നവജാത ശിശുവിനെ അമ്മ ജനലിൽ നിന്ന് എറിഞ്ഞു 19കാരി പ്രസവിച്ചത് ആശുപത്രി ശുചിമുറിയിൽ

റിപ്പോർട്ട് :ബൈഷികുമാർ

May 26, 2026 - 12:28
നവജാത ശിശുവിനെ അമ്മ ജനലിൽ നിന്ന് എറിഞ്ഞു 19കാരി പ്രസവിച്ചത് ആശുപത്രി ശുചിമുറിയിൽ

നവജാത ശിശുവിനെ അമ്മ ജനലിലൂടെ എറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അവിവാഹിതയായ 19കാരിയാണ് കുഞ്ഞിനെ എറിഞ്ഞത്. യുവതി ആശുപത്രിയിലെ ശുചിമുറിയിലാണ് പ്രസവിച്ചത്.

ഇന്നലെ രാത്രി ഒൻപതുമണിയോടെ വയറുവേദനയെത്തുടർന്നാണ് യുവതി പിതാവുമൊത്ത് ആശുപത്രിയിലെത്തിയത്. തുടർന്ന് ചികിത്സിച്ച ഡോക്‌ടർ നിരീക്ഷണത്തിൽ കഴിയാൻ യുവതിയോട് നിർദേശിച്ചു. പിന്നാലെയാണ് പ്രസവശേഷം യുവതി കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിഞ്ഞത്. അമ്മയും കുഞ്ഞും നിലവിൽ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.മുൻപ് സ്‌കാൻ ചെയ്തിട്ടുണ്ടെന്നും കൊഴുപ്പുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നുമാണ് യുവതി പറഞ്ഞതെന്ന് ചികിത്സിച്ച ഡോക്‌ടർമാർ പറയുന്നു. വേദനയ്ക്കുള്ള മരുന്ന് നൽകി. സ്‌കാൻ ചെയ്യാനും നിർദേശിച്ചു. യുവതി വയറുപരിശോധിക്കാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല. വേദന കുറയാൻ മരുന്ന് നൽകാൻ വാശിപ്പിടിച്ചു. ഗർഭിണിയാണെന്ന സംശയം തോന്നിയിരുന്നു. ഗ‌ർഭിണിയാണോയെന്ന് ചോദിച്ചപ്പോൾ നിഷേധിച്ചു.നിലവിൽ ആർത്തവകാലമാണെന്ന് പറയുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളോട് വിവരം പറഞ്ഞു. യുവതി ഇടയ്ക്കിടെ ശുചിമുറിയിൽ പോകുന്നുണ്ടായിരുന്നു. പിന്നീട് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. എന്നാൽ ശുചിമുറിയിൽ നോക്കിയിട്ട് ഒന്നും കാണാൻ സാധിച്ചില്ല. അപ്പോഴും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അറിയിക്കാൻ യുവതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ജനലിന്റെ പുറകിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പെൺകുഞ്ഞിനെ കണ്ടത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്‌ടർമാർ അറിയിച്ചു. യുവതി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും അറിയില്ലായിരുന്നുവെന്നാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0