ട്രാൻസ്ജെൻഡർ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നേഹ നായികയായ 'അന്തരം' മനോരമ മാക്സിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 14, 2025 - 11:41
ട്രാൻസ്ജെൻഡർ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നേഹ നായികയായ 'അന്തരം' മനോരമ മാക്സിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി മികച്ച ട്രാൻസ്ജെൻഡർ അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നേഹ നായികയായ 'അന്തരം' ഒടിടിയിൽ കാണാം.മനോരമ മാക്‌സിൽ നവംബർ 15 മുതൽ സ്ട്രീമിങ് ആരംഭിക്കും. പൊതു സമൂഹത്തിൽ ട്രാൻസ്ജെൻഡർ സമൂഹം നേരിടുന്ന അവഗണനകൾ വരച്ചുകാട്ടുന്നതാണ് അന്തരത്തിന്റെ ഇതിവൃത്തം.

ഫോട്ടോ ജേണലിസ്റ്റായ പി. അഭിജിത്ത് സംവിധാനം ചെയ്ത്‌ അന്തരത്തിലെ മികച്ച പ്രകടനത്തിനാണ് ചെന്നൈ സ്വദേശിയായ ട്രാൻസ് വുമൺ നേഹയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത്.

സൗത്ത് ഏഷ്യയിലെ പ്രമുഖ ഫിലിം ഫെസ്റ്റിവലായ കാഷിഷ് മുംബൈ ക്വീർ ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രവുമായിരുന്നു അന്തരം.ബംഗളൂരു ക്വീർ ഫിലിം ഫെസ്റ്റിവൽ, ജയ്പുർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്‌ടി എന്നീ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച അന്തരത്തിൽ മുറ, എസ്. ദുർഗ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കണ്ണൻ നായരാണ് നായകൻ.

'രക്ഷാധികാരി ബൈജു' വിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാൻസ് ആക്റ്റിവിസ്റ്റുമായ എ. രേവതിയും ട്രാൻസ്‌മാൻ വിഹാൻ പീതാംബറും അതിഥിതാരമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.രാജീവ് വെള്ളൂർ, ഗിരീഷ് പെരിഞ്ചേരി, എൽസി സുകുമാരൻ, കാവ്യ, ദീപാറാണി, ലയ മരിയ ജയ്സൺ, സിയ പവൽ, പൂജ, മുനീർഖാൻ, ജോമിൻ വി. ജിയോ, ബാബു ഇലവുംത്തിട്ട, ഗാഥ പി, രാഹുൽരാജീവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഗ്രൂപ്പ് ഫൈവ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോജോ ജോൺ ജോസഫ്, പോൾ കൊള്ളാന്നൂർ, ജോമിൻ വി. ജിയോ, രേണുക അയ്യപ്പൻ, എ. ഗോഭില എന്നിവരാണ് നിർമാണം. സഹനിർമാതാക്കൾ ജസ്റ്റിൻ ജോസഫ്, മഹീപ് ഹരിദാസ്. തിരക്കഥ, സംഭാഷണം ഷാനവാസ് എം എ, ഛായാഗ്രഹണം എ. മുഹമ്മദ്,എഡിറ്റിങ് അമൽജിത്ത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0