നിലമ്പൂരിൽ ഇന്ന് കലാശക്കൊട്ട്; ഏഴ് ഡിവൈഎസ്പിമാരുൾപ്പെടെ വൻ പോലീസ് സന്നാഹം, പാർട്ടി പ്രവർത്തകർക്കുള്ള നിർദേശം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. ഇടതുമുന്നണി സ്ഥാനാർഥി എം സ്വരാജ് രാവിലെ 8 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർഥി ഉച്ചവരെ പ്രധാന വോട്ടർമാരെ നേരിട്ട് കാണും. 12 മണിയ്ക്ക് ശേഷം വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും. കലാശക്കൊട്ടിനോടനുബന്ധിച്ച് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അർ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡ്യൂട്ടിക്കായി 7 ഡിവൈഎസ്പി, 21 പോലീസ് ഇൻസ്പെക്ടർ, 60 സബ് ഇൻസ്പെക്ടർ, ജില്ലാ പോലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും എംഎസ്പി ബറ്റാലിയനും ഉൾപ്പടെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു.
നിലവിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണ് 773 ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത്. കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് നിലമ്പൂർ ഡിവൈഎസ്പി ഓഫീസിലും അതത് സ്റ്റേഷനുകളിലും വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങൾ നടത്തി. മീറ്റിങ്ങിൽ എല്ലാ പാർട്ടികളിലെയും പ്രതിനിധികളുടെ സമ്മതത്തോടെയും അനുമതിയോട് കൂടിയും കൊട്ടിക്കലാശം പ്രധാനമായും നടക്കുന്ന നിലമ്പൂർ, എടക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് നൽകിയിട്ടുണ്ട്.
What's Your Reaction?






