കാണാതായ 7പവനോളം സ്വര്‍ണം 9വര്‍ഷം മുമ്പ് സൗജന്യമായി അയല്‍വാസി നല്‍കിയ അലമാരയില്‍; മാതൃകയായി ബാബുവും കുടുംബവും

റിപ്പോർട്ട് :ബൈഷികുമാർ

Apr 6, 2026 - 12:14
കാണാതായ 7പവനോളം സ്വര്‍ണം 9വര്‍ഷം മുമ്പ് സൗജന്യമായി അയല്‍വാസി നല്‍കിയ അലമാരയില്‍; മാതൃകയായി ബാബുവും കുടുംബവും

ഇടുക്കി: ഒമ്പത് വര്‍ഷം മുമ്പാണ് ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശേരില്‍ ബാബുവിനും കുടുംബത്തിനും അയല്‍വാസിയായ വെള്ളയാംകുടി കൈനിക്കുന്നേല്‍ ജിജോ സൗജന്യമായി ഒരു അലമാര നല്‍കിയത്. അധ്യാപകനായ ജിജോയുടെ അമ്മ ഉപയോഗിച്ചിരുന്ന അലമാര ആയിരുന്നു അത്. 11വര്‍ഷം മുമ്പ് ഒരു അപകടത്തിലാണ് ജിജോയുടെ അമ്മ മരിച്ചത്. മരണശേഷം ജിജോ അമ്മയുടെ ആഭരണങ്ങള്‍ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം.ജിജോ ബാബുവിന് നല്‍കിയ അലമാരയില്‍ തുറക്കാന്‍ കഴിയാതെ ഒരു അറ ഉണ്ടായിരുന്നു. അതിനുള്ളില്‍ ഈ സ്വര്‍ണം ഉണ്ടെന്ന് അറിയാതെയാണ് ഒമ്പത് വര്‍ഷം മുമ്പ് വീട് വിറ്റ് ഫ്‌ളാറ്റിലേക്ക് മാറിയ ബാബുവിന് ജിജോ പഴയ സ്റ്റീല്‍ അലമാര നല്‍കിയത്. കഴിഞ്ഞ ദിവസമാണ് തുറക്കാന്‍ കഴിയാത്ത അലമാരയിലെ അറ ഇളക്കിയെടുക്കാന്‍ ബാബു തീരുമാനിച്ചത്. അപ്പോഴാണ് അതിന്റെ പിന്‍വശത്തെ തട്ടില്‍ ആഭരണങ്ങള്‍ കണ്ടെത്തിയത്.

ഏഴു പവനോളം വരുന്ന മാല, വള, കമ്മല്‍, കൊന്ത എന്നിവയും 7000രൂപയുമാണ് ഈ അറയില്‍ സുരക്ഷിതമായി ഇരുന്നത്. പണം നിരോധിച്ച പഴയ നോട്ടുകളുടേതാണ്. സ്വര്‍ണം ലഭിച്ചതിന് പിന്നാലെ തന്നെ ജിജോയെ ബാബു വിവരം അറിയിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയുടെ ആഭരണങ്ങള്‍ ജിജോയുടെ പക്കല്‍ സുരക്ഷിതമായി എത്തി.കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ബീന സിബിയുടെ സാന്നിധ്യത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആഭരണങ്ങള്‍ ബാബു ജിജോയ്ക്ക് കൈമാറി. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം വീട് വിറ്റ് വാടകയ്ക്ക് താമസിക്കുകയാണ് ബാബുവും കുടുംബവും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0