ജപ്തിക്കിടെ കള്ളക്കേസ് ആരോപണം; അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

റിപ്പോർട്ട് :ബൈഷികുമാർ

Jun 7, 2026 - 19:57
ജപ്തിക്കിടെ കള്ളക്കേസ് ആരോപണം; അടൂരിൽ രോഗിയായ കുടുംബനാഥനെ കള്ളക്കേസിൽ കുടുക്കിയതായി പരാതി

സ്വകാര്യ ബാങ്കിന്റെ ജപ്തി മൂലം പെരുവഴിയിലായ കുടുംബനാഥനെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതായി കുടുംബത്തിൻ്റെ പരാതി. ജപ്തിയിൽ ഉൾപ്പെടാത്ത സഹോദരിയുടെ വാഹനം ജപ്തി ചെയ്ത വസ്തുവിൽ നിന്ന് എടുത്തതിനാണ് പൊലീസ് നടപടി. അടൂർ സ്വദേശി റോയിയെ മോഷണക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ഷെഡ്യൂൾ ബാങ്കാണ് റോയിയുടെ വസ്തുവകകൾ സർഫാസി നിയമപ്രകാരം ജപ്തി ചെയ്തത്. ദിവസങ്ങൾക്കു മുമ്പ് ജപ്തി നടക്കുമ്പോൾ റോയിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു എന്ന് റോയിയുടെ ഭാര്യ ഷീജ പറഞ്ഞു. രോഗിയായ റോയി ആശുപത്രി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത് സഹോദരിയുടെ കാർ ആയിരുന്നു. ബാങ്ക് അധികൃതർ ജപ്തി നടപ്പാക്കി ഗേറ്റ് സീൽ ചെയ്തപ്പോൾ ഗേറ്റിന് ഉള്ളിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്. ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും കാർ വിട്ടു നൽകാതെ വന്നതോടെയാണ് റോയ് കാർ എടുത്തത്.എന്നാൽ പൊലീസ് റോയിയെ മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് കുടുംബം പറയുന്നു. നടന്നത് നിയമവിരുദ്ധമായ അറസ്റ്റ് എന്ന് സിപിഐഎം ഏരിയ സെക്രട്ടറി എസ് മനോജ് പ്രതികരിച്ചു. ബാങ്ക് സീൽ ചെയ്ത പുരയിടത്തിനുള്ളിലാണ് കാറെന്നും അതിനാൽ ബാങ്കിൻറെ അനുമതിയില്ലാതെ കാർ എടുത്തത് മോഷണം കുറ്റമായി കണക്കാക്കാം എന്നാണ് പൊലീസിന്റെ നിലപാട്. രോഗിയായ റോയ് മാത്യുവിനോട് പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറി എന്നാണ് ഉയരുന്ന ആരോപണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0