സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഷിജു അലക്സിന്
റിപ്പോർട്ട് :ബൈഷി കുമാർ
കാലടി : മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്‌മാരക മാതൃഭാഷാപുരസ്കാരത്തിന് ഗ്രന്ഥപ്പുരയുടെ സ്ഥാപകൻ ഷിജു അലക്സ് അർഹനായതായി വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000/-രൂപയും ശിലാഫലകവുമാണ് പുരസ്കാരം.കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലുമുള്ള കൈയ്യെഴുത്ത് രേഖകൾ, അച്ചടി പുസ്‌തകങ്ങൾ, ചിത്രങ്ങൾ, ഓഡിയോ, വീഡിയോ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ് പൊതുവായി പങ്കുവെക്കുന്ന പദ്ധതിയാണ് ഷിജു അലക്സ് നേതൃത്വം നൽകുന്ന ഗ്രന്ഥപ്പുര. പാലക്കാട് ജില്ലയിലെ പനയംപാടം സ്വദേശിയായ ഷിജു അലക്സ്, 2009ലാണ് ഗ്രന്ഥപ്പുര ആരംഭിച്ചത്. എല്ലാവർക്കും സൗജന്യമായി ആക്സസ്സ് ചെയ്യാവുന്ന ശ്രദ്ധേയമായ ആർക്കേവുകൾ ആണ് ഷിജു അലക്‌സ് ഡിജിറ്റൽ ആക്കുന്നത്.ഒരൊറ്റ വ്യക്തി സ്വമേധയാ നിർമ്മിച്ച പുസ്തകങ്ങളുടെയും രേഖകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് എന്നാണ് ഗ്രന്ഥപ്പുരയെ കണക്കാക്കുന്നത്. ഗ്രന്ഥപ്പുരയിലൂടെയുള്ള കേരള ഡിജിറ്റൈസേഷൻ പ്രവൃത്തികൾ ഇപ്പോൾ പതിനഞ്ച് വർഷം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം നൂറ്കണക്കിന് അപൂർവ്വ ഗ്രന്ഥങ്ങൾ, മാസികകൾ, സ്‌മരണകകൾ, പാഠപുസ്തകങ്ങൾ തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ആരിക്കണക്കിനു പ്രമാണങ്ങൾ ഡിജിറ്റൈസ് ചെയ്‌ത് ഷിജു അലക്സ് പൊതുജനങ്ങൾക്കായി തുറന്നു നൽകിയിട്ടുണ്ട്. ഗ്രന്ഥപ്പുരയിലൂടെ ലഭ്യമായ സ്കാനുകൾ നിരവധിഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉപയോഗിച്ചുവരുന്നു. ഗ്രന്ഥപ്പുരയിലെ ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങൾ അക്കാദമിക്/അക്കാദമികേതര പഠനങ്ങൾക്ക് അവലംബമായിട്ടുണ്ട്. മലയാള ഭാഷാപഠനത്തിന് ഷിജു അലക്സ് നൽകുന്ന സംഭാവനകൾ പുരസ്ക്കാര സമിതി പ്രത്യേകം വിലയിരുത്തിയതായി സർവ്വകലാശാല അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0