ടെക്നോപാർക്ക് ഗ്രൗണ്ടിൽ നവംബർ 14 ന് ഐഎം വിജയൻ നയിക്കുന്ന ഫുട്ബോൾ പ്രദർശന മത്സരം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 11, 2025 - 16:06
ടെക്നോപാർക്ക് ഗ്രൗണ്ടിൽ നവംബർ 14 ന് ഐഎം വിജയൻ നയിക്കുന്ന ഫുട്ബോൾ പ്രദർശന മത്സരം

തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ ടീം

മുൻ ക്യാപ്റ്റൻ ഐഎം വിജയൻ നയിക്കുന്ന ഫുട്ബോൾ പ്രദർശന മത്സരം നവംബർ 14 ന് ടെക്നോപാർക്കിൽ നടക്കും. പ്രതിധ്വനി ഓൾ സ്റ്റാർസ് ടീമിനെതിരെയാണ് വിജയന്റെ ടീം പോരാട്ടത്തിനിറങ്ങുന്നത്.ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഐടി മേഖലയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റായ 'റാവിസ് പ്രതിധ്വനി സെവൻസ്-സീസൺ 8' ന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യൂഡെ പ്രൊമോഷൻസും റാവിസ് ഹോട്ടൽസുമായി സഹകരിച്ചാണ് പ്രതിധ്വനി ടെക്കികൾക്കായി ടൂർണമെന്റ് നടത്തുന്നത്. പ്രദർശന മത്സരം വൈകുന്നേരം നാല് മണിക്ക് ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.

90 ലധികം കമ്പനികളിൽ നിന്നുള്ള 101 ടീമുകളും 2,500 ലധികം ഐടി ജീവനക്കാരും പങ്കെടുക്കുന്ന ടൂർണമെന്റിൽ 164 മത്സരങ്ങളാണുള്ളത്. നവംബർ 18 ന് ടൂർണമെന്റിൻ്റെ സെമി ഫൈനലും നവംബർ 19 ന് ഫൈനലും നടക്കും.ഫൈനലിൽ വിജയിക്കുന്ന ടീമിന് 25,000 രൂപ ക്യാഷ് പ്രൈസും എവർ-റോളിംഗ് ട്രോഫിയും കൊല്ലത്തെ റാവിസ് അഷ്ടമുടി റിസോർട്ടിൽ ഒരു ദിവസം താമസിക്കാനുള്ള അവസരവും ലഭിക്കും. റാവിസ് ഹോട്ടൽസും യൂഡെ പ്രമോഷനുമാണ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്‌തിരിക്കുന്നത്. മികച്ച കളിക്കാരൻ, മികച്ച ഗോൾ കീപ്പർ, ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ഗോൾ സ്കോറർ എന്നിവർക്ക് പ്രത്യേക സമ്മാനം ലഭിക്കും

ഓരോ മത്സരത്തിലും യൂഡെയും സഞ്ചി ബാഗ്സും ചേർന്ന് 'പ്ലെയർ ഓഫ് ദി മാച്ച്' ട്രോഫി സമ്മാനിക്കും. കാണികൾക്കും സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.വനിതാ ഫുട്ബോൾ ടൂർണമെന്റിന്റെ അഞ്ചാം സീസണും ഇതിനോടൊപ്പം നടക്കുന്നുണ്ട്. 14 കമ്പനികളിൽ നിന്നുളള 250 ലധികം വനിതാ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് ഇത്.

ഇൻഫോസിസ് അഞ്ചു തവണയും യുഎസ് ടി ഗ്ലോബൽ രണ്ടു തവണയും റാവിസ് പ്രതിധ്വനി സെവൻസ് ടൂർണമെന്റിൽ മുൻകാലങ്ങളിൽ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0