മസ്ക്, അംബാനി, യൂസഫലി; ഫോബ്സ് ശതകോടീശ്വര പട്ടിക, ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി

കൊച്ചി: ഫോബ്സിൻ്റെ 2025ലെ ശതകോടീശ്വര പട്ടികയിൽ ഒന്നാമനായി ഇലോൺ മസ്ക്. 34,200 കോടി ഡോളർ ആസ്തിയാണ് ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവിയായ ഇലോൺ മസ്കിനുള്ളത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗാണ് രണ്ടാം സ്ഥാനത്ത്. പട്ടികയിൽ ആദ്യ പത്തിൽ എത്തിയില്ലെങ്കിലും ഇന്ത്യക്കാരിൽ ഒന്നാമൻ മുകേഷ് അംബാനിയാണ്. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് മുന്നിൽ.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ശതകോടീശ്വരന്മാരുടെ പട്ടികയിൽ യുഎസിനാണ് മുൻതൂക്കം. 902 ശതകോടീശ്വരന്മാരാണ് അമേരിക്കയിൽ മാത്രമുള്ളത്. 516 കോടീശ്വരന്മാരുള്ള ചൈന രണ്ടാമതെത്തിയപ്പോൾ, മൂന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ത്യയിൽ നിന്ന് 205 കോടീശ്വരന്മാരാണ് പട്ടികയിലിടംപിടിച്ചത്.
21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് പട്ടികയിൽ രണ്ടാമതെത്തിയത്. ഓറക്കിളിൻ്റെ ലാറി എലിസൺ (19,200 കോടി ഡോളർ), ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് എൽവിഎംഎച്ചിൻ്റെ മേധാവി ബെർണാഡ് ആർണോയും കുടുംബവും (17,800 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്.അതേസമയം ആദ്യ പത്തിൽ നിന്നും പുറത്തായെങ്കിലും ഇന്ത്യക്കാരിൽ മുന്നിൽ മുകേഷ് അംബാനി തന്നെയാണ്. 9,250 കോടി ഡോളർ ആസ്തിയുമായാണ് മുകേഷ് അംബാനി രാജ്യത്ത് ഒന്നാമതെത്തിയത്. ലോകസമ്പന്ന പട്ടികയിൽ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഒരാഴ്ച മുൻപ് എത്തിയ ഹുറൂൺ പട്ടികയിലും മുകേഷ് അംബാനി ആദ്യ പത്തിൽ നിന്നും പുറത്തായിരുന്നു.
5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളർ ആസ്തിയോടെ ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാൽ, എച്ച്സിഎൽ സ്ഥാപകൻ ശിവ് നാടാർ (3450 കോടി ഡോളർ), സൺഫാംർമ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് പട്ടികയിൽ മുന്നിലുള്ള മറ്റ് ഇന്ത്യക്കാർ.മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ് ഒന്നാമൻ. 550 കോടി ഡോളറാണ് എംഎ യൂസഫലിയുടെ ആസ്തി. ഇന്ത്യ ഇന്ത്യക്കാരിൽ 32ാം സ്ഥാനത്താണ് എംഎ യൂസഫലി. ലോക സമ്പന്ന പട്ടികയിൽ 639ാം സ്ഥാനവും യൂസഫലി നേടി. ജെംസ് എജ്യുക്കേഷൻ മേധാവി സണ്ണി വർക്കി - 390 കോടി ഡോളർ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ - 380 കോടി ഡോളർ, ആർപി ഗ്രൂപ്പ് മേധാവി രവി പിള്ള - 370 കോടി ഡോളർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് - 330 കോടി ഡോളർ, കല്യാണ രാമൻ - 310 കോടി ഡോളർ എന്നിവരാണ് പട്ടികയിൽ മുന്നിലുള്ള മറ്റ മലയാളികൾ.
What's Your Reaction?






