*കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി:മന്ത്രി വി. അബ്ദുറഹിമാന്‍*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 28, 2026 - 07:44
Feb 28, 2026 - 07:49
*കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി:മന്ത്രി വി. അബ്ദുറഹിമാന്‍*

ഐ & പി.ആര്‍.ഡി

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വയനാട്

..........................

*കായിക മേഖലയില്‍ 5000 കോടിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി:*

 *മന്ത്രി വി. അബ്ദുറഹിമാന്‍*

സംസ്ഥാനത്ത് കായിക മേഖലയില്‍ 5000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. കായിക സാക്ഷരത ലക്ഷ്യമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിക്കും. ത്രിതല പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സജീവമായ കായിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ് പദ്ധതി ലക്ഷ്യം. വളര്‍ന്നുവരുന്ന യുവതലമുറയില്‍ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ വ്യത്യസ്തങ്ങളായ കായിക പദ്ധതികള്‍ നടപ്പാക്കാന്‍ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റ ഓംകാരനാഥന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്താദ്യമായി പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചത് കേരളമാണ്. സംസ്ഥാനത്തെ 830 പഞ്ചായത്ത്തല സ്‌പോര്‍ട്‌സ് കൗണ്‍സിലുകളാണ് രൂപീകരിച്ചത്. കായിക മേഖലയുടെ കുതിപ്പിനായി സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനകം 24 സിന്തറ്റിക് ട്രാക്കുകളാണ് സര്‍ക്കാര്‍ നിര്‍മ്മിച്ചത്. നാല് സിന്തറ്റിക്ക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 32 മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ പൂര്‍ത്തിയാക്കി. ആറ് മുനിസിപ്പല്‍ സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനത്തിന് തയ്യാറാവുകയാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി വിഭാഗക്കാരെ കായിക മേഖലയിലേക്ക് ഉയര്‍ത്തുന്നതിന് ഒറ്റപ്പാലത്ത് സ്റ്റേഡിയം പൂര്‍ത്തിയാവുകയാണ്. കായിക രംഗത്ത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി, ഉപരിപഠന പ്രവേശനം എന്നിവ വകുപ്പ് സാധ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ കളിക്കളം ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് 50000 രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. 

ജില്ലയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ 42 കോടി വിനിയോഗിച്ച് പൂര്‍ത്തിയാക്കിയ ഇന്റോര്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കാനും 2030- ല്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിമില്‍ മത്സരാര്‍ത്ഥികളെ പങ്കെടുക്കുന്നതിന് വിദഗ്ധ പരിശീലനം ജില്ലയില്‍ നിന്നും നല്‍കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച കായിക താരങ്ങളും അനുകൂല കാലാവസ്ഥയും ഉള്ള ജില്ലയാണ് വയനാട്. ദേശീയ ക്രിക്കറ്റ് ടീമില്‍ അംഗത്വം നേടിയ മിന്നുമണി, സജന സജീവന്‍ എന്നിവര്‍ ജില്ലയ്ക്ക് അഭിമാനമാണെന്നും ജില്ലയില്‍ നിന്നും മധ്യനിര താരങ്ങളെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ക്ക് കായിക വകുപ്പ് അനുവദിച്ച സ്‌പോര്‍ട്‌സ് കിറ്റ് മന്ത്രി പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ക്ക് കൈമാറി. ഓംകാരനാഥന്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച രണ്ട് നീന്തല്‍കുളങ്ങള്‍, മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 5000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറി, ടിക്കറ്റ് കൗണ്ടര്‍, ഗസ്റ്റ് റൂം, മെഡിക്കല്‍ റൂം, കായിക താരങ്ങള്‍ക്കുള്ള മുറി, വി.ഐ.പി ലോഞ്ച്, ഇലക്ട്രിക്കല്‍ റൂഫ്, ഫയര്‍ കണ്‍ട്രോള്‍ റൂം, അഡ്മിന്‍ ബ്ലോക്ക് എന്നിവയാണ് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ പൂര്‍ത്തീകരിച്ചത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ടി. സിദ്ദിഖ് അധ്യക്ഷനായി. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം ഫ്രാന്‍സിസ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം മധു, മുന്‍ എം.എല്‍.എ സി.കെ ശശീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ കെ.കെ കുഞ്ഞമ്മദ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

