മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു, നടപടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ

ഇടുക്കിയിലെ മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ഗ്യാപ് റോഡ് അടച്ചിരിക്കുന്നത്. നേരത്തെ, കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് രാത്രി ഗതാഗതം നിരോധിച്ചിരുന്നു.

May 31, 2025 - 10:05
മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു, നടപടി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ

ഇടുക്കി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് തുടരുകയാണ്. നാളെ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. കൂടാതെ, മലയോര മേഖലയിലെ രാത്രിയാത്ര വൈകിട്ട് ഏഴുമണിമുതൽ രാവിലെ ആറുമണി അടിയന്തര സാഹചര്യങ്ങളിലൊഴികെ പൂർണമായും നിരോധിച്ചിട്ടുമുണ്ട്. മണ്ണിടിച്ചിൽ, മരങ്ങള്‍ കടപുഴകി വീണ് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത എന്നിവ ഒഴിവാക്കുന്നതിനായി കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് രാത്രി 7 മണി മുതലുള്ള രാത്രികാല റോഡ് ഗതാഗതം നിരോധിച്ചിരുന്നു. മെയ് 30 വരെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി.

വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നൽകി. വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഉത്തരവ് ലംഘിച്ച് വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ട് ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും ജീപ്പ് ട്രക്കിങ്ങും ഉള്‍പ്പടെയുള്ള എല്ലാവിധ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും കര്‍ശനമായും തടയും. വീഴ്ച വരുത്തന്ന വാഹനം, സ്ഥാപനം എന്നിവ പിടിച്ചെടുക്കും. വാഹനയുടമ, ഡ്രൈവര്‍, സ്ഥാപനയുടമ എന്നിവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

റെഡ് അലേർട്ട് തുടരുന്ന സാഹചര്യം ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

ജില്ലയിൽ കഴിഞ്ഞ ആറു ദിവസമായി അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുതലാണെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറേണ്ടതാണെന്ന് ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0