മിനുട്സ് ക്രമരഹിതം; ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ കടുപ്പിച്ച് ഹൈക്കോടതി

റിപ്പോർട്ട് :ബൈഷികുമാർ

Nov 5, 2025 - 09:26
മിനുട്സ് ക്രമരഹിതം; ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ കടുപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ദേവസ്വം ബോർഡിന്റെ മിനുട്‌സ് ക്രമരഹിതമെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റി വിശ്വാസ്യതയില്ലാത്ത ആളാണെന്നും പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. സ്വർണ്ണക്കവർച്ചയിൽ അഴിമതിയുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.2025 ജൂലൈ 28 വരെയുള്ള മിനുട്സ് ക്രമരഹിതമാണ്. സെപ്റ്റംബറിൽ ദ്വാരപാലകപ്പാളി കൊണ്ടുപോയ സമയത്തും മിനുട്സ് ബുക്കിൽ രേഖപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തി. ദ്വാരപാലക ശിൽപ്പങ്ങളുടെയും വാതിലിന്റെയും പകർപ്പ് സൃഷ്‌ടിക്കാനുള്ള അളവെടുക്കാൻ നന്ദൻ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശിൽപ്പപാളിയും വാതിൽപ്പാളിയും ഇളക്കിമാറ്റിയാണ് നന്ദൻ അളവെടുത്തത്. നട തുറന്നിരുന്ന സമയത്ത് മേൽശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ്. ദേവസ്വം ബോർഡ് രേഖാമൂലമുള്ള അനുമതിയില്ലാതെയായിരുന്നു അളവെടുപ്പ്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉണ്ണികൃഷ്‌ണൻ പോറ്റിയുംതമ്മിലുള്ള ഇടപാടുകൾ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിന്. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണം. 2025ൽ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ അടിയന്തിര സാഹചര്യം സൃഷ്‌ടിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോർഡ് അധികൃതർ ബോധപൂർവ്വം ലംഘിച്ചുവെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.ക്ഷേത്ര സ്വത്ത് സംരക്ഷിക്കാൻ ബാധ്യതയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയെന്നും ഹൈക്കോടതി വിമർശിച്ചു. ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ ഹൈക്കോടതി പ്രതിജ്ഞാബദ്ധമാണ്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമോയെന്ന് എസ്പെഐടി പരിശോധിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. സ്വമേധയാ സ്വീകരിച്ച പുതിയ ഹർജിഹൈക്കോടതി മൂന്നാഴ്‌ചയ്ക്ക് ശേഷം പരിഗണിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0