*വയനാട് വിത്തുത്സവം*: *ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും*

ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതി, കർഷക സംഘടനയായ സീഡ് കെയർ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് വയനാട് വിത്തുത്സവം ഇന്ന് (ഫെബ്രുവരി 28) രാവിലെ 11 ന് വെള്ളമുണ്ട അത്തിക്കൊല്ലിയിൽ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. വിത്തുത്സവത്തിന്റെ ഭാഗമായി പ്രദർശന ഉദ്ഘാടനവും ജില്ലാ ആദിവാസി വികസന പ്രവർത്തക സമിതി ഏർപ്പെടുത്തിയ ജീനോം സേവ്യർ പുരസ്ക്കാര വിതരണവും മന്ത്രി നിർവഹിക്കും.

 ഇന്നും നാളെയുമായി ( ഫെബ്രുവരി 28,മാർച്ച്‌ 1) നടക്കുന്ന വിത്തുത്സവത്തിൽ  കാർഷിക മേഖലയിലെ വിദഗ്ദർ സെമിനാറുകൾ നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കമർലൈല, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മൊയി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ. ടി ഉനൈസ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം. ലതിക, ജില്ലാ ആദിവാസി വികസന ആക്ഷൻ കൗൺസിൽ പ്രസിഡന്റ്‌ ലത, എം. എസ് സ്വാമിനാഥൻ ഗവേഷണ നിലയം ഡയറക്ടർ ഡോ. നീരജ് യു ജോഷി, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി അലക്സ്‌, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, റിട്ട.ഐ.സി.എ.ആർ ശാസ്ത്രജ്ഞൻ ഡോ. സി. തമ്പാൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. പി ജയചന്ദ്രൻ, ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

*ഡിഗ്രി പഠനപദ്ധതിയുമായി സുൽത്താൻബത്തേരി നഗരസഭ*

സുൽത്താൻബത്തേരി നഗരസഭയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി സുൽത്താൻബത്തേരി നഗരസഭയിൽ ഡിഗ്രി പഠന പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ഡിഗ്രി പഠനം നൽകുന്നത്. സബ്സിഡി മാനദണ്ഡം പാലിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനറൽ/ഒ.ബി.സി വിഭാഗക്കാർക്ക് 50 ശതമാനവും പട്ടികജാതി വിഭാഗക്കാർക്ക് 75 ശതമാനവും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 100 ശതമാനവും ഫീസ് സബ്സിഡി നൽകും. സെൻറ് മേരിസ് കോളേജാണ് ലേണേഴ്സ് സപ്പോർട്ട് സെൻറർ ആയി തെരഞ്ഞെടുത്തിട്ടുള്ളത്. 2025-26 വർഷം 25 പേരാണ് നഗരസഭയിൽ നിന്ന് ഡിഗ്രി കോഴ്സുകൾക്ക് അഡ്മിഷൻ എടുത്തത്. പഠിതാക്കളുടെ സെമസ്റ്റർ ഫീസുകൾ , പരീക്ഷാ ഫീസുകൾ തുടങ്ങിയവ നഗരസഭ സംസ്ഥാന സാക്ഷരതാ മിഷൻ വഴി യൂണിവേഴ്സിറ്റിയ്ക്ക് കൈമാറും.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെറീന അബ്ദുള്ള അധ്യക്ഷയായി.പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ ഷിഫാനത്ത്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീല പാൽപ്പാത്ത്, കൗൺസിലർ രാധ രവീന്ദ്രൻ, പ്രേരകുമാരായ കെ.ശ്യാമള , പി.ജിഷിൻസി ,വി.കെ ബബിതമോൾ കെ.പി ഷീന,സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

*ജില്ലാ വികസന സമിതി യോഗം ഇന്ന്* 

ജില്ലാ വികസന സമിതി യോഗം ഇന്ന് (ഫെബ്രുവരി 28) രാവിലെ 11 കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0