ആത്മീയമായ അടിത്തറയ്ക്ക് ഗുരുദേവകൃതികളെ ജീവിത ദര്‍ശനമാക്കണം - സച്ചിദാനന്ദ സ്വാമി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 5, 2025 - 08:49
ആത്മീയമായ അടിത്തറയ്ക്ക് ഗുരുദേവകൃതികളെ ജീവിത ദര്‍ശനമാക്കണം  - സച്ചിദാനന്ദ സ്വാമി

ശിവഗിരി : ശ്രീനാരായണീയര്‍ ഗുരുദേവ കൃതികളെ വേദഗ്രന്ഥമായി അംഗീകരിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ഗുരുധര്‍മ്മ പ്രചരണ സഭ, മാതൃസഭ കേന്ദ്ര സംഗമത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. പുതിയതായി കണ്ടെത്തിയത് ഉള്‍പ്പെടെ 76 കൃതികള്‍ ഗുരുദേവന്‍റേതായി ശിവഗിരി മഠത്തില്‍ നിന്നും ഇപ്പോള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ബൈബിളും ഖുറാനും എന്നപോലെ ജനലക്ഷങ്ങള്‍ തങ്ങളുടെ വേദഗ്രന്ഥങ്ങളായി ഗുരുദേവ കൃതികളെ സാംശീകരിക്കണം. ഗുരുദേവ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതായ ആത്മോപദേശശതകം ഗുരുഭക്തര്‍ നിത്യപാരായണത്തില്‍ നിത്യസാധനയ്ക്കായി ഉപയോഗിക്കണം. ക്രമപ്രകാരം 10 ശ്ലോകങ്ങളെങ്കിലും എല്ലാദിവസവും മുടങ്ങാതെ ജപിക്കേണ്ടതാണ്. ഇതിനായി നാടോട്ടുക്ക് ആത്മോപദേശശതക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കണം. ഗുരുദേവ കൃതികളിലൂടെ ഗുരുദേവ സ്വരൂപം സാംശീകരിക്കണം. മലയാളത്തിന്‍റെ വേദഗ്രന്ഥമാണ് ആത്മോപദേശശതകം എന്ന് പ്രൊഫ. ബാലകൃഷ്ണന്‍ നായരും ശാസ്ത്ര ഗ്രന്ഥം ആണെന്ന് പ്രൊഫ. എം. എച്ച്. ശാസ്ത്രികളും മലയാളത്തിന്‍റെ ഭഗവത്ഗീത എന്ന് സുകുമാര്‍ അഴീക്കോടും മലയാളത്തിന്‍റെ തിരുക്കുറല്‍ എന്ന് പ്രൊഫ ലീലാവതിയും ആത്മോപദേശശതകത്തെ പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മനുഷ്യരുടെ മതം, ജാതി, ദൈവം എന്നിവ ഏകമാണെന്നും എല്ലാം ഒരു അദ്വൈത സത്യത്തിന്‍റെ സ്പുരണമെന്നും എല്ലാവരും ആത്മസഹോദരരാണെന്നും പഠിപ്പിക്കുന്ന ആത്മോപദേശശതകം ഏകലോക വ്യവസ്ഥിതിയുടെ പ്രാമാണിക ഗ്രന്ഥമാണ്. ജാതിമതഭേദമന്യേ ഈ കൃതി പ്രചരിപ്പിച്ച് ഐക്യതയും സമഭാവനയും സൃഷ്ടിച്ച് മാതൃകാസ്ഥാനങ്ങള്‍ ഉണ്ടാകണം. എല്ലാ ദേശക്കാരും ജാതിമതഭേദമന്യേ ആത്മോപദേശശതക പാരായണ സമിതികള്‍ രൂപീകരിച്ച് ശിവഗിരി മഠത്തോടും ഗുരുവിന്‍റെ ദര്‍ശനത്തോടും ഗുരുദേവ പ്രസ്ഥാനത്തോടും നീതി കാട്ടണമെന്ന് ശിവഗിരിയില്‍ കൂടിയ മാതൃസഭ കേന്ദ്ര സംഗമം തീരുമാനിച്ച് പ്രഖ്യാപനം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0