കേരളത്തിലെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണം: വസ്തുതകളും യാഥാർത്ഥ്യങ്ങളും

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 14, 2026 - 14:11
കേരളത്തിലെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണം: വസ്തുതകളും യാഥാർത്ഥ്യങ്ങളും

കേരള ന്യൂസ്‌ മീഡിയ

*മന്ത്രി വി. ശിവൻകുട്ടിയുടെ വാർത്താസമ്മേളനം*

*കേരളത്തിലെ പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി പരിഷ്കരണം: വസ്തുതകളും യാഥാർത്ഥ്യങ്ങളും - ഫെബ്രുവരി 14*

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഇന്ന് ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിലുള്ള വലിയൊരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കും 'തുഗ്ലക്ക് പരിഷ്കാരം' എന്ന പരിഹാസത്തിനും

മറുപടി പറയേണ്ടത് ഇവിടുത്തെ പാവപ്പെട്ട കുട്ടികൾക്ക് കൂടി വേണ്ടിയാണ്.

*1.ജനാധിപത്യപരമായ പാഠ്യപദ്ധതി പരിഷ്കരണം (2023 മുതൽ)*

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്കരണം ഈ സർക്കാർ ഏറ്റെടുത്തത്. ഇത് കേവലം മുറിക്കുള്ളിലിരുന്ന് തയ്യാറാക്കിയ ഒന്നല്ല:-

എല്ലാ വിഭാഗം ജനങ്ങളെയും കേട്ടും അവരുടെ അഭിപ്രായങ്ങൾ ശേഖരിച്ചുമാണ് ഇത് നടപ്പിലാക്കിയത്.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി പാഠ്യപദ്ധതി രൂപീകരണത്തിൽ വിദ്യാർത്ഥികളുടെ കൂടി അഭിപ്രായം തേടാൻ നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായി.

26 വിവിധ മേഖലകളിലെ വിദഗ്ദ്ധർ തയ്യാറാക്കിയ പൊസിഷൻ പേപ്പറുകൾ ആധാരമാക്കിയാണ് പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകിയത്.

*2.പാഠപുസ്തകങ്ങളിലെ വിപ്ലവകരമായ മാറ്റം*

ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ വിപ്ലവകരമാണ്.

കല, കായിക മേഖലകൾക്കും തൊഴിൽ വിദ്യാഭ്യാസത്തിനുമായി പ്രത്യേക പുസ്തകങ്ങൾ തയ്യാറാക്കി.

ഇന്ത്യയിൽ തന്നെ ആദ്യമായി രക്ഷിതാക്കൾക്കായി പ്രത്യേക പാഠപുസ്തകം തയ്യാറാക്കിയത് നമ്മുടെ സംസ്ഥാനമാണ്.

ശ്രവണ പരിമിതിയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത പുസ്തകങ്ങൾ പുറത്തിറക്കി.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ അടിസ്ഥാന ശേഷി വർദ്ധിപ്പിക്കാൻ എല്ലാ വിഷയങ്ങൾക്കും വർക്ക് ബുക്കുകൾ നൽകി. ഇതിനായി മാത്രം 30 ലക്ഷത്തിലധികം അധിക പാഠപുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ചത്.

ഈ പ്രവർത്തനങ്ങളെല്ലാം നേരിട്ട് ബോധ്യപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് SCERT ലൈബ്രറി സന്ദർശിക്കാവുന്നതാണ്. അവിടെ ഇതിന്റെയെല്ലാം കൃത്യമായ രേഖകളും തെളിവുകളും ലഭ്യമാണ്.

*3.പാഠപുസ്തക വിതരണത്തിലെ കൃത്യതയും ചരിത്രപരമായ വീണ്ടെടുപ്പും*

കഴിഞ്ഞ രണ്ടു വർഷത്തിനിടെ 597 ടൈറ്റിലുകളിലായി ദശലക്ഷക്കണക്കിന് പാഠപുസ്തകങ്ങളാണ് പരിഷ്കരിച്ച് അച്ചടിച്ചത്.

*യു.ഡി.എഫ് കാലത്തെ ഇരുണ്ട ദിനങ്ങൾ (2011-2016):*

മുൻ പ്രതിപക്ഷ നേതാവ് 'തുഗ്ലക്ക് പരിഷ്കാരം' എന്ന് വിളിക്കുന്നതിന് മുൻപ് 2011-16 കാലഘട്ടം ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.

