38 കോടി, മൂന്നാർ ഫ്ലൈഓവർ പദ്ധതിയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; ഗതാഗതക്കുരുക്കില്ലാതെ നാട് ചുറ്റാം

മൂന്നാർ: വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാറിൽ ഗതാഗതക്കുരുക്ക് ഇനി ഓർമയാകും. വർഷങ്ങൾക്ക് മുൻപേ ആസൂത്രണം ചെയ്ത പദ്ധതിയ്ക്കാണ് ചിറക് മുളയ്ക്കുന്നത്. കിഫ്ബി സഹായത്തോടെ ഫ്ലൈഓവർ നിർമിക്കാൻ നടപടികൾ പൂർത്തിയാക്കുമെന്ന് ധന മന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്ന സമയത്തുള്ള ഗതാഗതക്കുരുക്കും ഒഴിവാക്കാനാകും.
മൂന്നാർ സ്വദേശികൾക്കും ടൂറിസം പദ്ധതികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഫ്ലൈ ഓവർ പദ്ധതി. 38 കോടി രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മൂന്നാറിലെത്തിയ മന്ത്രി കെഎൻ ബാലഗോപാൽ മാട്ടുപ്പെട്ടി റോഡിലെത്തി ഫ്ലൈ ഓവർ പദ്ധതി പ്രദേശവും കണ്ടു.
അഞ്ച് വർഷം മുന്നേ പ്രഖ്യാപിച്ചു
നേരത്തെ ഒന്നാം പിണറായി സർക്കാർ കാലത്ത് മന്ത്രിയായിരുന്ന എംഎം മണി 2020ൽ തന്നെ മൂന്നാർ ഫ്ലൈഓവർ പദ്ധതി മുന്നോട്ട് വെച്ചിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ നിർമാണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ആകാശപ്പാലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്
.മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമിച്ചാൽ ടൗണിലെ തിരക്ക് കുറക്കാൻ സാധിക്കും. ഫ്ലൈ ഓവർ നിർമിച്ചാൽ ആവശ്യമുള്ളവർക്ക് മാത്രം മൂന്നാർ ടൗണിൽ ഇറങ്ങിയാൽ മതിയാകും. ശേഷിക്കുന്നവർക്ക് തിരക്കിൽപ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്ന് പോകാനും സാധിക്കും ഈ സാഹചര്യത്തിലാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്നത്. 2018ലെ പ്രളയത്തിലായിരുന്നു പഴയ മൂന്നാർ ടൗണിനേയും ഹൈറേഞ്ച് ക്ലബ്ബ് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നത്.
ടൂറിസം രംഗത്തിനും നേട്ടം
മൂന്നാർ ടൂറിസം പദ്ധതിയിലും പ്രധാനപ്പെട്ടതാണ് ഫ്ലൈഓവർ. മൂന്നാര്‍ ടൂറിസം മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഫ്ലൈഓവര്‍ നിർമിക്കുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ പരിഗണനയിലാണെന്നും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് 2022ൽ പറഞ്ഞിരുന്നു.
What's Your Reaction?






