വൻ ഭൂചലനത്തിൽ വിറച്ച് കൊളംബിയ, 7.4 തീവ്രത; 47 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു

റിപ്പോർട്ട് :ബൈഷികുമാർ

Aug 10, 2026 - 22:19
വൻ ഭൂചലനത്തിൽ വിറച്ച് കൊളംബിയ, 7.4 തീവ്രത; 47 മരണം, നിരവധി കെട്ടിടങ്ങൾ തകർന്നു

ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഉണ്ടായ വൻ ഭൂചലനത്തിൽ നിരവധി മരണം. 47 പേർ മരിച്ചതായും തകർന്നുവീണ7 കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്നും 103 കിലോമീറ്റർ ആഴത്തിലാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് കൊളംബിയൻ ജിയോളജിക്കൽ സർവീസ് അറിയിച്ചു. കൊളംബിയൻ നഗരമായ പെരേരയിൽ 18 പേർ മരണപ്പെട്ടതായി സിറ്റി മേയർ അറിയിച്ചു. അയൽരാജ്യമായ വെനസ്വേലയിൽ കനത്ത നാശം വിതച്ച ഭൂചലമുണ്ടായതിന് പിന്നാലെയാണ് കൊളംബിയയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 07:34നായിരുന്നു (ഇന്ത്യൻ സമയം വൈകുന്നേരം 6:04) സംഭവം. യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയയുടെ ജിയോളജിക്കൽ സർവീസും റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തി. ചോക്കോ പ്രവിശ്യയിലെ സാൽ ജോസ് ഡെൽ പാൽമറാണ് പ്രഭവകേന്ദ്രം. തലസ്ഥാനമായ ബോഗോട്ടയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബോഗോട്ടയിൽ മരങ്ങളും ട്രാഫിക് ലൈറ്റുകളും കുലുങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ, അയൽരാജ്യങ്ങളായ വെനസ്വേലയിലും ഇക്വഡോറിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ആളുകൾക്ക് പരിക്കേറ്റതായും എന്നാൽ കണക്കുകൾ ലഭ്യമായിട്ടില്ലെന്നും ചോക്കോ പ്രവിശ്യ ഗവർണർ നൂബിയ കരോലിന കോർഡോബ പറഞ്ഞു. 25 കെട്ടിടങ്ങൾ തകർന്നതായി കാലി മേയർ അറിയിച്ചു. കൊളംബിയയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് കാലി. കെട്ടിടങ്ങൾക്ക് വിള്ളലുകൾ ഉണ്ടായതല്ലാതെ, മറ്റ് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബോഗോട്ട മേയർ കാർലോസ് ഫെർണാണ്ടോ ഗാലൻ അറിയിച്ചു. തത്സമയ വാർത്താ സംപ്രേഷണത്തിനിടെ ചാനൽ സ്റ്റുഡിയോയിലെ ഫർണിച്ചർ കുലുങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0