അന്ന് അധ്യയന വർഷം പകുതിയായിട്ടും പുസ്തകം ലഭിക്കാതെ കുട്ടികൾ തെരുവിലിറങ്ങേണ്ടി വന്നു.

അധ്യാപകർക്ക് പാഠഭാഗങ്ങൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിപ്പിക്കേണ്ട ഗതികേടുണ്ടായി.

പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസിനെ അവഗണിച്ച് സ്വകാര്യ പ്രസ്സുകൾക്ക് അമിത നിരക്കിൽ കരാർ നൽകിയ അഴിമതിയുടെ കാലമായിരുന്നു അത്.

*ഇന്നത്തെ സ്ഥിതി*

ഇന്ന് സ്കൂൾ തുറക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് തന്നെ പുസ്തകങ്ങൾ കുട്ടികളുടെ കയ്യിലെത്തുന്നു. ഇത് കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും അധ്യാപകർക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാനും സഹായിക്കുന്നു. പുസ്തകങ്ങൾ വാല്യങ്ങളായി തിരിച്ചതിലൂടെ കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരവും കുറഞ്ഞു.

*4.ഹയർസെക്കൻഡറി മേഖലയിലെ മാറ്റങ്ങൾ*

14 വർഷങ്ങൾക്ക് ശേഷമാണ് ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നത്.

11-ാം ക്ലാസിൽ ഈ വർഷം മുതൽ പുതുക്കിയ പുസ്തകങ്ങൾ നൽകിത്തുടങ്ങും.

12-ാം ക്ലാസിൽ പരിഷ്കരണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

ഇതോടെ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പരിഷ്കരിച്ച ഗവൺമെന്റ് എന്ന ഖ്യാതി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സ്വന്തമാകും.

*5.പ്രതിപക്ഷത്തോടുള്ള ചോദ്യം*

കേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ ആക്ഷേപിക്കുന്നവർ സ്വന്തം പാർട്ടി ഭരിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ അവസ്ഥ കൂടി നോക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കർണാടകയിൽ 3,617 സ്കൂളുകളാണ് പൂട്ടിപ്പോയത്.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും അക്കാദമിക് മികവ് ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനൊപ്പം തന്നെ ഓരോ കുട്ടിയുടെയും പഠന നിലവാരം ഉറപ്പാക്കുന്ന രീതിയിലുള്ള പരിഷ്കരണങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.

*1.അക്കാദമിക് മികവും 'സബ്ജക്ട് മിനിമം' പദ്ധതിയും*

വിദ്യാർത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ 'സബ്ജക്ട് മിനിമം' പദ്ധതി നടപ്പിലാക്കി വരുന്നു.

2024-25 വർഷം എട്ടാം ക്ലാസ്സിലും, 2025-26 വർഷം അഞ്ച്, ആറ്, ഏഴ്,ഒൻപത്‌ ക്ലാസ്സിലും ഇത് നടപ്പിലാക്കി. 2026-27 അധ്യയന വർഷത്തോടെ 8, 9, 10 ക്ലാസ്സുകളിലെ പൊതുപരീക്ഷകളിൽ ഇത് പൂർണ്ണമായി നടപ്പിലാക്കും.

*2.വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും*

ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കായി അപകട ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 

43 ലക്ഷം കുട്ടികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.

വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പുമായി ചേർന്ന് സമഗ്ര സ്കൂൾ ഹെൽത്ത് പ്രോഗ്രാം ആവിഷ്കരിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് പ്രവർത്തനക്ഷമമാകും.

'നോ ടു ഡ്രഗ്സ്' ക്യാമ്പയിന്റെ ഭാഗമായി എൻ.എസ്.എസ്, എസ്.പി.സി എന്നിവയുടെ നേതൃത്വത്തിൽ ശക്തമായ ബോധവൽക്കരണം തുടരുന്നു. 'തെളിവാനം വരയ്ക്കുന്നവർ' എന്ന പ്രവർത്തന പുസ്തകം ഇതിനായി പ്രസിദ്ധീകരിച്ചു.

,*3.ഡിജിറ്റൽ വിപ്ലവവും ഐ.ടി അധിഷ്ഠിത പഠനവും*

കേരളത്തിലെ വിദ്യാലയങ്ങളെ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതയുള്ള വിദ്യാലയങ്ങളായി മാറ്റാൻ നമുക്ക് കഴിഞ്ഞു.

