മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

റിപ്പോർട്ട് :ബൈഷികുമാർ

Apr 7, 2026 - 16:48
മരിച്ചത് ആറ് കുട്ടികളടക്കം ഒൻപത് പേർ; റോഡരികിലെ കിണറ്റിലേക്ക് കാർ മറിഞ്ഞ് മഹാരാഷ്ട്രയിൽ വൻ ദുരന്തം

നാസിക്: വേഗത്തിലെത്താൻ ഇടവഴി കയറിപ്പോയ കാർ കിണറ്റിൽ വീണ് ഒൻപത് പേർ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ ആറ് പേർ കുട്ടികളാണ്. വെള്ളിയാഴ്ചയാണ് ദാരുണ അപകടം നടന്നത്. ദിണ്ടോരിയിൽ കുട്ടികൾക്കായി നടത്തിയ കോച്ചിങ് പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. സുനിൽ ദർഗുദെ (32), ഭാര്യ രേഷ്‌മ (27), മകൾ ഗുൻവന്തി (11), സുനിലിൻ്റെ സഹോദരൻ്റെ ഭാര്യ ആശ (32), ഇവരുടെ മക്കളായ ശ്രേയസ് (11), ശ്രാവണി (11), ശ്രദ്ധ (13), ശ്രിഷ്‌ടി (14) ബന്ധുവായ മറ്റൊരു കുട്ടി സമൃദ്ധി (ഏഴ്) എന്നിവരാണ് മരിച്ചത്.ദിണ്ടോരിയിൽ നിന്ന് ഒൻപത് കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. മാരുതി സുസുകി എക്‌സ്എൽ 6 കാറിലാണ് ഇവർ സഞ്ചരിച്ചത്. പ്രധാന റോഡൊഴിവാക്കി ഇടറോഡ് വഴിയാണ് ഇവർ സഞ്ചരിച്ചത്. വഴിയരികിലുള്ള കിണറിൻ്റെ ചുറ്റുമതിലിലിടിച്ച് വാഹനം 40 അടിയോളം താഴ്‌ചയുള്ള കിണറിലേക്ക് വീഴുകായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിച്ചു. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രാത്രിയായതിനാൽ വെളിച്ചക്കുറവും കിണറിൻ്റെ ആഴവും തടസമായി. അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അപ്പോഴേക്കും ഒൻപത് പേരും മരിച്ചിരുന്നുവെന്നാണ് വിവരം. സുനിൽ ദർഗുദെയ്ക്ക് എതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്തു. ഏറെക്കാലം മുൻപ് നിർമിച്ച കിണറിനോട് ചേർന്ന് അടുത്തിടെയാണ് റോഡ് നിർമിച്ചത്. എന്നാൽ കിണർ മൂടിയിരുന്നില്ല. കിണർ ഉടമയും സർക്കാർ ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണ്. പിന്നാലെ കിണർ മൂടാൻ ശ്രമം തുടങ്ങി. എന്തുകൊണ്ടാണ് റോഡരികിൽ അപകടക്കെണിയായ കിണർ മൂടാതിരുന്നത് എന്ന് കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0