ചൈനീസ് വെല്ലുവിളികളെ സമുദ്രാതിർത്തിയിൽ ചെക്കുവയ്ക്കാൻ ഒരുങ്ങി ഇന്ത്യ, ദ്വീപ് സമൂഹങ്ങൾ സൈനിക കേന്ദ്രങ്ങളാകും

റിപ്പോർട്ട് :ബൈഷികുമാർ

May 3, 2026 - 13:04
ചൈനീസ് വെല്ലുവിളികളെ സമുദ്രാതിർത്തിയിൽ ചെക്കുവയ്ക്കാൻ ഒരുങ്ങി ഇന്ത്യ, ദ്വീപ് സമൂഹങ്ങൾ സൈനിക കേന്ദ്രങ്ങളാകും

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്ന സാഹചര്യത്തിൽ, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാക്കി മാറ്റാൻ ഒരുങ്ങി ഇന്ത്യ. കരസേനയ്ക്ക് മാത്രം മുൻഗണന നൽകുന്ന പഴയ സൈനിക രീതികളിൽ നിന്ന് മാറി നാവിക പ്രതിരോധത്തിനും ഊന്നൽ നൽകേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നാണ് വിലയിരുത്തൽ.

2000-മാണ്ടിന്റെ തുടക്കത്തിൽ തന്നെ ചൈന തങ്ങളുടെ സൈനിക നയം കടൽ കേന്ദ്രീകൃതമാക്കി മാറ്റിയിരുന്നു. നിലവിൽ പ്രതിമാസം ശരാശരി ആറോ ഏഴോ ചൈനീസ് കപ്പലുകൾ ഇന്ത്യൻ സമുദ്ര മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്. കംബോഡിയ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലെ ചൈനീസ് സാന്നിദ്ധ്യം ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ഇതിനെ ചെക്ക് വയ്‌ക്കാൻ ആൻഡമാനിലെ ഐഎൻഎസ് ബാസ്, ഐഎൻഎസ് കൊഹാസ, ലക്ഷദ്വീപിലെ ഐഎൻഎസ് ജഡായു എന്നീ ബേസുകൾ വികസിപ്പിക്കേണ്ടതുണ്ട്. മുൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്താണ് ഗ്രേറ്റ് നിക്കോബാറിലെ കാംബെൽ ബേയെ ഒരു പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായും സൈനിക താവളമായും വികസിപ്പിക്കാൻ വിഭാവനം ചെയ്തത്.

കൊളംബോയിലോ ഹമ്പൻടോട്ടയിലോ കപ്പലുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കി ഇന്ത്യയെ ഒരു വ്യാപാര കേന്ദ്രമാക്കുക, പശ്ചിമേഷ്യയിൽ നിന്നുള്ള ഇന്ധനചരക്ക് നീക്കങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയും ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾക്ക് തടയിടുകയും ചെയ്യുക, ഇന്ത്യയുടെ നിരീക്ഷണ പരിധി ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരം വരെ വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയുടെ വേഗത കുറവാണെന്നത് ആശങ്കയിലാഴ്ത്തുന്നുണ്ട്. ഉദ്യോഗസ്ഥതലത്തിലെ കാലതാമസം, കര-നാവിക വ്യോമ സേനകൾക്കിടയിലുള്ള ഏകോപനമില്ലായ്‌മ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ലക്ഷദ്വീപിലെ അഗത്തി വിമാനത്താവള വികസനം പതിറ്റാണ്ടുകളായി ഇഴഞ്ഞുനീങ്ങുന്നത് ഇതിനൊരു ഉദാഹരണമാണ്. പരിസ്ഥിതി വാദത്തേക്കാളുപരി രാജ്യസുരക്ഷയുടെ ശേഷി വർദ്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ അടിയന്തര ആവശ്യമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ സമുദ്ര പ്രതിരോധത്തിൽ ഇന്ത്യ മികച്ച രീതിയിൽ കരുത്താർജ്ജിക്കുന്നുണ്ട്. ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാത്, ഐഎൻഎസ് അരിദമൻ എന്നീ മൂന്ന് ആണവ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികൾ നിലവിൽ വിന്യസിച്ചിട്ടുണ്ട്. നാലാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് അരിസുധൻ അടുത്ത വർഷം കമ്മീഷൻ ചെയ്യും. 3500 കിലോമീറ്റർ പരിധിയുള്ള കെ4 മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളവയാണ് ഇവ. അമേരിക്കയുടെ മാറുന്ന വിദേശനയങ്ങളും ക്വാഡ് സഖ്യത്തിലെ അവ്യക്തതകളും കണക്കിലെടുക്കുമ്പോൾ, ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വന്തം നിലയ്ക്ക് കരുത്ത് തെളിയിക്കാൻ ഇന്ത്യ നിർബന്ധിതരായിരിക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0