മുഖ്യമന്ത്രിക്കെതിരായ കൊലവിളി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല, ട്വൻ്റി 20യുടെ കടുത്ത പ്രചാരകയായ ടീന ജോസ് തുറന്നുകാട്ടുന്നത് ആ പാർട്ടിയുടെ രാഷ്ട്രീയ ശൈലി: മന്ത്രി വി ശിവൻകുട്ടി
റിപ്പോർട്ട് :ബൈഷി കുമാർ
മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസിന്റെ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. “രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം” എന്ന തരത്തിലുള്ള പരാമർശങ്ങൾ ഏതൊരു സംസ്കാരമുള്ള സമൂഹത്തിനും അപമാനമാണ്. ഇത് കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണ്.
അക്രമത്തെയും കൊലപാതകത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ യുവതലമുറയ്ക്ക് നൽകുന്ന സന്ദേശം എന്താണ്? ഇത്തരക്കാർക്ക് നമ്മുടെ പൊതുസമൂഹത്തിൽ ഒരു സ്ഥാനവുമില്ല.അഭിഭാഷക എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് നിയമത്തെ കാറ്റിൽപ്പറത്തി ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്തിരിക്കുന്നത്. ഇത് നിയമരംഗത്തിന് തന്നെ നാണക്കേടാണ്. ഈ വ്യക്തി ട്വൻ്റി 20യുടെ കടുത്ത പ്രചാരകയാണെന്നും, മറ്റ് ജില്ലകളിൽ പോലും അവർക്കുവേണ്ടി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. ട്വൻ്റി 20 പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം ഈ വിഷയത്തിൽ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു ജനകീയ പ്രസ്ഥാനത്തിൻ്റെ പ്രചാരകയായി തുടരാൻ എങ്ങനെ സാധിക്കുന്നു?
അവരുടെ യോഗങ്ങളിൽ മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും ‘അറയ്ക്കുന്ന ഭാഷയിൽ’ ആക്ഷേപിക്കുന്നു എന്നതും ഗൗരവമായി കാണണം. ഇത് ട്വൻ്റി 20യുടെ രാഷ്ട്രീയ ശൈലിയെയാണ് തുറന്നുകാട്ടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0