2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ചു. 10-ാം ക്ലാസ്സിലെ ഐ.സി.ടി പാഠപുസ്തകത്തിൽ റോബോട്ടിക്സ് ഉൾപ്പെടുത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 64,173 ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മലയോര/പിന്നാക്ക മേഖലകളിൽ 45,710 ഡിജിറ്റൽ ഉപകരണങ്ങൾ എത്തിച്ചു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ 2174 ഹൈസ്കൂളുകളിലേക്ക് വ്യാപിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 3ഡി മോഡലിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.

നാല് ലക്ഷം അമ്മമാർക്ക് ഇന്റർനെറ്റിലെ ചതിക്കുഴികൾ തിരിച്ചറിയാൻ പരിശീലനം നൽകി.

*4. ഭൗതിക സാഹചര്യ വികസനം (കിഫ്ബി)*

സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനായി കിഫ്ബി വഴി വൻതോതിലുള്ള ധനസഹായമാണ് അനുവദിച്ചത്.

 

5 കോടി, 3 കോടി, 1 കോടി പദ്ധതികളിൽ ഉൾപ്പെടുത്തി ആകെ 973 സ്കൂളുകളിൽ 629 സ്കൂളുകളുടെ നിർമ്മാണം പൂർത്തിയായി.

ബാക്കിയുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്.

1200-ലധികം പ്രീ-പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി വിജയകരമായി നടപ്പിലാക്കി.

*5.അധ്യാപക നിയമനവും ഫയൽ അദാലത്തും*

2021 മെയ് മാസത്തിന് ശേഷം സർക്കാർ/എയ്ഡഡ് മേഖലകളിലായി 30,564 അധ്യാപക നിയമനങ്ങൾ നടത്തി. ഇതിൽ 15,050 പേർ പി.എസ്.സി വഴിയാണ് നിയമിക്കപ്പെട്ടത്.

വിദ്യാഭ്യാസ വകുപ്പിലെ ഫയലുകൾ വേഗത്തിലാക്കാൻ മാസന്തോറും അദാലത്തുകൾ നടത്തുന്നു. 

*6.ഭിന്നശേഷി സൗഹൃദ വിദ്യാഭ്യാസം*

ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സ്പോർട്സ് മാന്വൽ പരിഷ്കരിക്കുകയും കായികമേളകളിൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

അധിക പിന്തുണയ്ക്കായി 1486 സ്പെഷ്യൽ കെയർ സെന്ററുകൾ ആരംഭിച്ചു.

കാഴ്ചപരിമിതർക്കായി ഓഡിയോ ലൈബ്രറി സജ്ജമാക്കി.

*7.തൊഴിലധിഷ്ഠിത വിദ്യാഭ്യാസം*

714 വൊക്കേഷണൽ ഹയർ സെക്കണ്ടറി ലാബുകൾ നവീകരിച്ചു. 4891 പേർക്ക് തൊഴിൽ മേളകളിലൂടെ ജോലി ലഭ്യമാക്കി.

സ്കോൾ കേരള വഴി ഡിസാസ്റ്റർ റിസ്ക് മാനേജ്മെന്റ്, ഹോം നഴ്സിംഗ് കെയർ, തിയേറ്റർ ആർട്സ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകൾ ആരംഭിച്ചു.

*8.പ്രധാന മാറ്റങ്ങൾ*

16 വർഷത്തിന് ശേഷം ഹയർ സെക്കണ്ടറി പരീക്ഷാ മാന്വൽ പരിഷ്കരിച്ചു.

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി.

പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല തിരിച്ചുകൊണ്ടുവന്നു.

 ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏകീകൃത സ്പെഷ്യൽ റൂളിന്റെ കരട് തയ്യാറായി വരുന്നു. ഇത് പൊതുവിദ്യാഭ്യാസ രംഗത്തെ വലിയൊരു ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കും.

സർക്കാരിന്റെ ലക്ഷ്യം കേവലം കെട്ടിടങ്ങൾ നിർമ്മിക്കുക എന്നതല്ല, മറിച്ച് ഓരോ കുട്ടിയും ലോകോത്തര നിലവാരമുള്ള അക്കാദമിക് മികവ് നേടുന്നു എന്ന് ഉറപ്പുവരുത്തുക എന്നതാണ്. ഇതിനായി അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് നിൽക്കണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0