ദിയയുടെ കടയിലെ കണക്ക് പരിശോധിക്കാൻ പോലീസ്; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം

Jun 9, 2025 - 04:36
ദിയയുടെ കടയിലെ കണക്ക് പരിശോധിക്കാൻ പോലീസ്; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു, അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിൻ്റെ മകൾ ദിയയുടെ സ്ഥാപനത്തിലെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പോലീസ്. സർക്കാർ സ്ഥാപനത്തിൻ്റെയോ പോലീസിൻ്റെയോ മേൽനോട്ടത്തിൽ സ്വകാര്യ സ്ഥാപനമോ ആയിരിക്കും ഓഡിറ്റിങ് നടത്തുക. കടയിലെ ജീവനക്കാരികളായ യുവതികളുടെ പരാതിയും കൃഷ്ണകുമാറിൻ്റെ പരാതിയും പോലീസ് അന്വേഷിക്കും. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് രണ്ട് പരാതികളും അന്വേഷിക്കുക.

ദിയ കൃഷ്ണകുമാറിൻ്റെ സ്ഥാപനത്തിൽ നിന്നും ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാകും ആദ്യ അന്വേഷണം. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയാൽ അന്വേഷണം സുഗമമാകും. കൃഷ്ണകുമാർ ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള ജീവനക്കാരുടെ പരാതികളും അന്വേഷിക്കും. പണം നഷ്ടമായെന്ന കാരണത്താൽ കൃഷ്ണകുമാർ പോലീസിനെ അറിയിക്കാതെ കൃഷ്ണകുമാർ ജീവനക്കാരുമായി സംസാരിച്ചതിൽ തെറ്റുണ്ടെന്ന നിലപാടിലാണ് പോലീസ്.

അന്വേഷണത്തിൻ്റെ ഭാഗാമായി മെയ് 29, 30 തീയതികളിലെ കവടിയാർ മുതൽ അമ്പലമുക്ക് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാറിനും രണ്ടാമത്തെ മകൾ ദിയക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൃഷ്ണകുമാറിൻ്റെ കുടുംബത്തിലെ ആറ് പേർക്കെതിരെയാണ് കേസ്. തട്ടിക്കൊണ്ട് പോയെന്നും മർദിച്ച് പണം വാങ്ങിയെന്നുമുള്ള ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിൻ്റെ ഓഫീസിൽ വെച്ച് മർദിച്ചെന്നും പരാതിയിൽ ജീവനക്കാർ പറയുന്നുണ്ട്.

തൻ്റെ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് ഉപയോഗിച്ച് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയയുടെ പരാതി. ജീവനക്കാരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ കൃഷ്ണകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു. പണം മോഷ്ടിച്ചതായി ജീവനക്കാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തിവിട്ടത്. നഷ്ടമായ പണം തിരികെ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തുകയോ മർദിക്കുകയോ ചെയ്തിട്ടില്ലെന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.

കൃഷ്ണകുമാറും ദിയയും ഭീഷണിപ്പെടുത്തുകയും പണം ബലമായി വാങ്ങുകയും ചെയ്തതായി ജീവനക്കാരികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദിയ പറഞ്ഞതുപ്രകാരമാണ് ഞങ്ങളുടെ അക്കൗണ്ടിലൂടെ കസ്റ്റമേഴ്സിൽ നിന്ന് പണം വാങ്ങിയത്. ടാക്സ് പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞാണ് ദിയ ഇങ്ങനെ ചെയ്യിപ്പിച്ചത്. ജാതീയമായി അധിക്ഷേപിക്കുകയും അഞ്ച് ലക്ഷം രൂപ തന്നാൽ പോലീസിൽ

പരാതി നൽകില്ലെന്നും ദിയയുടെ കുടുംബം പറഞ്ഞെന്നും ജീവനക്കാർ വ്യക്തമാക്കിയിരുന്നു. ഫോൺ തട്ടിയെടുത്ത ശേഷം മുറിയിൽ പൂട്ടിയിട്ടതായും ഇവർ പറഞ്ഞിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0