*രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന; എത്തിയത് ലാപ്ടോപ്പ് അന്വേഷിച്ച്? അന്വേഷണ സംഘം വീട്ടിൽ ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം*
റിപ്പോർട്ട് :ബൈഷി കുമാർ
*രാഹുൽ മാങ്കൂട്ടത്തിലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ എസ്ഐടി പരിശോധന; എത്തിയത് ലാപ്ടോപ്പ് അന്വേഷിച്ച്? അന്വേഷണ സംഘം വീട്ടിൽ ചെലവഴിച്ചത് പത്ത് മിനിറ്റ് മാത്രം*
*അടൂർ:* ബലാത്സംഗ കേസിൽ അറസ്റ്റിലായി എസ്ഐടിയുടെ കസ്റ്റഡിയിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. രാഹുലിന്റെ അടൂർ നെല്ലിമുകളിലെ വീട്ടിൽ ആണ് എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ ആണ് അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. സംഘം വെറും പത്ത് മിനിറ്റ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. രാഹുലിന്റെ ലാപ്ടോപ്പ് തേടിയാണ് എസ്ഐടി എത്തിയതെന്നാണ് വിവരം. അതിൽ നിർണായക വിവരങ്ങൾ ഉണ്ടാകുമെന്നാണ് എസ്‌ഐടിയുടെ നിഗമനം.
പോലീസ് സംഘം വീട്ടിലെത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽ നിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രാഹുലിനെ ചോദ്യം ചെയ്തപ്പോൾ ലാപ്ടോപ്പിനെക്കുറിച്ച് എസ്ഐടി ചോദിച്ചിരുന്നു. എന്നാൽ ലാപ്ടോപ്പ് താൻ ഉപയോഗിക്കാറില്ല എന്നാണ് രാഹുൽ പറഞ്ഞത്. എന്നാൽ അന്വേഷണ സംഘം ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ക്ലബ് സെവൻഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്‌ഐടി ക്ലബ് സെവനിൽ ഇന്ന് രാവിലെയാണ് രാഹുലുമായി അന്വേഷണ സംഘം എത്തിയത്. രാഹുലും യുവതിയും തങ്ങിയ 408-ാം നമ്പർ മുറിയിൽ ഉൾപ്പെടെ പരിശോധന നടത്തി. ഇവിടെ തെളിവെടുപ്പ് മണിക്കൂറുകൾ നീണ്ടു. ആദ്യം അന്വേഷണത്തോട് നിസഹകരണം കാട്ടിയ രാഹുൽ പിന്നീട് ഹോട്ടലിലെത്തിയ കാര്യം സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് ഹോട്ടലിൽ എത്തിയതെന്നായിരുന്നു രാഹുൽ പറഞ്ഞത്. എന്നാൽ, പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0