

ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്താനുമുള്ള ബോധവത്കരണത്തിനായി ഭക്ഷ്യസുരക്ഷ വകുപ്പ് ‘ആരോഗ്യതളിക', ആരോഗ്യ വകുപ്പിന്റെ ‘ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ്' ക്യാമ്പയിനുകള്‍ സംബന്ധിച്ച് വിശദീകരിച്ചു.  

ജനാഭിപ്രായം സ്വരൂപിച്ച് കേരളത്തിലെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ജില്ലാതല സംഘാടനവും തുടര്‍പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിശദീകരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ എം.ആര്‍ ജയഗീത, മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പ്രതിനിധി പി.എ സജിമോന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ പ്രതിനിധി കെ എസ് വേണുഗോപാല്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                        (പി.ആര്‍.കെ നമ്പര്‍ 3595/2025)

*സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം*

*പരിശീലനം തുടരുന്നു; ഗൃഹസന്ദര്‍ശനം ജനുവരി 1 മുതല്‍*

ജനഹിതാനുസരണമുള്ള നാടിന്റെ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിന് പുതുവര്‍ഷത്തില്‍ തുടക്കമാകും. സന്നദ്ധപ്രവര്‍ത്തകാരായെത്തിയ കര്‍മസേനാംഗങ്ങളാണ് എല്ലാ വീടുകളിലേക്കും ഇതര വാസസ്ഥലങ്ങളിലേക്കുമെത്തുക. വിവരശേഖരണം സംബന്ധിച്ച് പരിശീലനം നേടിയ പദ്ധതിനിര്‍വഹണ പ്രവര്‍ത്തകരാണ് പരിപാടി നയിക്കുന്നത്. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ചുമതലപ്പെടുത്തിയവരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശീലനം വിവിധ മേഖലകളിലായി പുരോഗമിക്കുകയാണ്.

ഓരോ കര്‍മസേനാംഗവും സംസ്ഥാനത്തിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന പൊതുജനത്തിന്റെ കാഴ്ചപാടുകളും അഭിപ്രായങ്ങളുമാണ് ശേഖരിക്കുക. സമൂഹത്തില്‍ ശ്രദ്ധേയരായവര്‍ മുതല്‍ ജീവിതത്തിന്റെ എല്ലാ തുറകളില്‍ നിന്നുമുള്ളവരുടെ അഭിപ്രായസ്വരൂപീകരണമാണ് പുതുവര്‍ഷത്തില്‍ നടത്തുക. രണ്ടുമാസക്കാലയളവില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കൊല്ലം കോര്‍പറേഷന്‍തല പരിശീലനത്തിന് തുടക്കമായി. വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചും നടത്തുകയാണ്. അടുത്തഘട്ടപരിശീലനം ജനുവരി അഞ്ച്, ആറ് തീയതികളിലായി നടത്തും.

(പി.ആര്‍.കെ നമ്പര്‍ 3596/2025)

*തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024 അപേക്ഷ ക്ഷണിച്ചു*

 

സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. https://lc.kerala.gov.in/ ലെ ‘തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 2024' മുഖേന ജനുവരി എട്ടിനകം അപേക്ഷിക്കണം.  

സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ട് തൊഴിലാളി, നിര്‍മ്മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, സെയില്‍സ്മാന്‍ / സെയില്‍സ്‌വുമണ്‍, നേഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളി, കരകൗശല വൈവിധ്യ പാരമ്പര്യ തൊഴിലാളികള്‍ (ഇരുമ്പ്പണി, മരപ്പണി, കല്‍പണി, വെങ്കലപ്പണി, കളിമണ്‍പാത്ര നിര്‍മ്മാണം, കൈത്തറി വസ്ത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, ഈറ്റ -കാട്ടുവള്ളി പാരമ്പര്യ തൊഴിലാളി), മാനുഫാക്ച്ചറിങ് പ്രോസസിംഗ് മേഖലയിലെ തൊഴിലാളികള്‍ (മരുന്ന് നിര്‍മ്മാണം, ഓയില്‍ മില്‍ തൊഴിലാളി, ചെരുപ്പ് നിര്‍മ്മാണം, ഫിഷ് പീലിംഗ്), മല്‍സ്യ ബന്ധന വില്പന തൊഴിലാളികള്‍, ഐ.റ്റി , ബാര്‍ബര്‍ ബ്യുട്ടീഷ്യന്‍, പാചക തൊഴിലാളി മേഖലകളിലുള്ളവരായിരിക്കണം.  

