രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല

റിപ്പോർട്ട് :ബൈഷി കുമാർ

Dec 15, 2025 - 03:59
രാഹുലിന് ഇന്ന് നിർണായകം; രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും, എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ സെഷൻസ് കോടതി നടപടിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയാണ് ഇതിലൊന്ന്. ഈ കേസിൽ രാഹുലിനെ തൽക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് കെ ബാബു കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ഈ കേസിൽ വിശദമായ വാദം ഇന്ന് നടക്കും. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇതിനെതിരെ സർക്കാ‍ർ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍റെ ബെഞ്ച് പരിഗണിക്കുന്നത്.അതിനിടെ, രണ്ടാം ബലാത്സംഗക്കേസിൽ വ്യവസ്ഥകളോടെ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ല. ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നുമാണ് രാഹുൽ നൽകുന്ന വിശദീകരണം. അപ്പീലിലെ ഹൈക്കോടതി തീരുമാനം അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ പ്രതികളായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷയും സന്ദീപ് വാര്യർ, രജിത പുളിയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പൊലീസ് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കാത്തത് കാരണം കഴിഞ്ഞ രണ്ട് തവണയും ജാമ്യാപേക്ഷയിൽ വാദം പറയുന്നത് മാറ്റി വച്ചിരുന്നു. നിലവിൽ കേസിലെ ഒന്നാം പ്രതിയായ രാഹുൽ ഈശ്വർ റിമാൻഡിയിലാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0