  ഓരോ മികച്ച തൊഴിലാളിക്കും 1,00,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും പുരസ്‌കാരമായി നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000 രൂപ വീതവുമാണ് പുരസ്‌കാരം. വിവരങ്ങള്‍ക്ക്; വിലാസം: ലേബര്‍ കമീഷണറുടെ കാര്യാലയം വികാസ് ഭവന്‍, തിരുവനന്തപുരം. 695033 . ഫോണ്‍: 0471 2783908.

(പി.ആര്‍.കെ നമ്പര്‍ 3597/2025)

*കാര്‍ഷിക യന്ത്രങ്ങള്‍ സബ്‌സിഡി നിരക്കില്‍*

കാര്‍ഷിക യന്ത്രവത്കരണ ഉപപദ്ധതിയില്‍ വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയോടെ അനുവദിക്കുന്നു. http://agrimachinery.nic.in മുഖേന ഡിസംബര്‍ 31 മുതല്‍ അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് കൊല്ലം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കൃഷിഭവന്‍ എന്നിവയിലോ 9633879599, 9383470241, 8606069173 നമ്പറുകളിലോ ബന്ധപ്പെടാം.

(പി.ആര്‍.കെ നമ്പര്‍ 3598/2025)

*പ്രീ - പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്*

ബ്രോഡ്കാസ്റ്റ് എഞ്ചിനിയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്‍ഡ്യ ലിമിറ്റഡില്‍ പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/എസ്.എസ്.എല്‍സി. ഫോണ്‍: 7994449314.

(പി.ആര്‍.കെ നമ്പര്‍ 3599/2025)

*വാഹനം ആവശ്യമുണ്ട്*

ജില്ലാ വനിത-ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ (എ/സി) വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി എട്ട് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍ 0474-2992809.

(പി.ആര്‍.കെ നമ്പര്‍ 3600/2025)

*റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു*

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുതിയപാലം 1207447 നമ്പര്‍ റേഷന്‍ കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കാന്‍ ഭിന്നശേഷി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വൈകിട്ട് മൂന്നിന് മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഫോണ്‍: 0474 2794818.

(പി.ആര്‍.കെ നമ്പര്‍ 3601/2025)

*ഗതാഗത നിരോധനം*

  പെരുമണ്‍ പാലത്തിന്റെ അപ്രോച്ച് റോഡുകളില്‍ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജനുവരി രണ്ട് മുതല്‍ ഇതുവഴിയുള്ള ഗതാഗതം രണ്ട് ദിവസത്തേക്ക് നിരോധിച്ചതായി കെ.ആര്‍.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  

(പി.ആര്‍.കെ നമ്പര്‍ 3602/2025)

*സൗജന്യ കെ-മാറ്റ് പരിശീലനം*

  നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ കെമാറ്റ് ഓണ്‍ലൈന്‍ പരിശീലനം സൗജന്യമായി നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് അവസരം. രജിസ്‌ട്രേഷന്: https://forms.gle/hE631kJiKJt9JdQ9A ഫോണ്‍: 9447002106, 8548618290.  

(പി.ആര്‍.കെ നമ്പര്‍ 3603/2025)

*സ്വയം തൊഴില്‍ വായ്പ*

   ജില്ലയില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തുജാമ്യം/ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-55 വയസ്. വിവരങ്ങള്‍ക്ക് : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, ജില്ലാപഞ്ചായത്ത് കെട്ടിടം, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കര്‍ബല ജംഗ്ഷന്‍. ഫോണ്‍: 0474 2764440, 9400068502.

(പി.ആര്‍.കെ നമ്പര്‍ 3604/2025)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0